നാല് ദിവസത്തെ രസകരമായ സംഭവങ്ങള്‍, തിരിച്ചുവരാന്‍ തോന്നിപ്പിച്ച സിനിമ
അഭിനയരംഗത്തേക്ക് തിരിച്ചുവരണമെന്ന് തോന്നിപ്പിച്ച കുറേ കാരണങ്ങള്‍ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയില്‍ ഉണ്ടെന്ന് സംവൃതാ സുനില്‍. വളരെ സ്‌പെഷ്യലാണ് ഈ സിനിമ. ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന് ശേഷം സംവൃത അഭിനയിക്കുന്ന ചിത്രവുമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന കെട്ടിടനിര്‍മാണ തൊഴിലാളിയായ സുനിയുടെ ഭാര്യ ഗീതയുടെ റോളിലാണ് സംവൃതാ സുനില്‍. ജൂലൈ 12ന് വെള്ളിയാഴ്ച ചിത്രം തിയറ്ററുകളിലെത്തും
സില്ലിമോങ്ക്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവൃതാ സുനില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
നാല് ദിവസത്തെ രസകരമായ സംഭവങ്ങളില്‍ കേന്ദ്രീകരിച്ചുള്ള സിനിമയാണ്. വലിയ ബഹളങ്ങളൊന്നുമില്ലാത്ത സിനിമയാണ്. എനിക്ക് തിരിച്ചുവരാന്‍ തോന്നിപ്പിച്ച സിനിമയെന്ന കാര്യങ്ങള്‍ തന്നെ പ്രേക്ഷകര്‍ക്കും ഈ സിനിമ ഇഷ്ടപ്പെടാനുള്ള കാരണമാകും
സംവൃതാ സുനില്‍
സജീവ് പാഴൂരാണ് തിരക്കഥ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന മുന്‍ചിത്രത്തില്‍ നിന്ന് പൂര്‍ണമായും മാറി നില്‍ക്കുന്ന ശൈലിയിലാണ് ഈ ചിത്രമെന്നാണ് സജീവ് പാഴൂര്‍ പറയുന്നത്. അലന്‍സിയര്‍, സുധി കോപ്പ, സൈജു കുറുപ്പ്, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് അഭിനേതാക്കള്‍.
ഉര്‍വശി തിയറ്റേഴ്‌സും ഗ്രീന്‍ ടിവിയും ചേര്‍ന്നാണ് നിര്‍മ്മാണം. രമാ ദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ഷഹനാദ് ജലാല്‍ ക്യാമറയും ബിജിബാല്‍ പശ്ചാത്തല സംഗീതവും. ഷാന്‍ റഹ്മാനും വിശ്വജിത്തുമാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.