‘ഒട്ടും ആശങ്കപ്പെടേണ്ടതില്ല, മലയാള സിനിമ മുന്നോട്ടു തന്നെ’; ‘ഇഷ്‌കി’ന് അഭിനന്ദവുമായി സത്യന്‍ അന്തിക്കാട്‌ 

‘ഒട്ടും ആശങ്കപ്പെടേണ്ടതില്ല, മലയാള സിനിമ മുന്നോട്ടു തന്നെ’; ‘ഇഷ്‌കി’ന് അഭിനന്ദവുമായി സത്യന്‍ അന്തിക്കാട്‌ 

Published on

നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌കിനെയും ചിത്രത്തിലെ അഭിനേതാക്കളെയും അഭിനന്ദിച്ച് സത്യന്‍ അന്തിക്കാട്. ചിത്രത്തിലെ അഭിനേതാക്കളായ ഷൈന്‍ ടോം ചാക്കോ, ഷെയ്ന്‍ നിഗം, ജാഫര്‍ ഇടുക്കി, ആന്‍ ശീതള്‍ തുടങ്ങിയവര്‍ അപരിചിതരല്ലെങ്കിലും ഇത്രയും മികച്ച അഭിനേതാക്കളാണെന്ന് തിരിച്ചറിയുന്നത് 'ഇഷ്‌ക്' കാണുമ്പോഴാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ഒട്ടും ആശങ്കപ്പെടേണ്ടതില്ല, മലയാള സിനിമ മുന്നോട്ടു തന്നെ’; ‘ഇഷ്‌കി’ന് അഭിനന്ദവുമായി സത്യന്‍ അന്തിക്കാട്‌ 
‘സെക്‌സി ദുര്‍ഗ കണ്ടിട്ടില്ല, ഇഷ്‌ക് ഫഹദിനെ നായകനാക്കി മുന്‍പ് പ്രഖ്യാപിച്ചത്’; കോപ്പിയടി ആരോപണങ്ങള്‍ക്ക് മറുപടിയുമായി അനുരാജ് മനോഹര്‍ 

ഒരു നല്ല സംവിധായകന്‍ ക്യാമറക്കു പിന്നില്‍ നില്‍ക്കുമ്പോഴാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത്. അനുരാജ് മനോഹര്‍ എന്ന പുതിയ സംവിധായകനെ നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുന്നു. നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്ന് ഒരു വിഷയം കണ്ടെത്തുക, അത് ഉള്ളില്‍ തട്ടും വിധം പ്രേക്ഷകരിലേക്ക് പകരുക - രണ്ടിലും സംവിധായകനും എഴുത്തുകാരനും വിജയിച്ചിരിക്കുന്നു. ഒട്ടും ആശങ്കപ്പെടേണ്ടതില്ല. മലയാള സിനിമ മുന്നോട്ടു തന്നെയാണ്- എല്ലാ അര്‍ത്ഥത്തിലും.

സത്യന്‍ അന്തിക്കാട്

‘ഒട്ടും ആശങ്കപ്പെടേണ്ടതില്ല, മലയാള സിനിമ മുന്നോട്ടു തന്നെ’; ‘ഇഷ്‌കി’ന് അഭിനന്ദവുമായി സത്യന്‍ അന്തിക്കാട്‌ 
ഷെയ്ന്‍ നിഗം അഭിമുഖം: ഇഷ്‌ക് മാസ് ആണോ?,സ്റ്റീവ് ലോപ്പസില്‍ നിന്ന് മാറാനുള്ള കാരണം

ലിജോ പെല്ലിശേരി, ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സഹസംവിധായകനായിരുന്ന അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഇഷ്‌ക്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സിവി സാരഥി, മുകേഷ് ആര്‍ മേത്ത, അനൂപ് എവി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സച്ചിദാനന്ദന്‍, വസുധ എന്നീ കഥാപാത്രങ്ങളെയാണ് ഷെയ്ന്‍ നിഗവും നായിക ആന്‍ ശീതളും അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോയും പ്രധാന റോളിലെത്തുന്നു. ചിത്രം മികച്ച പ്രതികരണവുമായി മുന്നോട്ട പോകുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

തിരഞ്ഞെടുപ്പും, അതിന്റെ കോലാഹലങ്ങളും കഴിഞ്ഞു. നമ്മളെങ്ങനെ തോറ്റു എന്നതിനെക്കുറിച്ചുള്ള 'താത്വികമായ അവലോകനങ്ങളും' കഴിഞ്ഞു. ഇപ്പോഴും വിഘടനവാദികളും പ്രതിക്രിയാവാദികളും തമ്മിലുള്ള 'അന്തര്‍ധാര സജീവമായിരുന്നു' എന്ന കണ്ടെത്തലിനു തന്നെയാണ് മുന്‍തൂക്കം.

ഈയടുത്ത ദിവസം ശ്രീ എം. പി. വീരേന്ദ്രകുമാര്‍ ഒരു സൗഹൃദസംഭാഷണത്തിനിടയില്‍ പറഞ്ഞു - 'സന്ദേശ'ത്തിലെ ഈ സംഭാഷണം ഇത്രയേറെ ശ്രദ്ധിക്കപ്പെടാന്‍ കാരണം അത് ശങ്കരാടി എന്ന അനുഗ്രഹീത നടന്‍ പറഞ്ഞതുകൊണ്ടാണ്.

വാസ്തവം!

കണ്മുന്നിലുള്ളപ്പോള്‍ അതിന്റെ വിലയറിയില്ലല്ലോ. ശങ്കരാടിയും ഒടുവില്‍ ഉണ്ണികൃഷ്ണനുമൊക്കെ അഭിനയകലയിലെ പകരം വെക്കാനില്ലാത്തവരാണെന്ന് നമ്മള്‍ പോലും തിരിച്ചറിയുന്നത് അവരുടെ അഭാവത്തിലാണ്.

അഭിനയമികവിന്റെ കാര്യത്തില്‍ ഇന്നും മലയാള സിനിമ സമ്പന്നമാണ്. നായകനടന്മാരെ മാറ്റി നിര്‍ത്തിക്കൊണ്ട് പറയാം. നമ്മുടെ സിദ്ധിഖ് ഇപ്പോള്‍ ഓരോ സിനിമയിലും നമ്മെ വിസ്മയിപ്പിക്കുകയല്ലേ. സംഭാഷണത്തിലും, ചെറിയ ചലനങ്ങളില്‍ പോലും എത്ര സ്വാഭാവികമായാണ് സിദ്ധിഖ് പെരുമാറുന്നത്. ഭരത് ഗോപിച്ചേട്ടന്റെ പാതയിലൂടെയാണ് സിദ്ധിക്കിന്റെ യാത്ര എന്ന് തോന്നാറുണ്ട്. സൗബിന്‍ ഷാഹിര്‍ മറ്റൊരു അത്ഭുതം.

ഇപ്പോള്‍ ഇതൊക്കെ ഓര്‍മ്മിക്കാന്‍ കാരണം 'ഇഷ്‌ക്' എന്ന സിനിമയാണ്. ഇത്തിരി വൈകിയാണ് 'ഇഷ്‌ക്' കണ്ടത്. ഷൈന്‍ ടോം ചാക്കോയും, ഷെയ്ന്‍ നിഗവും, ജാഫര്‍ ഇടുക്കിയുമൊന്നും നമുക്ക് അപരിചിതരല്ല. പക്ഷെ അവര്‍ ഇത്രയും മികച്ച അഭിനേതാക്കളാണെന്ന് തിരിച്ചറിയുന്നത് 'ഇഷ്‌ക്' കാണുമ്പോഴാണ്. നായിക ആന്‍ ശീതളും വളരെ സ്വാഭാവികമായി അഭിനയിച്ചിരിക്കുന്നു. ഒരു നല്ല സംവിധായകന്‍ ക്യാമറക്കു പിന്നില്‍ നില്‍ക്കുമ്പോഴാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത്.

അനുരാജ് മനോഹര്‍ എന്ന പുതിയ സംവിധായകനെ നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുന്നു.

നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്ന് ഒരു വിഷയം കണ്ടെത്തുക, അത് ഉള്ളില്‍ തട്ടും വിധം പ്രേക്ഷകരിലേക്ക് പകരുക - രണ്ടിലും സംവിധായകനും എഴുത്തുകാരനും വിജയിച്ചിരിക്കുന്നു.

ഒട്ടും ആശങ്കപ്പെടേണ്ടതില്ല. മലയാള സിനിമ മുന്നോട്ടു തന്നെയാണ്- എല്ലാ അര്‍ത്ഥത്തിലും.

logo
The Cue
www.thecue.in