നടൻ സൽമാൻ ഖാൻ്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് സഹോദരൻ അർബാസ് ഖാൻ. സലീം കുടുംബം വിഷയം ഗൗരവമായി കാണുന്നില്ല എന്ന തരത്തിൽ തെറ്റായ പ്രചരണങ്ങൾ കേൾക്കുന്നുണ്ടെന്നും എന്നാൽ അതൊന്നും സത്യമല്ലെന്നും അർബാസ് ഖാൻ പ്രതികരിച്ചു. സംഭവത്തിൽ കുടുംബം അസ്വസ്ഥരാണ്. സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്. മുംബൈ പൊലീസിൽ തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും കുടുംബത്തെ സംരക്ഷിക്കാൻ തങ്ങളാൽ കഴിയുന്നത് ചെയ്യുമെന്നും അർബാസ് ഖാൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
അർബാസ് ഖാന്റെ പോസ്റ്റിന്റെ പൂർണ രൂപം:
സലിം ഖാൻ കുടുംബത്തിൻ്റെ വസതിയായ ഗാലക്‌സി അപ്പാർട്ട്‌മെൻ്റിൽ അജ്ഞാതരായ രണ്ട് പേർ മോട്ടോർ സൈക്കിളിൽ വെടിയുതിർത്ത സംഭവം വളരെ ഞെട്ടിക്കുന്നതും അസ്വസ്ഥതയുളവാക്കുന്നതുമാണ്. ഈ സംഭവം ഞങ്ങളുടെ കുടുംബത്തെ ഞെട്ടിച്ചിരിക്കുകയാണ്. നിർഭാഗ്യവശാൽ ഞങ്ങളുടെ കുടുംബവുമായി അടുപ്പമുണ്ടെന്ന് അവകാശപ്പെടുന്നവരും വക്താവായി നടിക്കുന്നവരുമായ ചിലർ മാധ്യമങ്ങളോട് പ്രസ്താവനകൾ നടത്തുന്നത് അതെല്ലാം ഒരു പബ്ലിസിറ്റി സ്റ്റണ്ടാണെന്നും കുടുംബത്തെ ബാധിക്കാതെ തുടരുന്നുവെന്നുമാണ്, ഇത് ശരിയല്ല, ഈ കാഴ്ചപ്പാടുകൾ ഗൗരവമായി കാണേണ്ടതില്ല. സലിം ഖാൻ കുടുംബത്തിലെ ഒരു അംഗവും സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. ഈ സമയം ഈ അനിഷ്ട സംഭവത്തിൻ്റെ അന്വേഷണത്തിൽ കുടുംബം പോലീസിനെ സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്നു. ഞങ്ങൾക്ക് മുംബൈ പോലീസിൽ വിശ്വാസമുണ്ട്, ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനും സുരക്ഷിതമാക്കാനും അവർ തങ്ങളുടെ കഴിവിൻ്റെ പരമാവധി ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി.
ഞായറാഴ്ച പുലർച്ചെ മുംബൈയിലെ ബാന്ദ്ര ഏരിയയിലുള്ള ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ്റെ വസതിക്ക് നേരെ മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പ്രതികൾ അഞ്ച് റൗണ്ട് വെടിയുതിർത്തത്. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി കഴിഞ്ഞ ദിവസം അറസ്റ്റിലായി. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജിൽ നിന്നാണ് രണ്ട് പ്രതികളെ പിടികൂടിയതെന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു. വെടിവയ്പ്പിന് ശേഷം മുംബൈയിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികളെയും ഗുജറാത്തിലെ ഭുജിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി ഇവരെ മുംബൈയിലേക്ക് കൊണ്ടുവരുമെന്നും പൊലീസ് വ്യക്തമാക്കി. 14-ന് പുലർച്ചെയാണ് സൽമാൻ ഖാൻ്റെ വസതിക്ക് നേരെ അക്രമികൾ വെടിവച്ചത്. അഞ്ച് റൗണ്ട് വെടിവച്ചതായാണ് പൊലീസ് വ്യക്തമാക്കിയത്. സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര നവനിർമ്മാൺ തലവൻ രാജ് താക്കറെ സൽമാന്റെ വസതിയിലെത്തിയിരുന്നു.
ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ നോട്ടപുള്ളികളിൽ 10 അംഗ ഹിറ്റ്‌ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സൽമാൻ ഖാനെന്ന് കഴിഞ്ഞ വർഷം എൻഐഎ വെളിപ്പെടുത്തിയിരുന്നു. സൽമാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം. വേട്ടയാടൽ ബിഷ്ണോയ് സമൂഹത്തെ വേദനിപ്പിച്ചെന്നാണ് ലോറൻസ് ബിഷ്ണോയ് പറയുന്നത്.