'എന്തിനാണ് അന്യഭാഷയില്‍ നിന്ന് ജൂറി'; തോന്നിയ പോലെ ചെയ്തിട്ട് ജൂറിയുടെ പേര്‍സ്‌പെക്റ്റീവെന്ന് പറയുന്നതില്‍ കാര്യമുണ്ടോയെന്ന് ഷൈന്‍ ടോം

'എന്തിനാണ് അന്യഭാഷയില്‍ നിന്ന് ജൂറി'; തോന്നിയ പോലെ ചെയ്തിട്ട് ജൂറിയുടെ പേര്‍സ്‌പെക്റ്റീവെന്ന് പറയുന്നതില്‍ കാര്യമുണ്ടോയെന്ന് ഷൈന്‍ ടോം
Published on

2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തെ വിമര്‍ശിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. മലയാള സിനിമ വിലയിരുത്തുന്നതിന് എന്തിനാണ് അന്യഭാഷയില്‍ നിന്നുള്ളവരെ ജൂറിയായി വിളിക്കുന്നത്. തോന്നിയത് പോലെ ചെയ്തിട്ട് പിന്നെ അത് ജൂറിയുടെ പെര്‍സ്‌പെക്റ്റീവാണെന്ന് പറയുന്നതില്‍ എന്താണ് കാര്യമെന്ന് ഷൈന്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

പിന്നെ ബീഡി വലിച്ചും കള്ള് കുടിച്ചും നടക്കുന്ന ഭാസി പിള്ളക്ക് മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് കിട്ടില്ല. ഭാസി പിള്ളയ്ക്ക് പക്ഷെ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. അതില്ലാത്തതുകൊണ്ട് തന്നെയാണ് ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ പരസ്യമായി വിമര്‍ശനം അറിയിച്ചതെന്നും ഷൈന്‍ വ്യക്തമാക്കി.

'നമ്മള്‍ എല്ലാ വിഭാഗത്തിലും അവാര്‍ഡ് പ്രതീക്ഷിക്കുന്നുണ്ട്. നമ്മള്‍ അവാര്‍ഡ് കിട്ടാനല്ല പെര്‍ഫോം ചെയ്യുന്നതെങ്കിലും നമ്മള്‍ ഒരു കാര്യം ചെയ്യുന്ന സമയത്ത് അത് പ്രതീക്ഷിക്കും. പരീക്ഷകള്‍ എഴുതുകയും കലോത്സവത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നത് എന്തിനാണ് നമ്മള്‍. നമ്മള്‍ ടോപ്പിലെത്തണം എന്ന ആഗ്രഹം ഉണ്ടാകുമല്ലോ. അപ്പോള്‍ അഭിനേതാക്കള്‍ക്കും അതായിക്കൂടെ', എന്നും ഷൈന്‍ ചോദിക്കുന്നു.

മറ്റ് ഭാഷയില്‍ നിന്നാണ് ജൂറി എങ്കില്‍ അത് മലയാളത്തിനേക്കാളും മികച്ച സിനിമകള്‍ ചെയ്യുന്ന സ്ഥലത്ത് നിന്നായിരിക്കണം. അങ്ങനെയാണെങ്കില്‍ കുഴപ്പമില്ല. ഇപ്പോള്‍ എന്തായാലും മികച്ചതാണോ അല്ലെയോ എന്ന് എല്ലാവര്‍ക്കും മനസിലായില്ലേ എന്നും ഷൈന്‍ പറഞ്ഞു.

'എനിക്ക് ഈ അവാര്‍ഡിന്റെ മാനദണ്ഡങ്ങള്‍ ഒന്നും അറിയില്ല. ഞാന്‍ കമല്‍ സാറിനോട് ഇതേ കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, അത് വിട്ടേക്ക്, കിട്ടേണ്ട സമയത്ത് നിനക്ക് കിട്ടുമെന്ന്. നമ്മള്‍ ഒരിക്കലും അവാര്‍ഡ് പ്രതീക്ഷിച്ചല്ല അഭിനയിക്കുന്നത്. മികച്ചതാവാന്‍ വേണ്ടി നന്നായി അഭിനയിക്കുക എന്നത് മാത്രമാണ്. എന്നിരുന്നാലും സിനിമ ഇറങ്ങി ആളുകളുടെ പ്രതികരണം കേള്‍ക്കുമ്പോള്‍ നമുക്കൊരു സ്വയം വിലയിരുത്തല്‍ ഉണ്ടാകുമല്ലോ. അത് എന്തായാലും ചെയ്യണം. അതൊരിക്കലും സ്വാര്‍ത്ഥതയല്ലെ'ന്നും ഷൈന്‍ ടോം അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in