പുരസ്‌കാര നിര്‍ണയത്തില്‍ ഇടപ്പെട്ടില്ലെന്ന് അഭിനയിക്കുന്ന സര്‍ക്കാരിന് ഓസ്‌കാര്‍ നല്‍കണം: ഹോം വിവാദത്തില്‍ ഷാഫി പറമ്പില്‍

പുരസ്‌കാര നിര്‍ണയത്തില്‍ ഇടപ്പെട്ടില്ലെന്ന് അഭിനയിക്കുന്ന സര്‍ക്കാരിന് ഓസ്‌കാര്‍ നല്‍കണം: ഹോം വിവാദത്തില്‍ ഷാഫി പറമ്പില്‍
Published on

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് വിജയ് ബാബു നിര്‍മിച്ച ഹോമിനെ മനപൂര്‍വ്വം തഴഞ്ഞതാണെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. അവാര്‍ഡ് നിശ്ചയിച്ചതില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ഹോം സിനിമയെയും ഇന്ദ്രന്‍സിനെയും മനപ്പൂര്‍വ്വം തഴഞ്ഞതാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. പുരസ്‌കാര നിര്‍ണയത്തില്‍ ഇടപ്പെട്ടില്ലെന്ന് പറഞ്ഞ് അഭിനയിക്കുന്ന സര്‍ക്കാരിന് ഓസ്‌കാര്‍ അവാര്‍ഡ് നല്‍കണമെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.

പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ ഫെയ്‌സ്ബുക്കിലൂടെയും ഹോം സിനിമയെ പരിഗണിക്കാത്തതില്‍ ഷാഫി പറമ്പില്‍ പ്രതികരണം അറിയിച്ചിരുന്നു. 'ഹോം' സിനിമയിലെ ഇന്ദ്രന്‍സ് കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ച് അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ എന്നായിരുന്നും ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം ഹോം സിനിമ ജൂറി കണ്ടിട്ടില്ലെന്ന ആരോപണവുമായി നടന്‍ ഇന്ദ്രന്‍സ് രംഗത്തെത്തിയിരുന്നു. 'വിജയ് ബാബു നിരപരാധിയാണെങ്കില്‍ ജൂറി അവാര്‍ഡ് തീരുമാനം തിരുത്തുമോ. തനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമമില്ല. ഹൃദയം നല്ലതാണ്, എന്നാല്‍ ഹോമിനെ ഹൃദയത്തിനൊപ്പം ചേര്‍ത്ത് വെക്കാമായിരുന്നു. വിജയ് ബാബുവിനെതിരായ പരാതിയും ഹോം തഴയപ്പെടാന്‍ കാരണമായിരിക്കാം. ഒടിടി പ്ലാറ്റ്‌ഫോമിനെക്കുറിച്ച് പലരും അറിയുന്നത് ഹോം സിനിമ കണ്ടതിന് ശേഷമാണ്', എന്നും ഇന്ദ്രന്‍സ് പറഞ്ഞു.

എന്നാല്‍ നിര്‍മ്മാതാവ് വിജയ് ബാബുവിന്റെ കേസ് ജൂറിയെ സ്വാധീനിച്ചിട്ടില്ലെന്ന് ജൂറി ചെയര്‍മാന്‍ സയ്യിദ് മിശ്ര വ്യക്തമാക്കി. 'എനിക്ക് ഹോം സിനിമയുടെ നിര്‍മാതാവുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചൊന്നും അറിയില്ലായിരുന്നു. ഇന്നാണ് ഞാന്‍ അതേ കുറിച്ച് അറിയുന്നത്. അതുകൊണ്ട് ആ വിഷയം ജൂറിയെ സ്വാധീനിച്ചിട്ടില്ല. അതൊരിക്കലും ജൂറിയെ സ്വാധീനിക്കാനും പാടില്ല. കാരണം സിനിമ എന്നത് ഒരു വ്യക്തിയെയോ അയാളുടെ സ്വഭാവത്തെയോ ബന്ധപ്പെട്ട വിഷയമല്ല. സിനിമ സിനിമയാണ്. എല്ലാ ജൂറി മെമ്പര്‍മാരും ഐകകണ്‌ഠേനെയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഒരു വിഭാഗത്തിലും അവസാന ഘട്ടത്തില്‍ ഹോം ഉണ്ടായിരുന്നില്ല,' എന്നാണ് സയ്യിദ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in