94-ാമത് ഓസ്‌കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ബോളിവുഡ് സിനിമ സര്‍ദാര്‍ ഉദ്ധം തിരഞ്ഞെടുക്കാത്തതില്‍ വിശദീകരണവുമായി ജൂറി അംഗങ്ങള്‍. ഇന്ത്യക്ക് ബ്രിട്ടീഷുകാരോടുള്ള വിദ്വേഷം സിനിമയില്‍ പ്രകടമാണ്. ഈ ആഗോളവത്കരണത്തിന്റെ കാലത്ത് ഇത്തരം വിദ്വേഷങ്ങളില്‍ വീണ്ടും കടിച്ചു തൂങ്ങി നില്‍ക്കുന്നത് ശരിയല്ലെന്നാണ് ജൂറി അംഗമായ ഇന്ദ്രാദിപ് ദാസ്ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.
'ഒരുപാട് പേര്‍ക്ക് സര്‍ദാര്‍ ഉദ്ധം സിനിമയുടെ ക്യാമറ, സൗണ്ട് ഡിസൈന്‍ എന്നീ ഘടകങ്ങള്‍ കൊണ്ട് ഇഷ്ടമായി. പക്ഷെ സിനിമ വല്ലാതെ വലിച്ചു നീട്ടിയതായാണ് എനിക്ക് തോന്നിയത്. ക്ലൈമാക്‌സും വളരെ വൈകിപോയി. ജാലിയന്‍വാലാബാഗ് രക്തസാക്ഷികളുടെ യഥാര്‍ത്ഥ വേദന പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുപാട് സമയമെടുക്കുന്നു' എന്നാണ് മറ്റൊരു ജൂറി അംഗത്തിന്റെ അഭിപ്രായം.
അതേസമയം ആരാധകര്‍ ജൂറിയുടെ തീരുമാനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. 2008ലെ സ്ലംഡോഗ് മില്യണയറുമായി ആരാധകര്‍ സര്‍ദാര്‍ ഉദ്ധമിനെ താരതമ്യം ചെയ്യുന്നുമുണ്ട്. സ്ലംഡോഗ് മില്യണയര്‍ തിരഞ്ഞെടുത്തിട്ട് സ്വാതന്ത്ര്യ സമര സേനാനിയായ സര്‍ദാര്‍ ഉദ്ധം സിങ്ങിനെ കുറിച്ചുള്ള ചിത്രം എന്താണ് തിരഞ്ഞെടുക്കാത്തതെന്നാണ് ആരാധകരുടെ ചോദ്യം.
ഷൂജിത് സിര്‍കാര്‍ സംവിധാനം ചെയ്ത ചിത്രം വിപ്ലവകാരിയായ സര്‍ദാര്‍ ഉദ്ധം സിങ്ങിന്റെ കഥയാണ് പറയുന്നത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്കുള്ള പ്രതികാരമായി മൈക്കിള്‍ ഒഡ്വയറെ കൊലപ്പെടുത്തിയ സ്വാതന്ത്ര്യ സമര സേനാനിയാണ് സര്‍ദാര്‍ ഉദ്ധം സിങ്ങ്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ലഭിച്ചത്.