മമ്മൂട്ടിയെ പ്രധാനകഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം 'സൈന്യ'ത്തിന്റെ പിറവി ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നായിരുന്നുവെന്ന് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി. ചിത്രത്തിന്റെ ഗാനങ്ങളുള്‍പ്പടെ മികച്ച സ്വീകാര്യതയാണ് നേടിയതെന്നും, അങ്ങനെയൊരു ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമെന്നും ഷിബു ചക്രവര്‍ത്തി പറഞ്ഞു.
സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഷിബു ചക്രവര്‍ത്തിയായിരുന്നു സൈന്യത്തിന്റെ കഥയും ഗാനരചനയും നിര്‍വഹിച്ചത്. എസ്.എന്‍.സ്വാമിയുടേതായിരുന്നു തിരക്കഥ. ഇന്ത്യന്‍ എയര്‍ഫോഴ്സിനുള്ള ആദരമായിരുന്നു സൈന്യം.
ഷിബു ചക്രവര്‍ത്തിയുടെ വാക്കുകള്‍:
'നായര്‍ സാബിന്റെ ചിത്രീകരണം കഴിഞ്ഞ് ഞാനും ജോഷി സാറും എല്ലാവരും കൂടിയാണ് ശ്രീനഗറില്‍ നിന്ന് ബെംഗളൂരുവിലേച്ച് യാത്രതിരിച്ചത്. വിമാനം ബെന്‍ഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയാണ്, അപ്പോള്‍ ഒരു വശത്ത് എയര്‍ ഫോഴ്‌സ് വിമാനങ്ങളുടെ ഒരു സെക്ഷന്‍ ഉണ്ട്. വിമാനം താഴേക്ക് ഇറങ്ങുമ്പോള്‍ അത് കാണാം.
നമുക്ക് അടുത്തത് എയര്‍ഫോഴ്‌സ് പിടിച്ചാലോ എന്നാണ് അങ്ങോട്ട് നോക്കി ജോഷി സാര്‍ എന്നോട് ചോദിച്ചത്. അതുകേട്ട് ഞാനും ത്രില്ല്ഡ് ആയി. ഇവിടുന്നാണ് സൈന്യത്തിന്റെ പ്രോജക്ട് തുടങ്ങുന്നത്. തിരക്കഥയില്‍ സഹായിക്കാനായി എസ്.എന്‍.സ്വാമിയെ പോലുള്ള എഴുത്തുകാരൊക്കെ വന്നിരുന്നു. എങ്കിലും അന്ന് ബംഗളൂരുവിലെ ആ എയര്‍പോര്‍ട്ടിലാണ് സൈന്യം തുടങ്ങുന്നത്.
മമ്മൂട്ടി, മുകേഷ് എന്നിവരോടൊപ്പം ചിത്രത്തില്‍ ചെറുപ്പക്കാരുടെ ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു. ആ ഗ്രൂപ്പിലെ ഒരാളായിരുന്നു തമിഴില്‍ ഇന്നത്തെ സൂപ്പര്‍സ്റ്റാര്‍ ആയിട്ടുള്ള വിക്രം. ഹൈദരാബാദിലായിരുന്നു ചിത്രീകരണം, ആദ്യം തീരുമാനിച്ച ഡേറ്റ് മാറ്റേണ്ടി വന്നതുകൊണ്ട് കൊടും വേനലിലായിരുന്നു ഷൂട്ടിങ്.
വെങ്കിടേഷ് ആയിരുന്നു സൈന്യത്തിലെ ഗാനങ്ങള്‍ ചെയ്തത്. പാട്ടുകളില്‍ വലിയ പരീക്ഷണമായിരുന്നു അന്ന് നടത്തിയത്. ഇന്ത്യയില്‍ റാപ് മ്യൂസിക് വന്നുതുടങ്ങിയ കാലമായിരുന്നു അത്. അതിന്റെയൊരു പാറ്റേണ്‍ എനിക്കിഷ്ടപ്പെട്ടു. ഗദ്യവും പദ്യവും തമ്മില്‍ ഇടകലര്‍ത്തി ഉപയോഗിക്കാം. അങ്ങനെയാണ് 'ബാഗി ജീന്‍സും ഷൂസുമണിഞ്ഞ്' എന്ന ഗാനമെഴുതുന്നത്. റിയല്‍ റാപ്പ് എന്താണെന്നൊന്നും മനസിലാക്കി ചെയ്തതായിരുന്നില്ല അത്.
ചിത്രത്തിന്റെ അവസാന ഭാഗങ്ങള്‍ ചിത്രീകരിച്ചത് കൊല്ലം പാലരുവിയിലായിരുന്നു. ഏറ്റവും അത്യാധുനികമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചായിരുന്നു ആ ഭാഗങ്ങള്‍ ചിത്രീകരിച്ചത്. സൈന്യത്തിലെ 'നെഞ്ചില്‍ ഇട നെഞ്ചില്‍' എന്ന ഗാനം, സ്‌കൂളുകളിലും മറ്റും സ്വാതന്ത്ര്യദിനത്തിനൊക്കെ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ഈ ഗാനം കേള്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടായെന്ന് പലരും പറഞ്ഞിട്ടുണ്ട്. വളരെയധികം സന്തോഷമുണ്ട് അങ്ങനെയൊരു ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍', ഷിബു ചക്രവര്‍ത്തി പറഞ്ഞു.