ഇന്ത്യൻ 2 വിന്റെ ഓഡിയോ ലോഞ്ചിൽ സംഗീതസംവിധായകൻ അനിരുദ്ധിനെ അഭിനന്ദിച്ച് സംവിധായകൻ ഷങ്കർ. കുത്ത് പാട്ട് മാത്രമല്ല ഏത് തരത്തിലുള്ള പാട്ട് ആവശ്യപ്പെട്ടാലും അത് മികച്ചതാക്കി കയ്യിലേക്ക് തരുന്ന സംഗീതസംവിധായകനാണ് അനിരുദ്ധ് എന്ന് ഷങ്കർ പറഞ്ഞു. ഇന്ത്യൻ 2 വിന് വേണ്ടി അദ്ദേഹം ചെയ്തതിൽ ഏറ്റവും പ്രയാസമേറിയ ഗാനം താത്ത വരാറ് എന്ന കുത്ത് പാട്ടാണ് എന്നും സിനിമയുടെ ഷൂട്ടിംഗ് മുതൽ ആരംഭിച്ച കമ്പോസിംഗിൽ സിനിമ തീരുമ്പോഴാണ് അവസാനിച്ചത് എന്നും ഇന്ത്യൻ 2 വിന്റെ ഓഡിയോ ലോഞ്ചിൽ ഷങ്കർ പറഞ്ഞു.
ഷങ്കർ പറഞ്ഞത്:
അനിരുദ്ധ് ഈ സിനിമയുടെ ഫെെനൽ മിക്സ് കഴിഞ്ഞുള്ള പാട്ടെല്ലാം എനിക്ക് അയച്ചു തന്നു, അത് കേട്ടപ്പോൾ തന്നെ വളരെ എനർജി തോന്നി. എന്റെ ഉറക്കമെല്ലാം അപ്പോൾ തന്നെ പോയി. പെട്ടന്നൊരു എനർജി വന്ന പോലെ. അതേ എനർജി നിങ്ങൾക്കും ലഭിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. അനിരുദ്ധിൽ എനിക്ക് ഇഷ്ടപ്പെട്ട കാര്യം എന്താണെന്നാൽ. അദ്ദേഹം നമുക്ക് ഒരു ട്യൂൺ തരും. അത് വളരെ നല്ലതായിരിക്കും. അങ്ങനെ ആണെങ്കിലും നമ്മൾ അത്ര തൃപ്തിയാവുന്ന ആൾ അല്ലല്ലോ? 99 ശതമാനം നന്നായി എന്ന് പറഞ്ഞാൽ കൂടി അദ്ദേഹം അത് സമ്മതിക്കില്ല, നിങ്ങൾ 100 ശതമാനം എന്ന് പറയുന്നത് വരെ ഞാൻ വർക്ക് ചെയ്യും എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെയാണ് അദ്ദേഹം ഈ സിനിമയിലെ പാട്ട് എല്ലാം ചെയ്തിരിക്കുന്നത്. ഞാൻ പറഞ്ഞാൽ വിശ്വസിക്കില്ലായിരിക്കും, അവർ ചെയ്തതിൽ തന്നെ ഏറ്റവും കഷ്ടപ്പെട്ട പാട്ട് താത്ത വരാറ് എന്ന കുത്ത് പാട്ടാണ്. എത്ര കുത്ത് പാട്ട് എഴുതും അദ്ദേഹം. ഈ സിനിമ ആരംഭിക്കുമ്പോൾ തുടങ്ങിയ കമ്പോസിംഗ് ഈ സിനിമ തീരുമ്പോഴാണ് താത്ത വരാറ് എന്ന ഗാനം കംമ്പോസിംഗ് തീർന്ന് റെക്കോർഡ് ചെയ്തത്. കുത്ത് പാട്ട് മാത്രമല്ല എന്ത് തരത്തിലുള്ള പാട്ട് കൊടുത്താലും അത് മികച്ചതാക്കാൻ കഴിവുള്ള ആളാണ് അനിരുദ്ധ്.
1996 ൽ ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമായ ഇന്ത്യൻ 2 ആണ് ഷങ്കറിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു ആക്ഷൻ ത്രില്ലർ ആയിരിക്കും എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നൽകിയത്. സമൂഹത്തിൽ പെരുകി വരുന്ന അഴിമതി തടയാനായി വീണ്ടും സേനാപതി തിരിച്ചെത്തുന്നതാണ് ഇന്ത്യൻ 2 വിന്റെ പ്രമേയമെന്നാണ് സൂചന.ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനും റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രാകുല്‍ പ്രീത്, ബോബി സിംഹ, സിദ്ധാര്‍ത്ഥ്, ഗുരു സോമസുന്ദരം, സമുദ്രക്കനി, എസ് ജെ സൂര്യ, കാളിദാസ് ജയറാം, പ്രിയ ഭവാനി ശങ്കർ, വിവേക്, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ 12ന് തിയറ്ററുകളിലെത്തും.