'എല്ലാം മനപൂർവ്വം ചെയ്തതാണ് പക്ഷേ അത് എനിക്കിട്ടുള്ള പണിയായിരുന്നില്ല ഷെയിൻ നി​ഗത്തിന് കൊടുത്ത പണിയായിരുന്നു'; സാന്ദ്ര തോമസ്

'എല്ലാം മനപൂർവ്വം ചെയ്തതാണ് പക്ഷേ അത് എനിക്കിട്ടുള്ള പണിയായിരുന്നില്ല ഷെയിൻ നി​ഗത്തിന് കൊടുത്ത പണിയായിരുന്നു'; സാന്ദ്ര തോമസ്
Published on

കഴിഞ്ഞ ദിവസങ്ങളിലാണ് നിർമ്മാതാക്കളുടെ സംഘടനയിൽ നിന്ന് അച്ചടക്ക ലംഘനം നടത്തി എന്നു കാണിച്ച് നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കിയത്. സംഘടനയുടെ നേതൃത്വത്തിനെതിരെ നേരത്തെ സാന്ദ്ര തോമസ് പരാതി നൽകിയിരുന്നു. സാന്ദ്ര തോമസ് നിർമിച്ച ലിറ്റിൽ ഹാർട്സ് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് നിർമാതാക്കളുടെ സംഘടനയ്ക്ക് സാന്ദ്ര പരാതി നൽകുന്നതും തുടർന്ന് പ്രശ്നങ്ങൾ ഉണ്ടാകുന്നതും. സാന്ദ്രയുടെ പരാതിയെ തുടർന്ന് ഭാരവാഹികൾക്കെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സാന്ദ്ര അച്ചടക്ക നടപടി നേരിട്ടത്. എന്നാൽ ഇത് തനിക്കിട്ടുള്ള പണിയായിരുന്നില്ലെന്നും ഷൈൻ നി​ഗത്തിനെതിരെയുള്ള പണിയായിരുന്നുവെന്നും സാന്ദ്ര പറയുന്നു. ഫിയോക്കിനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമെതിരെ പരാതി കൊടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കാൻ മീഡിയയോട് സംസാരിക്കുകയായിരുന്നു സാന്ദ്ര.

സാന്ദ്ര തോമസ് പറഞ്ഞത്:

ലിറ്റിൽ ഹാർട്സ് എന്ന സിനിമയ്ക്ക് മുൻപാണ് ഞാൻ അവർക്ക് ആദ്യം പരാതി കൊടുക്കുന്നത്. ആദ്യത്തെ പരാതി എന്ന് പറയുന്നത് എനിക്ക് ഫിയോക്കുമായുള്ള പ്രശ്നത്തെക്കുറിച്ചുള്ളതായിരുന്നു. പരാതി കൊടുത്തതിന് ശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും രാകേഷേട്ടൻ എന്നെ വിളിച്ചിട്ടു പറഞ്ഞു സാന്ദ്ര ഒരു കാര്യം ചെയ്യ്, ഫിയോക്ക് ഇപ്പോൾ ഒരു ഡിസ്ട്രിബ്യൂഷൻ കമ്പനി പുതുതായി തുടങ്ങിയിട്ടുണ്ട് സാന്ദ്ര ലിറ്റിൽ ഹാർട്ട്സിന്റെ വിതരണം അവർക്ക് കൊടുക്ക് അപ്പോൾ അവർ ഈ പ്രശ്നം ശരിയാക്കി തരും എന്നു പറഞ്ഞത്. പക്ഷേ എനിക്ക് അവരുമായിട്ടുള്ള ഡീൽ ശരിയാവില്ലെന്നാണ് ഞാൻ പറഞ്ഞത്. എന്തിനാണ് പേടിക്കുന്നത് നമ്മളൊക്കെയില്ലേ ഇവിടെ എന്നാണ് രാകേഷേട്ടൻ അന്ന് പറഞ്ഞത്. മാത്രമല്ല അവർ എക്സിബിറ്റേഴ്സ് ആയതുകൊണ്ട് തന്നെ അവർ സിനിമ തിയറ്ററിൽ ഹോൾഡ് ചെയ്യും, നല്ല ഷോ ടൈമും കിട്ടും എന്നും പറഞ്ഞു. ഇങ്ങനെയുള്ള വാ​ഗ്ദാനങ്ങളൊക്കെ തന്നപ്പോൾ എനിക്ക് അത് ശരിയാണെന്ന് തോന്നി. നമ്മളെ സംബന്ധിച്ചിടത്തോളം സിനിമ നല്ല രീതിയിൽ എത്തുക എന്നതാണ്. അവിടെ നമ്മുടെ വിഷമവും കാര്യങ്ങളും രണ്ടാമതാണ്. അങ്ങനെയാണ് അവർക്ക് സിനിമ കൊടുക്കാം എന്ന് തീരുമാനിക്കുന്നത്. അപ്പോൾ തന്നെ ഫിയോക്ക് എന്നെ വിളിക്കുന്നു ഞാൻ സിനിമ ഫിയോക്കിന് കൊടുക്കുന്നു. പക്ഷേ സിനിമ റിലീസായ അന്ന് തന്നെ അത് പാളി എന്ന് എനിക്ക് മനസ്സിലായി. ഇവരുടെ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം മോശമായിരുന്നു. അവരുടെ മാനേജർക്ക് മൊത്തത്തിൽ അത് മനേജ് ചെയ്യാൻ സാധിച്ചില്ല. കൃത്യമായ ഷോ ടൈം ഇല്ല, പ്രധാനപ്പെട്ട സിറ്റികളിലൊന്നും സിനിമയില്ല. എല്ലാവരും വിളിച്ചിട്ട് ഇവിടൊന്നും സിനിമയില്ലേ എന്ന് എന്നോട് ചോദിക്കുകയാണ്. ആദ്യ ആഴ്ചയിൽ തന്നെ അത് അങ്ങനെയായിരുന്നു. രണ്ടാം വാരത്തിൽ ഇത് കൂടും എന്നാണ് അവർ എന്നോട് പറഞ്ഞിരുന്നത്. എന്നാൽ രണ്ടാം വാരത്തിൽ ആദ്യ ആഴ്ചയുടെ പകുതി പോലുമുണ്ടായിരുന്നില്ല. ഇതു കണ്ടിട്ട് അന്ന് രാത്രി തന്നെ ഞാൻ അവരെ വിളിച്ചു. തിയറ്റർ ലിസ്റ്റ് ചോ​ദിച്ച് നിരന്തരമായി ഞാൻ അവരെ വിളിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ മുഴുവൻ പേരെയും ഫിയോക്കിലെ പലരെയും ഞാൻ വിളിച്ചു. പിറ്റേ ദിവസം കരഞ്ഞു കൊണ്ടാണ് ഞാൻ സുരേഷ് ​ഗോപി ചേട്ടനെ വിളിക്കുന്നത്. ഏഴ് കോടി രൂപ മുടക്കി ഞാൻ ചെയ്ത പടമാണ് എനിക്ക് സഹായം വേണമെന്ന് പറഞ്ഞു. അദ്ദേഹം വിഷമിക്കരുത് ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു. അദ്ദേഹം പിവിആറിൽ ഒക്കെ വിളിച്ചു. ഈ പ്രശ്നങ്ങളെല്ലാം കാണിച്ച് ഞാൻ സംഘടനയ്ക്ക് പരാതി കൊടുത്തു. എന്റെ സിനിമയുടെ പോസ്റ്റർ കണ്ടവരുണ്ടോ എന്ന് ചോദിച്ച് ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് വരെ ഇട്ടു. പിന്നീട് ഇവരുടെ തന്നെ സോഴ്സിൽ നിന്നാണ് ഇതെല്ലാം മനപൂർവ്വം ചെയ്തതാണെന്ന് എനിക്ക് മനസ്സിലായത്. ഞാൻ അറിഞ്ഞത് അത് എനിക്കിട്ടുള്ള പണിയായിരുന്നില്ല എന്നതാണ്. ഞാൻ മനസ്സിലാക്കിയിടത്തോളം ഷൈൻ നി​ഗത്തിനിട്ടുള്ള പണിയായിരുന്നു അത്. അത് ഞാൻ ഏറ്റെടുത്തതാണ്. ആളുകൾ വൈരാ​ഗ്യം മനസ്സിൽ വച്ചുകൊണ്ട് പ്രവർത്തിക്കുന്നവരാണെന്ന് നമ്മൾ അറിയുന്നില്ലല്ലോ? ഇത് അറിഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ ഷൈന്റെ ഉമ്മായെ വിളിക്കുകയും എന്താണ് ആന്റി ഇങ്ങനെയൊക്കെ കേൾക്കുന്നുണ്ടല്ലോ എന്ന് ചോദിക്കുകയും ചെയ്തു. ഈ സിനിമയിൽ മാത്രമല്ല ഞങ്ങൾ എത്രയോ നാളായി അനുഭവിക്കുന്ന ഒരു ദുരന്തമാണിതെന്ന് അവർ പറഞ്ഞു. ഒരുപാട് നാളുകളായിട്ട് അവരെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെയൊക്കെ ഒരു ബാക്കി പത്രമായാണ് ചില സമയത്ത് ഷൈന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടുള്ള പല പ്രതികരണങ്ങളും.

Related Stories

No stories found.
logo
The Cue
www.thecue.in