54മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലേക്കുള്ള സിനിമകളെ പ്രഖ്യാപിച്ചു. 25 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് ഐ എഫ് എഫ് ഐ യിൽ പ്രദർശിപ്പിക്കുക ഇതിൽ ഏഴ് എണ്ണം മലയാള ചിത്രങ്ങൾ ആണ്. മലയാളത്തിൽ നിന്ന് 'ആട്ടം' എന്ന ചിത്രം ഓപ്പണിങ് ഫീച്ചർ ഫിലിം ആയി പ്രദർശിപ്പിക്കുമ്പോൾ മണിപ്പുരി ചിത്രം 'ആൻഡ്രോ ഡ്രീംസ്' ആണ് ഓപ്പണിങ് നോൺ ഫീച്ചർ വിഭാഗത്തിൽ പ്രദർശിപ്പിക്കുക. നവംബർ 20 മുതൽ 28 വരെ ഗോവയിലാണ് ഐ എഫ് എഫ് ഐ അരങ്ങേറുന്നത്.
മലയാളത്തിൽ നിന്ന് ഫീച്ചർ ഫിലിം വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമകൾ ഇവയൊക്കെയാണ് :
1. ആട്ടം - സംവിധാനം : ആനന്ദ് ഏകർഷി
2. ഇരട്ട - സംവിധാനം : രോഹിത് എം ജി കൃഷ്ണൻ
3. കാതൽ - സംവിധാനം : ജിയോ ബേബി
4. മാളികപ്പുറം - സംവിധാനം : വിഷ്ണു സായി ശങ്കർ
5. ന്നാ താൻ കേസ് കൊട് - സംവിധാനം : രതീഷ് ബാലകൃഷ്ണൻ പൊതുവാൾ
6. പൂക്കാലം - സംവിധാനം : ഗണേഷ് രാജ്
മെയിൻസ്ട്രീം വിഭാഗത്തിലേക്ക് ജൂഡ് ആന്തണി ജോസഫ് ചിത്രം '2018 എവെരിവൺ ഈസ് എ ഹീറോ' എന്ന ചിത്രവും പ്രദർശിപ്പിക്കും. ആനന്ദ ജ്യോതി സംവിധാനം ചെയ്ത മലയാള ചിത്രം 'ശ്രീ രുദ്രം' നോൺ ഫീച്ചർ വിഭാഗത്തിൽ പ്രദർശിപ്പിക്കും. തമിഴിൽ നിന്ന് വെട്രിമാരൻ ചിത്രം 'വിടുതലൈ ഒന്നാം ഭാഗം' ഫീച്ചർ ഫിലിം വിഭാഗത്തിൽ പ്രദർശിപ്പിക്കുമ്പോൾ മണിരത്‌നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ പാർട്ട് 2' മെയിൻസ്ട്രീം വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഹിന്ദിയിൽ നിന്ന് സുദീപ്‌തോ സെൻ ചിത്രം 'കേരള സ്റ്റോറി', രാഹുൽ വി ചിറ്റല്ല സംവിധാനം ചെയ്ത 'ഗുൽമോഹർ' എന്നീ ചിത്രങ്ങൾ മെയിൻസ്ട്രീം വിഭാഗത്തിൽ പ്രദർശിപ്പിക്കും.