എമർജൻസി നിരോധിക്കണം, കങ്കണ റണൗട്ടിനെതിരെ കേസെടുക്കണം, പഞ്ചാബിൽ വ്യാപക പ്രതിഷേധം

എമർജൻസി നിരോധിക്കണം, കങ്കണ റണൗട്ടിനെതിരെ കേസെടുക്കണം, പഞ്ചാബിൽ വ്യാപക പ്രതിഷേധം
Published on

ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട് സംവിധാനം നിര്‍വഹിച്ച 'എമര്‍ജന്‍സി' എന്ന ചിത്രം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് പഞ്ചാബില്‍ പ്രക്ഷോഭം. ചിത്രം അടുത്ത മാസം തിയറ്ററില്‍ റിലീസ് ചെയ്യാനിരിക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്. സിനിമ സിഖ് വിരുദ്ധമാണെന്നും സിഖുകാരെ മോശമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ഉയരുന്നത്. 1975ലെ അടിയന്തരാവസ്ഥ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് എമര്‍ജന്‍സി. സിനിമയില്‍ സിഖ് വിരുദ്ധതയുണ്ടെന്നും അതുകൊണ്ട് ചിത്രം സംസ്ഥാനത്ത് നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റിയാണ് (എസ്ജിപിസി) രംഗത്ത് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ ഓഗസ്റ്റ് 14ന് പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെയാണ് വിവാദം ശക്തമാകുന്നത്. സിഖുകാരെ സ്വഭാവഹത്യ ചെയ്തതിന് കങ്കണയ്‌ക്കെതരെ കേസെടുക്കണമെന്നാണ് എസ്ജിപിസി കമ്മിറ്റി ആവശ്യപ്പെടുന്നത്.

സിഖുകാരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്ന് എസ്ജിപിസി പ്രസിഡണ്ട് ആയ ഹര്‍ജീന്ദര്‍ സിങ് ദാമി പറഞ്ഞു. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനെയും ദാമി വിമര്‍ശിച്ചു. ഇത്തരത്തിലുള്ള സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കുകയും മറ്റു സിനിമകളെ വിലക്കുകയും ചെയ്യുന്ന സെന്‍സര്‍ ബോര്‍ഡിന് പക്ഷപാതിത്വമുണ്ടെന്ന് ദാമി പറഞ്ഞു. ചിത്രം സെപ്റ്റംബര്‍ 6ന് തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. കങ്കണയുടെ തന്നെ നിര്‍മ്മാണകമ്പനിയായ മണികര്‍ണ്ണിക ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

കൊല്ലപ്പെട്ട സിഖ് തീവ്രവാദി ജര്‍നൈല്‍ സിംഗ് ഭിന്ദ്രന്‍വാലെ, പ്രത്യേക സിഖ് സംസ്ഥാനത്തിന് പകരം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വോട്ട് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത് ട്രെയിലറില്‍ കാണിച്ചിരുന്നു. ഇതാണ് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. സിഖ് നേതാവ് സരബ്ജിത് സിംഗ് ഖല്‍സയാണ് ട്രെയിലര്‍ പുറത്തിറങ്ങിയതിന് ശേഷം ചിത്രത്തിനെതിരെ ആദ്യം എതിര്‍പ്പുമായി മുന്നോട്ടു വന്നത്. പിന്നീട് പഞ്ചാബിലെ മുന്‍ ഭരണകക്ഷിയായ ശിരോമണി അകാലിദള്‍ (എസ്എഡി) ചിത്രത്തിന്റെ റിലീസിനെ എതിര്‍ത്തുകൊണ്ട് മുന്നോട്ട് വന്നു. ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി മാന്‍ ഭഗവന്തിനോട് ഭരണകക്ഷി ആവശ്യപ്പെടുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in