'കിന്നാരത്തുമ്പികൾ അഭിനയിച്ചതിന് കിട്ടിയ പ്രതിഫലം 25,000'; ആദ്യ കാലത്തെ പ്രതിഫലത്തെക്കുറിച്ച് ഷക്കീല

'കിന്നാരത്തുമ്പികൾ അഭിനയിച്ചതിന് കിട്ടിയ പ്രതിഫലം 25,000'; ആദ്യ കാലത്തെ പ്രതിഫലത്തെക്കുറിച്ച് ഷക്കീല
Published on

കിന്നാരത്തുമ്പികൾ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ അഞ്ച് ദിവസത്തേക്ക് 25000 രൂപയായിരുന്നു പ്രതിഫലമെന്ന് നടി ഷക്കീല. അന്നൊന്നും പണത്തിന്റെ വില തനിക്ക് അറിയുമായിരുന്നില്ല. ഒരു ദിവസം ഷൂട്ടിം​ഗിനിടെ ഭക്ഷണം ശരിയാവാതെ വന്നപ്പോൾ തിരിച്ച് ചെന്നെെയിലേക്ക് പോകണമെന്ന് പറയുകയും അവർ സമ്മതിക്കാതിരിക്കുകയും ചെയ്ത അവസരത്തിലാണ് അങ്ങനെയെങ്കിൽ ഒരു ലക്ഷം രൂപ തരണമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് ആവശ്യപ്പെട്ടത്. എന്നാൽ അവർ മറുത്തൊന്നും പറയാതെ ഒരു ദിവസത്തിന് ഒരു ലക്ഷം രൂപ നൽകിയെന്നും ഷക്കീല പറയുന്നു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെ രണ്ടാം ദിവസം ‘സദാചാരം എന്ന മിഥ്യ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഷക്കീല.

ഷക്കീല പറഞ്ഞത്:

കിന്നാരത്തുമ്പി സിനിമയില്‍ എനിക്ക് അഞ്ച് ദിവസത്തേക്ക് 25,000 രൂപയായിരുന്നു പ്രതിഫലം. ആ സിനിമ പക്ഷേ വലിയ ഹിറ്റായി. അതിന് ശേഷം ‘കാതര’ എന്ന സിനിമയിൽ അഭിനയിച്ചു. അതിന് ഒരു ദിവസം എനിക്കു ലഭിച്ചത് പതിനായിരം രൂപയാണ്. പത്തു ദിവസം ഷൂട്ട് ഉണ്ടായിരുന്നു. പത്ത് ദിവസം ഞാൻ ആലപ്പുഴയിൽ ഉണ്ടായിരുന്നു. ഞാൻ പറഞ്ഞു എനിക്ക് ചെന്നെെയിൽ പോകണം എനിക്ക് ഇവിടുത്തെ ഭക്ഷണം ശരിയാവുന്നില്ല എന്ന്. ചെന്നെെയിൽ പോയി മൂന്ന് ദിവസം പോയി നിന്നിട്ട് തിരിച്ചു വരാം എന്ന്. അവർ പറഞ്ഞു പോകരുത് നിങ്ങൾ ഈ ഷൂട്ടിം​ഗ് കംപ്ലീറ്റ് ചെയ്യണം എന്ന്. ഇത് ഞാൻ നിങ്ങളെ എന്റർടെയ്ൻ ചെയ്യിക്കാൻ വേണ്ടി വെറുതേ പറയുന്നതല്ല സത്യമാണ്. അന്നൊന്നും പൈസയുടെ വില എനിക്ക് അറിയില്ല. അപ്പോൾ ഞാൻ വെറുതെ ചോദിച്ചു അങ്ങനെയാണെങ്കിൽ എനിക്ക് ഒരു ലക്ഷം രൂപ തരണം എന്ന്. അവർ മറുത്തൊന്നും പറയാതെ അത് സമ്മതിച്ചു, അപ്പോൾത്തന്നെ പൈസയും തന്നു. മൂന്നു ദിവസം ഷൂട്ട് ചെയ്ത് നാലാം ദിവസം വിമാനടിക്കറ്റും നൽകി. പിന്നീട് ഷൂട്ട് കഴിഞ്ഞ ശേഷം രണ്ടു ലക്ഷം രൂപ അധികവും തന്നു. ഒരു ദിവസം എന്റെ പ്രതിഫലം ഒരു ലക്ഷം രൂപയെന്നാണ് അവർ കരുതിയിരുന്നത്. അത്രയും രൂപ ഞാൻ കണ്ടിട്ട് പോലുമില്ല അതുവരെ. ഇത് എന്റെ മൂന്നാമത്തെ സിനിമയുടെ പ്രതിഫലമാണ്. അതിന് ശേഷം ഞാൻ 3 ലക്ഷം രൂപ മുതൽ നാല് ലക്ഷം രൂപ വരെ ഞാൻ എന്റെ എല്ലാ കോൾ ഷീറ്റിനും പ്രതിഫലം വാങ്ങിച്ചു. ഒരു ദിവസം രണ്ട് കോൾഷീറ്റിൽ വരെ അഭിനയിച്ചിട്ടുണ്ട്.

എനിക്ക് അന്നൊന്നും ഇപ്പോൾ സംസാരിക്കുന്ന അത്ര പോലും മലയാളം അറിയുമായിരുന്നില്ല, അവർ എന്ത് പറഞ്ഞാലും എനിക്ക് മനസ്സിലാകുമായിരുന്നില്ല, ഡയലോ​ഗ് മനസ്സിലാകുമായിരുന്നില്ല. ഒരു സംബന്ധവുമില്ലാത്ത സീൻ ചെയ്യാൻ പറയും, ഞാൻ ചെയ്യും. അവസാനം ഇത് രണ്ട് സിനിമകളായിട്ട് വരും. അത് എനിക്ക് മനസ്സിലായി തുടങ്ങിയപ്പോൾ കേരളത്തിൽ ജോലി ചെയ്യില്ല ചെന്നെെയിലേക്ക് വരാൻ പറഞ്ഞു.അറുപത്തിയഞ്ചോളം ചെക്കുകൾ ബൗൺസ് ആയിട്ടുണ്ട്. അതിനുശേഷം ചെക്ക് വാങ്ങാറില്ല പണമായാണ് വാങ്ങിയിരുന്നത് എന്നും ഷക്കീല പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in