ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ കേന്ദ്ര കഥാപാത്രമായ ബ്രഹ്‌മാസ്ത്രയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ട്രെയ്‌ലറിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതിന് ഒപ്പം തന്നെ സാമൂഹ്യമാധ്യമത്തില്‍ ചിത്രം ബോയ്‌കോട്ട് ചെയ്യണമെന്ന ക്യാംപെയിനും നടക്കുന്നുണ്ട്.
ട്രെയ്‌ലറില്‍ ഒരു സീനില്‍ രണ്‍ബീര്‍ കപൂര്‍ ക്ഷേത്രത്തില്‍ ചെരിപ്പിട്ട് കയറി എന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററില്‍ ബോയ്‌ക്കോട്ട് ബ്രഹ്‌മാസ്ത്ര ക്യാംപെയിന്‍ നടക്കുന്നത്. ബോളിവുഡ് ഹിന്ദു ആചാരങ്ങളെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കില്ല. അതിനാല്‍ എല്ലാ ഹിന്ദു സംഘടനകളും ഒരുമിച്ച് ഇതിനെതിരെ പോരാടണം എന്നെല്ലാമാണ് സംഘപരിവാര്‍ അനുകൂലികള്‍ ട്വീറ്റ് ചെയ്യുന്നത്.
അതേസമയം ലോകത്തെ ഒരു സിനിമയ്ക്ക് ഒപ്പവും ബ്രഹ്‌മാസ്ത്രയെ താരതമ്യം ചെയ്യാനാവില്ലെന്ന് രണ്‍ബീര്‍ കപൂര്‍ പറഞ്ഞിരുന്നു. ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ ചിത്രത്തിലെ കഥാപാത്രങ്ങളും മാര്‍വല്‍ സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളും തമ്മിലുള്ള സാമ്യവും സാമൂഹ്യമാധ്യമത്തില്‍ ആളുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അയാന്‍ മുഖര്‍ജിയാണ് 'ബ്രഹ്‌മാസ്ത്ര പാര്‍ട്ട് വണ്‍: ശിവ'യുടെ സംവിധായകന്‍. 2013ല്‍ റിലീസ് ചെയ്ത യേ ജവാനി ഹേ ദിവാനിക്ക് ശേഷം അയാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സെപ്റ്റംബര്‍ 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2017ലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.
സ്റ്റാര്‍ സ്റ്റുഡിയോസ്, ധര്‍മ്മ പ്രൊഡക്ഷന്‍സ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ ലൈറ്റ് പിക്ചേഴ്സ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രണ്‍ബീര്‍ കപൂറിന് പുറമെ ആലിയ ഭട്ട്, അമിതാബ് ബച്ചന്‍, മൗനി റോയ് എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്.