കാണ്‍പൂരിലെ ബ്രാഹ്മണര്‍ മാത്രം എന്ത് കൊണ്ട് എതിര്‍ക്കുന്നു ? ‘ആര്‍ട്ടിക്കിള്‍ 15’ പ്രദര്‍ശനം തടഞ്ഞതിനെതിരെ സംവിധായകന്‍
ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയുടെ പുതിയ ചിത്രമായ ആര്‍ട്ടിക്കിള്‍ 15 ന്റെ പ്രദര്‍ശനം കാണ്‍പൂരില്‍ തടഞ്ഞതിനെതിരെ സംവിധായകന്‍ അനുഭവ് സിന്‍ഹ. മറ്റ് സംസ്ഥാനങ്ങളിലും ജില്ലകളിലുമെല്ലാം യാതൊരു കുഴപ്പുവുമില്ലാതെ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തോട് എന്തുകൊണ്ടാണ് കാണ്‍പൂരിലെ ബ്രാഹ്മണര്‍ മാത്രം എതിര്‍പ്പ് പ്രകടിപ്പിക്കുന്നതെന്ന് സംവിധായകന്‍ ചോദിച്ചു.
ഇന്ത്യയിലെ ജാതി വ്യവസ്ഥയും വിവേചനവും അതിന്റെ പേരില്‍ ദളിതരും താഴ്ന്ന ജാതിക്കാരും നേരിടുന്ന അക്രമങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രത്തിന്റെ പ്രദര്‍ശനം വെള്ളിയാഴ്ചയാണ് തടഞ്ഞത്. കാണ്‍പുരിലെ തിയ്യേറ്ററുകളിലെത്തിയ അക്രമികള്‍ സംവിധായകനെതിരെ മുദ്രാവാക്യം വിളിക്കുകയും പോസ്റ്ററുകള്‍ കീറുകയും ചെയ്തിരുന്നു. കൂടുതല്‍ അക്രമം മുന്നില്‍ കണ്ട് തിയ്യേറ്റര്‍ ഉടമകള്‍ സുരക്ഷ ഉറപ്പാക്കുന്നത് വരെ പ്രദര്‍ശനം നിര്‍ത്തി വയ്ക്കുകയായിരുന്നു.
ചിത്രത്തില്‍ ബ്രാഹ്മണരെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ചില സംഘടനകള്‍ എതിര്‍പ്പറിയിച്ചിരുന്നു. അണിയറ പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണികളും വന്നിരുന്നു. എന്നാല്‍ റിലീസ് ചെയ്തതിന് ശേഷം ചില സംഘടനകള്‍ ചിത്രത്തിന് ഗ്രീന്‍ സിഗ്നല്‍ നല്‍കിയിരുന്നു. ചിത്രം മികച്ച പ്രതികരണവുമായി മുന്നേറവെയാണ് കാണ്‍പൂരില്‍ മാത്രം പ്രദര്‍ശനം തടയുന്നത്.
ഇവരെ പ്രതിനിധീകരിച്ച് ഒരു സംഘടനയല്ല ഉള്ളത്. എങ്ങനെയാണ് വ്യത്യസ്ത ജില്ലകളിലെ വ്യത്യസ്ത സംഘടനകളുമായി ഞങ്ങള്‍ സംസാരിക്കുന്നത്. എങ്ങനെയാണ് മറ്റ് സ്ഥലങ്ങളില്‍ യാതൊരു പ്രശ്‌നവുമില്ലാതെ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തെ കാണ്‍പൂരിലെ ബ്രാഹമണര്‍ മാത്രം എതിര്‍ക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നടപടിയില്‍ ഞാന്‍ അതൃപ്തനാണ്.
അനുഭവ് സിന്‍ഹ
എല്ലാ പ്രദര്‍ശനത്തിനും ഫുള്‍ ബുക്കിങ്ങ് വരെ കഴിഞ്ഞ സമയത്താണ് അക്രമം ഉണ്ടാകുന്നത്. പൊലീസില്‍ പരാതിപ്പെട്ടിട്ടും മതിയായ സുരക്ഷ തരാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്ന് തിയ്യേറ്റര്‍ ഉടമകള്‍ പറഞ്ഞു. എന്നാല്‍ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കാണ്‍പുര്‍ എസ്പി ആനന്ദ് ദിയോ അറിയിച്ചു.
ആയുഷ്മാന്‍ ഖുറാന്ന നായകനാകുന്ന ആര്‍ട്ടിക്കിള്‍ 15 പറയുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15നെ ആസ്പദമാക്കിയാണ്. ജാതി മതം വര്‍ഗം ലിംഗം ജനനസ്ഥലം തുടങ്ങിയവയുടെ പേരില്‍ വിവേചനം പാടില്ലെന്ന ഭരണഘടനയെ എതിര്‍ത്തു കൊണ്ടുള്ള രാജ്യത്തെ സംഭവങ്ങള്‍ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 2014ല്‍ കൂലി കൂടുതല്‍ ചോദിച്ചതിന് രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ടബലാത്സംഘം ചെയ്ത സംഭവവമാണ് ചിത്രത്തിന്റെ പ്രമേയം.