ഫുട്ടേജ് ലൊക്കേഷനിൽ സുരക്ഷയൊരുക്കിയില്ല, അപകടപ്പെട്ടു; മഞ്ജുവാര്യരിൽ നിന്ന് നഷ്ടപരിഹാരമാവശ്യപ്പെട്ട് നടി; വാദം തള്ളി നിർമ്മാതാക്കൾ

ഫുട്ടേജ് ലൊക്കേഷനിൽ സുരക്ഷയൊരുക്കിയില്ല, അപകടപ്പെട്ടു; മഞ്ജുവാര്യരിൽ നിന്ന് നഷ്ടപരിഹാരമാവശ്യപ്പെട്ട് നടി; വാദം തള്ളി നിർമ്മാതാക്കൾ
Published on

ഓ​ഗസ്റ്റ് 23ന് റിലീസായ ഫുട്ടേജ് എന്ന സിനിമയുടെ ലൊക്കേഷനിൽ തനിക്ക് പരുക്കേറ്റത് മതിയായ സുരക്ഷയൊരുക്കാത്തതിനാലെന്ന് നടി ശീതൾ തമ്പി. ചികിൽസാ സഹായം നൽകിയില്ലെന്നും ചിത്രത്തിന്റെ നിര‍്മ്മാതാക്കളായ മഞ്ജു വാര്യർക്കും ബിനീഷ് ചന്ദ്രനും അയച്ച വക്കീൽ നോട്ടീസില‍് ശീതൾ തമ്പി. അഞ്ചു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് ശീതൾ തമ്പി ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഫുട്ടേജ് എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവാണ് നടി മഞ്ജു വാര്യർ. ശീതളിന്റെ വാദം തള്ളി നിർമ്മാതാക്കൾ രം​ഗത്തെത്തി. പരിക്ക് പറ്റിയപ്പോൾ ചികിത്സയും സഹായവും നൽകിയെന്നാണ് നിർമ്മാതാക്കൾ പ്രതികരിച്ചത്.

ചിമ്മിനി വനമേഖലയിലെ ചിത്രീകരണത്തിന് ഇടയിലായിരുന്നു ശീതൾ തമ്പിയ്ക്ക് പരിക്ക് പറ്റിയത്. സിനിമാ സെറ്റിൽ ആംബുലൻസ് പോലും ഒരുക്കിയിരുന്നില്ലെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു. സാധാരണയായി സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഫൈറ്റ് സീനുകൾ ഷൂട്ട് ചെയ്യുന്നത്. എന്നാൽ മതിയായ സുരക്ഷയില്ലാതെ നിരവധി തവണ ഷൂട്ട് ചെയ്യേണ്ടി വന്നതിനാലാണ് പരിക്കുണ്ടായതെന്ന് നോട്ടീസിൽ പറയുന്നു.

പരിക്കുമായി ബന്ധപ്പെട്ട് നടിയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ചികിത്സയ്ക്കുവേണ്ടി വലിയ രീതിയിൽ പണം ചിലവായെന്നും എന്നാൽ നിർമ്മാതാക്കളായ മൂവി ബക്കറ്റ് പല ഘട്ടങ്ങളിലായി നൽകിയത് ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണെന്നും നോട്ടീസിൽ പറയുന്നു. ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ഇതിന് ഉചിതമായ നഷ്ടപരിഹാരം നൽകാതെ മൂവി ബക്കറ്റ് മൗനം തുടരുകയാണെന്നും വക്കീൽ നോട്ടീസിൽ പറയുന്നുണ്ട്. നേരിട്ട് ആവശ്യപ്പെട്ടിട്ടും സഹായിക്കാത്തതിനാലാണ് വക്കീൽ നോട്ടീസ് അയച്ചതെന്ന് ശീതൾ തമ്പിയുടെ അഭിഭാഷകൻ മാധ്യമത്തോട് പറഞ്ഞു. ഫൂട്ടേജിൻ്റെ പ്രമോഷൻ വർക്കുകളിലെല്ലാം നടി സഹകരിച്ചുവെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
The Cue
www.thecue.in