ബിഗ് ബോസ് മത്സരാര്‍ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണന്‍ സിനിമ ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഫസ്റ്റ് ലുക് പോസ്റ്ററും മറ്റും റോബിന്റെ നേതൃത്വത്തില്‍ മാത്രം നടന്നിട്ടുള്ളതാണെന്ന് നിര്‍മാതാവ് സന്തോഷ് കുരുവിള. വരാനിരിക്കുന്ന സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളും മോഹന്‍ലാലിന്റെ പേജിലൂടെ നടത്തിയ പ്രഖ്യാപനവും റോബിന്റെ നേതൃത്വത്തില്‍ മാത്രം നടന്നിട്ടുള്ളതാണ്. നവമാധ്യമങ്ങളില്‍ നടക്കുന്ന വിവാദങ്ങളില്‍ ഭാഗഭാക്കാവാന്‍ വ്യക്തിപരമായും അല്ലാതേയും താല്‍പര്യമില്ലെന്നും സന്തോഷ് കുരുവിള ഫേസ്ബുക്കില്‍ കുറിച്ചു. റോബിന്‍ സിനിമയെക്കുറിച്ച് തര്‍ക്കിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചായിരുന്നു സന്തോഷ് ടി കുരുവിളയുടെ കുറിപ്പ്.
സന്തോഷ് ടി കുരുവിളയുടെ കുറിപ്പ്
ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ , ബിഗ്‌ബോസ് ഷോയില്‍ നിന്ന് പുറത്ത് വന്നതിനു ശേഷം അദ്ദേഹത്തിന്റെ സിനിമാ പ്രവേശനത്തിനുള്ള സാധ്യതകളാരായാന്‍ ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ എന്നെ സമീപിച്ചിരുന്നു എന്നത് വസ്തുതയാണ്.
പുതുമുഖങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്ന ഒരു നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ചലച്ചിത്ര മോഹങ്ങളെ സാകൂതം ശ്രവിയ്ക്കുകയും ചെയ്തു.
തുടര്‍ന്ന് അദ്ദേഹത്തിന് അനുയോജ്യമായ ഒരു സബ്ജക്ടും അത് നിര്‍വ്വഹിക്കുവാന്‍ തയ്യാറായ സങ്കേതിക വിദഗ്ധരെ കണ്ടെത്തുന്നതിനു മായ് പരിശ്രമങ്ങള്‍ എന്റെ നിര്‍മ്മാണ കമ്പനി ആരംഭിയ്ക്കുകയും ചെയ്തിരുന്നു.
വരുവാന്‍ പോവുന്ന പ്രൊജക്ടിനെ ക്കുറിച്ചുള്ള മീഡിയാ അപ്‌ഡേഷന്‍സും കൂടാതെ ശ്രീ മോഹന്‍ലാലിന്റെ പേജിലൂടെ നടത്തിയ പ്രഖ്യാപനവും ഡോക്ടര്‍ റോബിന്റേയും ടീമിന്റേയും നേതൃത്വത്തില്‍ നടന്നിട്ടുള്ളതാണ്.
ആ ഘട്ടത്തില്‍ തന്നെ ശ്രീ റോബിന്‍ രാധാകൃഷ്ണന്‍ മലയാളത്തിലെ നിരവധിയായ നിര്‍മ്മാതാക്കളെ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു എന്നാണ് അറിഞ്ഞിരുന്നത്.
കോവിഡാനന്തരം ,സിനിമാ മേഖലയിലാകെ ഉണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിയ്ക്കുകയും പിന്നീട് വളരെയധികം അവധാനതയോടു കൂടിയുമാണ് ഓരോ പ്രൊജക്ടുകളെയും സമീപിച്ചു വരുന്നത്.
അടിസ്ഥാനപരമായ് ഞാനൊരു പ്രവാസി വ്യവസായിയും നിരവധി രാജ്യങ്ങളില്‍ ബിസിനസ്സ് ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ്. സിനിമാ നിര്‍മ്മാണം ഒരു ബിസിനസ്സ് നിലയില്‍ എന്റെ പ്രഥമ പരിഗണനയിലുള്ള ഒന്നല്ല എന്നതാണ് വാസ്തവം പക്ഷെ സിനിമ വ്യക്തിപരമായ് ഒരു പാഷന്‍തന്നെയാണ് ഇപ്പോഴും എപ്പോഴും ! ഏതൊരു പ്രൊജക്ടിനും ഒരു മികച്ച സബ്ജക്ടും ടീമും ഉരുത്തിരിയുന്നതുവരെ കാത്തിരിയ്ക്കുക എന്നതാണ് ഒരു ശൈലിയായ് സ്വീകരിച്ചിട്ടുള്ളത്.
അഥവാ അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ അത് ഉപേക്ഷിയ്ക്കുകയും ചെയ്‌തേക്കാം.
ഡോ റോബിന്‍ രാധാകൃഷ്ണന്‍ സിനിമാ മേഖലയില്‍ സ്വപ്രയത്‌നത്താല്‍ ഉയര്‍ന്ന് വരുന്നതിനും ശോഭിയ്ക്കുകയും ചെയ്യുന്നതിന് യാതൊരു വിധ പ്രശ്‌നങ്ങളും ഉള്ളതായ് കരുതുന്നില്ല.
നിലവില്‍ അദ്ദേഹത്തിനും ചുറ്റും നവമാധ്യമങ്ങളില്‍ നടക്കുന്ന വിവാദങ്ങളില്‍ ഭാഗഭാക്കാവാന്‍ വ്യക്തിപരമായും അല്ലാതേയും താല്‍പര്യമില്ല എന്ന് കൂടി അറിയിച്ചു കൊള്ളട്ടെ .