ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ആദ്യത്തെ വെബ് സിരീസായ 'ഹീരാമണ്ടി ദ ഡയമണ്ട് ബസാറിന്റെ' രണ്ടാം സീസൺ പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്. മെയ് 1 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തത് മുതൽ സമ്മിശ്ര പ്രതികരണങ്ങൾ നേടിയ സീരീസാണ് സഞ്ജയ് ലീല ബൻസാലിയുടെ 'ഹീരാമണ്ടി ദ ഡയമണ്ട് ബസാർ'. മൂന്ന് വർഷത്തിലായി 350 ഷൂട്ടിംഗ് ദിവസങ്ങൾ നീണ്ടുനിന്ന തീവ്രമായ നിർമ്മാണ പ്രക്രിയയ്ക്ക് ശേഷം പുറത്തു വന്ന ഹീരാമണ്ടിക്ക് ഇനി രണ്ടാം ഭാഗം ഒരുക്കാൻ തയ്യാറെടുക്കുകയാണ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെന്ന് അന്താരാഷ്ട്ര മാധ്യമമായ വെറെെറ്റി റിപ്പോർട്ട് ചെയ്യുന്നു.
''ഒരു സീരീസ് നിർമ്മിക്കാൻ വളരെയധികം സമയം ആവശ്യമാണ്. ഈ സീരീസിനായി ഒരുപാട് സമയം എടുത്തു. 2022 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ 'ഗംഗുബായ്' എന്ന ചിത്രത്തിന് ശേഷം, അന്നുമുതൽ ഇന്നുവരെ എല്ലാ ദിവസവും ഞാൻ ഇടവേളയില്ലാതെ പ്രവർത്തിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഒരു സീരീസ് നിർമിക്കുക എന്ന ഉത്തരവാദിത്തം വളരെ വലുതാണ്,” ബൻസാലി വെറൈറ്റിയോട് പറഞ്ഞു.
''ഹീരമാണ്ഡി 2 ൽ, സ്ത്രീകൾ ലാഹോറിൽ നിന്ന് സിനിമാ ലോകത്തേക്ക് വരുകയാണ്. വിഭജനത്തിന് ശേഷം അവർ ലാഹോർ വിടുകയും അവരിൽ ഭൂരിഭാഗവും മുംബൈ സിനിമാ വ്യവസായത്തിലോ കൊൽക്കത്ത സിനിമാ വ്യവസായത്തിലോ സ്ഥിരതാമസമാക്കുകയും ചെയ്യുന്നു. അങ്ങനെ ബസാറിലെ ആ യാത്ര അതേപടി തുടരുന്നു. അവർക്ക് ഇപ്പോഴും നൃത്തം ചെയ്യുകയും പാടുകയും വേണം, എന്നാൽ ഇത്തവണ അത് നിർമ്മാതാക്കൾക്ക് വേണ്ടിയാണ്, നവാബുമാർക്കുവേണ്ടിയല്ല. അതാണ് ഞങ്ങൾ പ്ലാൻ ചെയ്യുന്ന സെക്കന്റ് സീസൺ. അത് എങ്ങനെയാകുമെന്ന് നമുക്ക് നോക്കാം''. സീസൺ 2 വരുന്നതായി സ്ഥീതീകരിച്ചു കൊണ്ട് ബൻസാലി വെറെെറ്റിയോട് പറഞ്ഞു.
അതേ സമയം മുംബൈയിലെ കാർട്ടർ റോഡിൽ നടന്ന ഒരു പരിപാടിയിൽ സീരീസിൻ്റെ സീസൺ 2 പ്രഖ്യാപിച്ചു. സീരീസിലെ ഗാനത്തിനൊപ്പം 100 നർത്തകിമാർ ഒരുമിച്ച് അണി നിരന്ന് നൃത്തം വച്ച ഫ്ലാഷ് മോബിൽ നിന്നുള്ള ഒരു വീഡിയോ പങ്കിട്ടു കൊണ്ട് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സും സീരീസിന്റെ രണ്ടാം ഭാഗം സ്ഥിതീകരിച്ചിട്ടുണ്ട്.
മെയ് ഒന്നിന് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത 'ഹീരാമണ്ടി ദ ഡയമണ്ട് ബസാർ' ആദ്യ ആഴ്ചയ്ക്കുള്ളിൽ തന്നെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ സീരീസായി മാറിയിരുന്നു. സീരീസ് ആരംഭിച്ചതു മുതൽ ഇന്ത്യയിലെ ടോപ്പ് 10 ചാർട്ടിൽ ഒന്നാം സ്ഥാനത്ത് ഇപ്പോഴും തുടരുന്ന സീരീസാണ് സഞ്ജയ് ലീല ബൻസാലിയുടെ ഹീരാമണ്ടി. മനീഷ കൊയ്‌രാള, സൊനാക്ഷി സിൻഹ, സഞ്ജീദ ഷെയ്ഖ്, അദിതി റാവു ഹൈദരി, ഷർമിൻ സെഗാൾ, ഫർദീൻ ഖാൻ തുടങ്ങിയവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.