'മകൾ വൃക്കരോഗിയാണ്, ഓപ്പറേഷന് പതിനഞ്ച് ലക്ഷം രൂപ വേണം'; അപേക്ഷയുമായി സാറാസിലെ അമ്മായി

'മകൾ വൃക്കരോഗിയാണ്, ഓപ്പറേഷന് പതിനഞ്ച്  ലക്ഷം രൂപ വേണം'; അപേക്ഷയുമായി സാറാസിലെ അമ്മായി
Published on

'ഇത് മറ്റേതാ, ഫെമിനിസം’ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ് എന്ന സിനിമയിലെ ഈ ഡയലോഗ് പ്രേക്ഷകർ അത്ര പെട്ടന്ന് മറക്കില്ല. കേട്ടാൽ ആർക്കായാലും അരിശം തോന്നുന്ന രീതിയിലായിരുന്നു സാറയുടെ അമ്മായിയുടെ ഡയലോഗ് അവതരണം. എറണാകുളം തേവര സ്വദേശിയായ വിമല നാരായണൻ ആണ് കൈയ്യടക്കത്തോടെ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ വെള്ളിത്തിരയ്ക്ക് പുറത്ത് ദുരിതപൂർണ്ണമായ സാഹചര്യങ്ങളാണ് വിമലയ്ക്ക് നേരിടേണ്ടി വരുന്നത്. മകളുടെ ഗുരുതരമായ വൃക്ക രോഗം ചികിൽസിച്ചു ഭേദമാക്കാനുള്ള നെട്ടോട്ടത്തിലാണ് വിമല. വിമലയുടെ രണ്ടു പെൺമക്കളിൽ മൂത്ത മകൾക്കാണ് വൃക്കരോഗം ബാധിച്ചിരിക്കുന്നത്. ജീവൻ നിലനിർത്താനായി ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്യണം. എന്നാൽ എത്രയും പെട്ടെന്ന് വൃക്ക മാറ്റിവച്ചില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകും എന്നാണ് ഡോക്ടർമാർ പറയുന്നത്. മകൾക്ക് വൃക്ക നൽകാൻ വിമല തയ്യാറാണെങ്കിലും അതിനുള്ള ചെലവ് വഹിക്കാനുള്ള സാമ്പത്തികം ഈ കുടുംബത്തിനില്ല.

ജീവിത ദുരിതത്തിനിടയിൽ താൻ അഭിനയിച്ച സിനിമ പോലും വിമലയ്ക്ക് കാണുവാൻ സാധിച്ചിട്ടില്ല. ഡബ്ബിങ്ങ് നടക്കുമ്പോള്‍ മാത്രമാണ് ഞാന്‍ അഭിനയിച്ച രംഗങ്ങള്‍ കാണുന്നതെന്ന് വിമല പറയുന്നു. വൃക്ക രോഗം ബാധിച്ച വിമലയുടെ മകൾക്ക് 32 വയസ്സു മാത്രമേ ആയിട്ടുള്ളൂ. പതിനേഴാം വയസ്സിലായിരുന്നു വിമലയുടെ വിവാഹം. ഭര്‍ത്താവ് നേരത്തേ മരിച്ചു. മാന്യമായി ചെയ്യാവുന്ന എല്ലാ ജോലികളും ചെയ്ത് രണ്ട് പെണ്മക്കളെയുടെയും വിവാഹം നടത്തി. വീടുകള്‍ തോറും കയറി ഷാംപൂ, അച്ചാറുകള്‍ തുടങ്ങിയവയുടെ വില്പന ചെയ്തായിരുന്നു ജീവിത ചിലവുകൾ നടത്തിയിരുന്നത്.

ഇതിനിടെ സിനിമാ യൂണിറ്റിൽ ജോലിക്കു പോയ വിമല ചെറിയ റോളുകളിൽ അഭിനയിച്ചു തുടങ്ങി. മഹേഷിന്റെ പ്രതികാരം, ഒന്നുരണ്ടു തമിഴ് സിനിമകൾ തുടങ്ങിയവ അഭിനയിച്ചിരുന്നു. പ്രസവത്തിന് ശേഷമാണ് കുടുംബത്തെ ആകെ തളർത്തിക്കൊണ്ട് വൃക്ക രോഗം മകളെ ബാധിച്ചത്. ചെറിയ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിമലയുടെ മകളുടെ ഭർത്താവിന് കോവിഡ് ബാധിച്ചതോടെ ജോലി ചെയ്യാൻ കഴിയാതെയായി. വിമലയുടെ ചെറിയ വരുമാനത്തിലാണ് മകളുടെ ചികിത്സയും വീട്ടുചെലവുകളും നടക്കുന്നത്. കോവിഡ് കാലത്ത് വിമല ചെയ്ത സിനിമയായിരുന്നു സാറാസ്. കിട്ടുന്നതൊക്കെ ചെറിയ റോളുകളായതിനാൽ സിനിമയിൽ നിന്നും കാര്യമായ വരുമാനമൊന്നും ലഭിക്കുന്നില്ല.

മകളുടെ വൃക്ക മാറ്റിവയ്ക്കൽ ഓപ്പറേഷന് 15 ലക്ഷം രൂപയാണ് വേണ്ടത്. തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ നല്ലവരായ മലയാളികളുടെ കാരുണ്യം പ്രതീക്ഷിക്കുകയാണ് ഈ അമ്മ.

VIMALA NARAYANAN

ACCOUNT NUMBER: 67255098984

IFSC CODE: SBIN0016860

SBI BANK PERUMPILLY NJARAKKAL

GOOGLE PAY: 9995299315

Related Stories

No stories found.
logo
The Cue
www.thecue.in