അശ്ലീല വിഡിയോ നിർമ്മാണം; ശില്പ ഷെട്ടിക്ക് നേരിട്ട് ബന്ധമില്ലെന്ന് പോലീസ്

അശ്ലീല വിഡിയോ നിർമ്മാണം; ശില്പ ഷെട്ടിക്ക് നേരിട്ട് ബന്ധമില്ലെന്ന് പോലീസ്
Published on

അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് താരവുമായ ശില്പ ഷെട്ടിക്ക് നേരിട്ട് ബന്ധമില്ലെന്ന് മുംബൈ പോലീസ്. രാജ് കുന്ദ്രയുടെ വസതിയിലും ഓഫിസിലും നിന്ന് ചില അശ്ലീല വിഡിയോ ക്ലിപ്പുകൾ പൊലീസ് കണ്ടെടുത്തിരുന്നു. ഇതേ തുടർന്നാണ് രാജ് കുന്ദ്രയെയും അദേഹത്തിന്റെ ഓഫീസിലുള്ള ഐ ടി മേധാവിയെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

രാജ് കുന്ദ്രയുടെ വാട്സാപ് ചാറ്റുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അശ്ലീല സിനിമകളുടെ നിർമാണം, വിപണനം, പണമിടപാടുകൾ എന്നിവ സംബന്ധിച്ച് ഒട്ടേറെ വിവരങ്ങൾ ചാറ്റിലുണ്ടെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണു മൊബൈൽ ഫോൺ.

അശ്‌ളീല ചിത്രനിർമ്മാണവുമായി ബന്ധപ്പെട്ട് ഈ ഫെബ്രുവരിയിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പുതിയ അഭിനേതാക്കൾക്ക് വെബ് സീരീസുകളിലും ഹൃസ്വ ചിത്രങ്ങളിലും വേഷങ്ങൾ വാഗ്ദാനം ചെയ്യുകയും ഓഡിഷനിൽ നഗ്ന രംഗങ്ങൾ ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെതിരെ ചില സ്ത്രീകൾ ക്രൈംബ്രാഞ്ചിനെ സമീപിച്ചതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത് . അന്വേഷണത്തിന്റെ ഭാഗമായി ഒൻപത് പേരെ അറസ്റ്റ് ചെയ്തിരുന്നു. രാജ് കുന്ദ്രയുടെ കമ്പനിയുടെ ഇന്ത്യയുടെ പ്രവർത്തനങ്ങൾ നോക്കിനടത്തുന്ന ഉമേഷ് കാമത്ത് എന്ന വ്യക്തിയെയും അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ അറസ്റ്റാണ് അന്വേഷണം രാജ് കുന്ദ്രയിലേക്കും എത്തിച്ചത്.

രാജ് കുന്ദ്ര അശ്ലീല ആപ് വഴി 7.5 കോടി രൂപ വരുമാനമുണ്ടാക്കിയിട്ടുണ്ടെന്നാണു നിലവിൽ ലഭിച്ച വിവരം. കുന്ദ്ര തന്നെ നിർബന്ധിച്ച് അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടില്ലെന്ന് ഇതേ കേസിൽ ഫെബ്രുവരിയിൽ അറസ്റ്റിലായ നടി ഗെഹെന വസിഷ്ഠ് വ്യക്തമാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ ആപ്പുമായി ബന്ധപ്പെട്ട് മൂന്നു ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. കുന്ദ്രയുടെ പൊലീസ് കസ്റ്റഡി നാളെ അവസാനിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in