സന്തോഷ് ശിവന് കാൻ ഫിലിംഫെസ്റ്റിവലിന്റെ ആദരം, പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരൻ

സന്തോഷ് ശിവന് കാൻ ഫിലിംഫെസ്റ്റിവലിന്റെ ആദരം, പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരൻ
Published on

2024 കാന്‍ ഫിലിം ഫെസ്റ്റിവലിലെ പിയര്‍ ആഞ്ജിനൊ (Pierre Angénieux) ട്രിബ്യൂട്ട് പുരസ്‌കാരം ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്. അന്താരാഷ്ട്ര തലത്തിൽ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് 2013 മുതൽ നൽകി വരുന്ന പുരസ്‌ക്കാരമാണിത്. ഈ പുരസ്‌ക്കാരം ലഭിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് സന്തോഷ് ശിവൻ. അതിശയകരമായ കരിയറും അസാധാരണമായ മികവും പരിഗണിച്ചാണ് സന്തോഷ് ശിവനെ അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്ന് പുരസ്‌കാര സമിതി അറിയിച്ചു. പുരസ്‌കാര സമിതി സെപ്യൂട്ടി ഡയറക്ടർ ഡൊമിനിക് റൗഷോണാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

മെയ് 24-ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. ക്രിസ്റ്റഫർ ഡോയൽ, റോജർ ഡീക്കിൻസ്, ബാരി അക്രോയ്ഡ് , ഡാരിയസ് ഖൊൺജി, ആഗ്‌നസ് ഗൊദാർദ് തുടങ്ങി പ്രമുഖ വ്യക്തികൾക്കാണ് ഇതിന് മുമ്പ് ഈ പുരസ്‌ക്കാരം ലഭിച്ചിട്ടുള്ളത്. റോജ, യോദ്ധ, ദില്‍സേ, ഇരുവര്‍, കാലാപാനി, വാനപ്രസ്ഥം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ ഫ്രെയിമുകളിലൂടെ പ്രേക്ഷകനെ അത്ഭുതപ്പെടുത്തിയ സന്തോഷ് ശിവൻ അനന്തഭദ്രം, അശോക, ഉറുമി, ജാക്ക് ആൻഡ് ജിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധാന ​രം​ഗത്തും തന്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. മകരമഞ്ഞ് എന്ന ചിത്രത്തിൽ അഭിനയിച്ചുട്ടുമുണ്ട്.

12 ദേശീയ പുരസ്‌കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്‌കാരങ്ങളും മൂന്ന് തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരങ്ങളും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുള്ള സന്തോഷ് ശിവന്റെ കരിയറിലെ മറ്റൊരു സുവര്‍ണനേട്ടമാണ് കാന്‍ ഫിലിം ഫെസ്റ്റിവലിലേത്. അമേരിക്കന്‍ സൊസൈറ്റി ഓഫ് സിനിമാ ഫോട്ടോഗ്രാഫേഴ്‌സില്‍ ഏഷ്യ-പെസഫികില്‍ നിന്ന് അംഗമായ ഏക വ്യക്തി കൂടിയാണ്‌ അദ്ദേഹം.

Related Stories

No stories found.
logo
The Cue
www.thecue.in