ആന്‍ഡിയും റെഡും വീണ്ടും ; 25-ാം വാര്‍ഷികത്തില്‍ റീ റിലീസിനൊരുങ്ങി ‘ഷോഷാങ്ക് റിഡംപ്ഷന്’
‘ദ ഷോഷാങ്ക് റിഡംപ്ഷന്’ എന്ന ഹോളിവുഡ് ചിത്രം സിനിമാ പ്രേമികള്‍ക്ക് മറക്കാനാവാത്തതാണ്. സ്റ്റീഫന്‍ കിങ്ങിന്റെ നോവലിനെ അടിസ്ഥാനപ്പെടുത്തി ഫ്രാങ്ക് ഡറാബോണ്ട് സംവിധാനം ചെയ്ത ചിത്രം 1994ല്‍ റിലീസ് ചെയ്തപ്പോള്‍ തിയ്യേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായിട്ടാണ് ചിത്രത്തെ പ്രേക്ഷകര്‍ കാണുന്നത്.
വര്‍ഷങ്ങളായി ഐഎംഡിബി റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ചിത്രം റിലീസിന്റെ 25-ാം വാര്‍ഷികത്തില്‍ വീണ്ടും തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. 1994 സെപ്തംബര്‍ 22നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഈ വര്‍ഷം സെപ്തംബര്‍ 22,23,24 ദിവസങ്ങളില്‍ സിനിമ യുഎസിലെ തെരഞ്ഞെടുക്കപ്പെട്ട തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യും.
ആന്‍ഡി ഡഫ്രന്സ്, റെഡ് എന്നീ ജയില്‍ തടവുകാരുടെ സൗഹൃദവും ജയില്‍ ജീവിതവുമായിരുന്നു ചിത്രം. ഭാര്യയുടെ കൊലപാതകത്തില്‍ തെറ്റായി ജയിലില്‍ അടയ്ക്കപ്പെട്ട ആന്‍ഡിയും ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട റെഡും. ചിത്രത്തിലെ റെഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോര്ഗന് ഫ്രീമാന്‍ അടക്കം ഏഴ് ഓസ്കര് നോമിനേഷനുകളും ചിത്രം നേടിയിരുന്നു.