'ബറോസ് ചലഞ്ചായിരുന്നു'; മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നത് കോംപ്ലിക്കേറ്റഡ് ഷോട്ടുകളെന്ന് സന്തോഷ് ശിവന്‍

'ബറോസ് ചലഞ്ചായിരുന്നു'; മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നത് കോംപ്ലിക്കേറ്റഡ് ഷോട്ടുകളെന്ന് സന്തോഷ് ശിവന്‍
Published on

മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബറോസ് തനിക്കൊരു ചലഞ്ചായിരുന്നുവെന്ന് ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍. കോംപ്ലിക്കേറ്റഡ് ഷോട്ടുകളാണ് മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നത്. അതിനെ തുടര്‍ന്ന് ഞങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ അതൊരു ചലഞ്ചായി മാത്രമാണ് കണ്ടിരുന്നതെന്ന് സന്തോഷ് ശിവന്‍ ജാംഗോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സന്തോഷ് ശിവന്റെ വാക്കുകള്‍:

ലാല്‍ സാര്‍ വളരെ ഫോക്‌സ്ഡ് ആയ സംവിധായകനാണ്. അദ്ദേഹം നൂറ് ശതമാനവും സിനിമയിലേക്ക് കൊടുക്കുന്നുണ്ട്. എല്ലാം അദ്ദേഹത്തിന്റെ രീതിയില്‍ തന്നെ ചെയ്യണമെന്നാണ് ആഗ്രഹവും. ചിത്രീകരണ സമയത്ത് ഷോട്ടിന്റെ കാര്യം പറഞ്ഞ് ഞങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടായിട്ടുണ്ട്. ചില സമയത്ത് അദ്ദേഹത്തിന്റെ ഭയങ്കര കോംപ്ലിക്കേറ്റഡായ ഷോട്ടുകള്‍ എടുക്കണം എന്നൊക്കെ പറയും. അതൊരു ചലഞ്ചായാണ് ഞാന്‍ കണ്ടിട്ടുള്ളത്. അല്ലാതെ ഒരിക്കലും അതൊരു പ്രശ്‌നമല്ല. പിന്നെ ഷൂട്ടിങ്ങ് സമയത്ത് ജോഷി സര്‍, സത്യന്‍ അന്തിക്കാട് എന്നിവരൊക്കെ സെറ്റില്‍ വന്നിരുന്നു. അവരെല്ലാം ലാല്‍ സാറിന്റെ ഡയറക്ഷനും കണ്ടിരുന്നു.

ബറോസിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്ന് ജാക്ക് ആന്‍ഡ് ജില്‍ സിനിമയുടെ വാര്‍ത്ത സമ്മേളനത്തില്‍ വെച്ച് സന്തോഷ് ശിവന്‍ പറഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്.

ആദ്യ ഷെഡ്യൂളില്‍ ചിത്രീകരിച്ചത് പൂര്‍ണമായും ഉപേക്ഷിച്ചാണ് ബറോസ് 2021 ഡിസംബറില്‍ വീണ്ടും ചിത്രീകരിച്ച് തുടങ്ങിയത്. നേരത്തെ സിനിമയില്‍ നിര്‍ണായ കഥാപാത്രമായി പൃഥ്വിരാജ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ റീ ഷൂട്ടില്‍ പൃഥ്വിരാജിന് പകരം മറ്റൊരാളാണ് ഈ റോളില്‍. ആടുജീവിതം ഫൈനല്‍ ഷെഡ്യൂളിന് ജോയിന്‍ ചെയ്യേണ്ടതിനാല്‍ പൃഥ്വിരാജ് ബറോസില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in