'ആർക്കറിയാം' സിനിമയുടെ ആദ്യ ചിന്തയിൽ തന്നെ ബിജു മോനോൻ ആയിരുന്നു വൃദ്ധ കഥാപാത്രമായി മനസിൽ ഉണ്ടായിരുന്നതെന്ന് സംവിധായകൻ സാനു ജോൺ വര്‍ഗീസ്. ചിത്രീകരണം നടന്നത് കൊവിഡ് കാലത്തായിരുന്നതുകൊണ്ടുതന്നെ പ്രായമായ നടന്മാരെ ലൊക്കേഷനിലേയ്ക്ക് കൊണ്ടുവരുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. സീനിയർ നടന്മാരെ സമീപിക്കാതിരിക്കാൻ അതൊരു കാരണമാണ്, എങ്കിലും തുടക്കം മുതലേ ബിജു മേനോൻ തന്നെ ഈ കഥാപാത്രമായി എത്തണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും സംവിധായകൻ ദ ക്യുവിനോട് പറഞ്ഞു.
'എഴുപത് വയസിന് മുകളിൽ പ്രായമുളള കഥാപാത്രമായാണ് ചിത്രത്തിൽ ബിജുമേനോൻ എത്തുന്നത്. വളരെ ബുദ്ധിമുട്ടേറിയ കഥാപാത്രമാണ്, നല്ല ഒരു നടന് മാത്രമേ അത് ചെയ്ത് ഫലിപ്പിക്കാനാകൂ. ആദ്യം സമീപിച്ചത് ബിജു മേനോനെയാണ്. ഈ റോളിലേയ്ക്ക് മറ്റാരെയും ചിന്തിച്ചിട്ടില്ല', സാനു ജോൺ പറയുന്നു.
ആർക്കറിയാം
ഒരു കാര്യത്തെ കുറിച്ച് യാതൊരു പിടിയുമില്ലാതിരിക്കുമ്പോൾ പറയുന്ന ഒരു വാക്കാണ് ആർക്കറിയാം. ഉത്തരം പ്രതീക്ഷിക്കാത്ത ചോദ്യമെന്ന് വേണമെങ്കിൽ പറയാം.
സുരാജിനോട് ഈ റോൾ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചുകൂടിയില്ല
സീനിയർ നടന്മാരല്ലാതെ പിന്നെയുളളത് സുരാജാണ്. പക്ഷെ ഇതിനോട് സമാനമായ റോളുകൾ, അഥവാ പ്രായമായ കഥാപാത്രങ്ങൾ സുരാജ് അടുത്തിടെ ചെയ്തിട്ടുണ്ട്. എല്ലാവരേയും പോലെ നടന്മാർക്കും ചാലഞ്ചിങ് ആയിരിക്കണമല്ലോ കഥാപാത്രങ്ങൾ. സുരാജ് പ്രായമുളള കഥാപാത്രങ്ങൾ ഉടൻ ആവർത്തിക്കേണ്ടതില്ലെന്ന് തോന്നുന്നു. സുരാജിനോട് ഈ റോൾ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചുകൂടിയില്ല.
ലോക്ക് ഡൗണ്‍ പശ്ചാത്തലമാകുന്ന സിനിമയാണ് 'ആര്‍ക്കറിയാം'. ബിജു മേനോന്റെ മേക്ക് ഓവര്‍ ആയിരുന്നു അപ്രതീക്ഷിതമായെത്തിയ സിനിമയിലെ ടീസറിലെ പ്രധാന ആകര്‍ഷണം. 72 കാരനായ റിട്ടയേഡ് ഗണിത അധ്യാപകനാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. മേക്കപ് ആർട്ടിസ്റ്റ് രഞ്ജിത് അമ്പാടിക്ക് സിനിമയിൽ ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ട്, ബിജുമോനോന്റെ കഥാപാത്രത്തെ അറിഞ്ഞ ഉടനെ തന്നെ രഞ്ജിത് അമ്പാടിയെ ഫോൺ ചെയ്ത് അദ്ദേഹം എത്തുമെന്ന ഉറപ്പ് വാങ്ങിയിരുന്നെന്നും സാനു ജോൺ പറയുന്നു. സാനു ജോണ്‍ വര്‍ഗീസും രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനനുമാണ് തിരക്കഥ. പാല ആണ് കഥ നടക്കുന്ന ഇടം. ബിജു മേനോന്റെ മകളുടെ റോളിലാണ് പാര്‍വതി തിരുവോത്ത്. കോട്ടയം വാമൊഴിയിലാണ് സിനിമ. ജി ശ്രീനിവാസ റെഡ്ഡിയാണ് ക്യാമറ. മഹേഷ് നാരായണന്‍ എഡിറ്റിംഗ്. ഷറഫുദ്ദീനാണ് മറ്റൊരു പ്രധാന റോളില്‍. ഒപിഎം സിനിമാസും മൂണ്‍ ഷോട്ട് എന്റര്‍ടെയിന്മെന്റും ചേര്‍ന്നാണ് നിര്‍മ്മാണം.