ഇഷ്ടമില്ലാത്ത കാര്യങ്ങൾക്ക് മടി കൂടാതെ നോ പറയാൻ പഠിക്കണമെന്ന് നടി ശരണ്യ മോഹൻ. സിനിമയിലേക്ക് ഒരു അവസരം വരുമ്പോൾ അന്വേഷിക്കുകയും നല്ലത് പോലെ ആലോചിക്കുകയും ചെയ്തിട്ട് വേണം അതിന് വേണ്ടി തയ്യാറാവാൻ എന്നും പല തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളും ഇവിടെ നടക്കുന്നുണ്ട് എന്നും ശരണ്യ പറയുന്നു. സിനിമ മേഖലയ്ക്ക് വല്ലാത്ത ഒരു കാന്തിക ശക്തിയുണ്ടെന്നും നമ്മൾ കാണുന്ന നിറങ്ങൾക്ക് അപ്പുറം ഒരു ഇരുണ്ട വശം കൂടിയുണ്ട് അതിനെന്ന് മനസ്സിലാക്കണമെന്നും ശരണ്യ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ശരണ്യ പറഞ്ഞത്:
നോ പറയാന്‍ പഠിക്കണം. ഇഷ്ടമില്ലാത്തത് എന്തായാലും മടിക്കാതെ, പേടിക്കാതെ നോ പറയണം. ഒരു ചാന്‍സ് വന്നാല്‍ അതിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് നന്നായിട്ട് ആലോചിച്ച്, അന്വേഷിച്ച് വേണം യെസ് ഓര്‍ നോ പറയാന്‍. എങ്ങനെയെങ്കിലും സിനിമ ചെയ്യണം എന്ന് കരുതരുത്. ആരുടെ പ്രോജക്ടാണ്, ആരാണ് സംവിധായകന്‍ പ്രൊഡ്യൂസര്‍ എന്നൊക്കെ നോക്കണം. സാമ്പത്തിക തട്ടിപ്പുകളും സിനിമയില്‍ പതിവാണ്. നമ്മുടെ കോമണ്‍സെന്‍സ് ഉപയോഗിച്ച് ആലോചിച്ച് മാതാപിതാക്കളോട് സംസാരിച്ച് വേണം തീരുമാനം എടുക്കാന്‍.
ബോള്‍ഡ്, ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്നോ അത് മോശമാണെന്നോ എനിക്ക് അഭിപ്രായമില്ല. എന്റെ കംഫര്‍ട്ട് ലെവല്‍ വിട്ട് പുറത്തുവരാന്‍ പറ്റാത്ത ആളാണ് ഞാന്‍. എന്റെ ജീവിതത്തില്‍ ഞാന്‍ പ്രാധാന്യം കൊടുക്കുന്ന ചില കാര്യങ്ങളുണ്ട്. അത് നഷ്ടപ്പെടുത്തിക്കൊണ്ട് എനിക്ക് ഒന്നും വേണ്ടായിരുന്നു. സിനിമയില്‍ സജീവമായി തുടങ്ങിയ സമയത്ത് തന്നെ പലരും പറഞ്ഞിരുന്നു നല്ല കോമ്പറ്റിഷന്‍ ഉള്ള മേഖലയാണ്, പിടിച്ചു നില്‍ക്കണമെങ്കില്‍ എല്ലാ തരത്തിലുമുള്ള വേഷങ്ങള്‍ ചെയ്‌തേ മതിയാവൂ. ഞാന്‍ ഇത്തരത്തിലാണെന്ന് മനസ്സിലായതിനുശേഷം ബോള്‍ഡ് ക്യാരക്ടറുകളിലേക്ക് ഓഫറുകള്‍ വന്നിട്ടില്ല.
മറ്റു ജോലികളില്‍ നിന്നും വളരെ വ്യത്യസ്തമാണ് സിനിമാമേഖല. വല്ലാത്തൊരു കാന്തിക ശക്തിയുണ്ടതിന്. അതില്‍ വീണു പോകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. പേരും പ്രശസ്തിയും പണവും ആരാധകരും കണ്ണുചിമ്മിത്തുറക്കുന്ന സമയം കൊണ്ട് കയ്യിലെത്തുകയും കൈവിട്ട് പോവുകയും ചെയ്യും. നമ്മള്‍ കാണുന്ന നിറങ്ങള്‍ക്ക് ഒരു ഇരുണ്ട വശവുമുണ്ട്. അത് മുന്നില്‍ കണ്ടുവേണം സിനിമയിലേക്ക് കാലെടുത്തുവെയ്ക്കാന്‍. അവസരമുണ്ടെന്ന് അറിഞ്ഞാല്‍ നന്നായി ചിന്തിക്കണം. കഴിയുന്നത്ര അന്വേഷിക്കണം. നമുക്ക് താല്പര്യമില്ലാത്ത ഒന്നും ആർക്കും നിര്‍ബന്ധിച്ച് ചെയ്യിക്കാന്‍ സാധിക്കില്ല. നോ പറയേണ്ടിടത്ത് നോ തന്നെ പറയണം. അതിമോഹവും ഭയവും ആണ് പലരെയും പ്രശ്നത്തിലാക്കുന്നത്. ശരണ്യ പറഞ്ഞു