ചാനലുകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും നല്‍കുന്ന വീഡിയോ അഭിമുഖങ്ങള്‍ വ്യക്തിഹത്യ ചെയ്യുന്ന രീതിയില്‍ ട്രോള്‍ വീഡിയോയായി ദുരുപയോഗിക്കുന്നുവെന്ന് ഷൈന്‍ ടോം ചാക്കോ പരാതിയുന്നയിച്ചത് കഴിഞ്ഞ ദിവസമാണ്. താന്‍ പറയാത്ത കാര്യങ്ങള്‍ ട്രോള്‍ വീഡിയോയിലൂടെ പ്രചരിപ്പിക്കുന്നുവെന്നും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുവെന്നുമായിരുന്നു ഷൈന്‍ ടോം ചാക്കോ പറഞ്ഞത്. ഇതിന് പിന്നാലെ യൂ ട്യൂബിലെ വ്യാജ റിവ്യൂകള്‍ നല്ല സിനിമകളെ കൊല്ലുകയാണെന്ന വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടന്‍ ഷെയിന്‍ നിഗം.
അഭിമുഖങ്ങളില്‍ വ്യാജ റിവ്യൂവേഴ്‌സിനെതിരെ താന്‍ പറഞ്ഞത് സത്യമായിരിക്കുയാണെന്നും ഷെയിന്‍ നിഗം. ''ഞാന്‍ പറഞ്ഞ ഈ നിരൂപകരുടെ സംഘടന പ്രതികരിച്ചു തുടങ്ങി. അപ്പോള്‍ ഞാന്‍ പറഞ്ഞത് സത്യമാണ് എന്ന് എല്ലാവര്‍ക്കും മനസ്സിലായില്ലേ? പൈസയ്ക്കു വേണ്ടിയാണ് നിങ്ങള്‍ ഇതു ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പൈസ ഉണ്ടാക്കാന്‍ വേറെ വഴി നോക്കൂ. നല്ല സിനിമകളെ കൊന്ന് തിന്നരുത്. വ്യാജ നിരൂപകരെ ബഹിഷ്‌കരിക്കുക.'' ഷെയ്ന്‍ നിഗം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ബര്‍മുഡയാണ് ഷെയിന്‍ നായകനായ പുതിയ സിനിമ.
ഭൂതകാലം ഉള്‍പ്പെടെയുള്ള തന്റെ നല്ല സിനിമകളെ കീറിമുറിച്ച് റിവ്യൂ ഇട്ടവരെ ബഹിഷ്‌കരിക്കണമെന്ന് ഷെയിന്‍ നിഗം. റിവ്യൂ എന്ന പറഞ്ഞ് തുടങ്ങുന്ന വീഡിയോ ചാനലിലൂടെ തന്റെ സിനിമകളെ നിരന്തരം ടാര്‍ഗറ്റ് ചെയ്യുകയാണെന്ന് ഷെയിന്‍ നിഗം. കുറച്ചു പേരെ ടാര്‍ഗറ്റ് ചെയ്യുന്നൊരു ക്വട്ടേഷനാണ് ഇതെന്നും ഷെയിന്‍ നിഗം. റിവ്യൂ ചെയ്യുന്നവര്‍ക്ക് ഫണ്ട് കൊടുക്കണമെന്ന നില വന്നിരിക്കുകയാണെന്നും ഷെയിന്‍ നിഗം വിവിധ അഭിമുഖങ്ങളിലായി പറയുന്നു.