'സംഘി ഒരു മോശം പദമാണെന്ന് ഐശ്വര്യ ഒരിക്കലും പറഞ്ഞിട്ടില്ല' ; ഐശ്വര്യയുടെ പരാമർശത്തിൽ വിശദീകരണവുമായി രജിനികാന്ത്

'സംഘി ഒരു മോശം പദമാണെന്ന് ഐശ്വര്യ ഒരിക്കലും പറഞ്ഞിട്ടില്ല' ; ഐശ്വര്യയുടെ പരാമർശത്തിൽ വിശദീകരണവുമായി രജിനികാന്ത്
Published on

ഐശ്വര്യ രജിനികാന്തിനെ സംഘി പരാമർശത്തിൽ വിശദീകരണവുമായി നടൻ രജിനികാന്ത്. സംഘി എന്നത് ഒരു മോശം പദമാണെന്ന് ഐശ്വര്യ ഒരിക്കലും പറഞ്ഞിട്ടില്ല. ആത്മീയതയിൽ ഏർപ്പെട്ടിരിക്കുന്ന, എല്ലാ മതത്തെയും ബഹുമാനിക്കുന്ന തൻ്റെ പിതാവിനെ എന്തിനാണ് അങ്ങനെ മുദ്രകുത്തുന്നത് എന്ന് മാത്രമാണ് അവർ ചോദിച്ചത്. ലാൽ സലാം സിനിമയുടെ പ്രൊമോഷനായി ആണോ ഇങ്ങനെ പറഞ്ഞെതെന്ന ചോദ്യത്തിന് അങ്ങനെയൊന്നും ഇല്ല എന്നായിരുന്നു രജനികാന്തിന്റെ പ്രതികരണം. ചെന്നൈ വിമാനത്താവളത്തിന് പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രജിനികാന്ത്.

ലാൽ സലാം സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു രജിനികാന്ത് ഒരു സംഘിയല്ലെന്നും സോഷ്യൽ മീഡിയയിൽ അദ്ദേഹം സംഘിയാണെന്ന പോസ്റ്റുകൾ കാണുമ്പോൾ ഏറെ വിഷമമുണ്ടെന്നും ഐശ്വര്യ രജനികാന്ത് പറഞ്ഞത്. രജിനികാന്ത് ഒരു സംഘിയാണെങ്കിൽ ലാൽസലാം പോലെയൊരു സിനിമ അദ്ദേഹം ചെയ്യില്ല. ഒരുപാട് മനുഷ്യത്വമുള്ള ആൾ മാത്രമേ ഈ സിനിമ ചെയ്യുകയുള്ളുവെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.

വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാൽ സലാം. ചിത്രത്തിൽ അതിഥി വേഷത്തിലാണ് രജിനികാന്ത് എത്തുന്നത്. മൊയ്തീൻ ഭായ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നത്. ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള ഒരു സ്‌പോർട്‌സ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ കപിൽ ദേവും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ലെെക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. എട്ട് വർഷത്തിന് ശേഷം ഐശ്വര്യ ഫീച്ചർ ഫിലിം സംവിധാനത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ലാൽ സലാം.

Related Stories

No stories found.
logo
The Cue
www.thecue.in