ഇനിയൊരു പ്രൊജക്ടുമായി ലാലേട്ടന്റെയോ മമ്മൂക്കയുടെയോ അടുത്ത് ചെല്ലുമ്പോൾ അതൊരു 'പെരുച്ചാഴി' ആകരുതെന്ന് നിർബന്ധമുണ്ട് : സാന്ദ്ര തോമസ്

ഇനിയൊരു പ്രൊജക്ടുമായി ലാലേട്ടന്റെയോ മമ്മൂക്കയുടെയോ അടുത്ത് ചെല്ലുമ്പോൾ അതൊരു 'പെരുച്ചാഴി' ആകരുതെന്ന് നിർബന്ധമുണ്ട് : സാന്ദ്ര തോമസ്
Published on

മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ഇനി ഒരു സിനിമ ചെയ്യാൻ ആലോചിക്കുമ്പോൾ പെരുച്ചാഴി പോലൊരു പ്രൊജക്ടുമായിട്ടാകില്ല അവരെ സമീപിക്കാൻ ആ​ഗ്രഹിക്കുന്നതെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ്. നല്ല നിലാവുള്ള രാത്രിയുടെ പശ്ചാത്തലത്തിൽ ക്യു സ്റ്റുഡിയോ നടത്തിയ അഭിമുഖത്തിലാണ് പ്രതികരണം. മോഹൻലാലിനെ നായകനാക്കി ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സാന്ദ്ര തോമസും വിജയ് ബാബുവും നിർമ്മിച്ച ചിത്രമാണ് പെരുച്ചാഴി. അരുൺ വൈദ്യനാഥൻ സംവിധാനം ചെയ്ത ചിത്രം തിയറ്ററിൽ പരാജയപ്പെട്ടിരുന്നു.

സാന്ദ്ര തോമസ് പറഞ്ഞത്.

സിനിമയിലേക്ക് വരുന്ന ഏതൊരാളിന്റെയും ആഗ്രഹമാണ് ലാലേട്ടൻ മമ്മൂക്ക എന്നിവരോടൊപ്പം സിനിമ ചെയ്യുക എന്നത്. അത് എന്റെയും ആഗ്രഹമാണ്. ഞാൻ ലാലേട്ടന്റെ കൂടെ ഒരു സിനിമ ചെയ്തു. പക്ഷേ ഇനി ചെയ്യണമെന്നും ആഗ്രഹമുണ്ട്. മമ്മൂക്കയുടെ കൂടെയും ചെയ്യണമെന്നുണ്ട്. ഇവർ രണ്ടു പേരും എനിക്ക് ഡേറ്റ് തന്നിട്ടുമുണ്ട്. എപ്പോ വേണമെങ്കിലും വരാം, എപ്പോ വേണമെങ്കിവും വന്ന് സംസാരിക്കാം എന്നുള്ള ഒരു സാധ്യത രണ്ട് വശത്തുമുണ്ട്. പക്ഷേ ഞാൻ അവരുടെ അടുത്ത് ഒരു പ്രൊജക്ടുമായി ചെല്ലുമ്പോൾ ഇനിയൊരു 'പെരുച്ചാഴി' ആകരുത് അതെന്ന് എനിക്ക് നിർബന്ധമുണ്ട്. എനിക്ക് അത്രയും കോൺഫിഡന്റായ ഒരു സിനിമയുമായി മാത്രമേ ഞാൻ അവരുടെ അടുത്തേക്ക് പോവുകയുള്ളൂ എന്ന് ഞാൻ തീരുമാനിച്ച് വച്ചിരിക്കുകയാണ്. ഞാൻ സിനിമ ചെയ്യാനായി ആഗ്രഹിച്ചത് തന്നെ ഇത്രയും അവസരങ്ങൾ എനിക്ക് കിട്ടുന്നുണ്ടല്ലോ എന്ന് ഓർത്തിട്ടാണ്. ലാലേട്ടനോടും മമ്മൂക്കയോടും കഥ പറയാൻ എത്രയോ പേർ ആഗ്രഹിക്കുന്നുണ്ട്. എനിക്ക് അവിടെ എപ്പോ വേണമെങ്കിലും കഥ കേൾക്കാമോ എന്ന് ചോദിക്കാനുള്ള ഒരു സ്പേസ് ഉണ്ട്. ആ സ്പേസ് എന്തിനാ കളയുന്നത് എന്ന് കരുതിയാണ് സത്യത്തിൽ ഞാൻ സിനിമാ നിർമാണത്തിലേക്ക് തിരിച്ചു വന്നത് തന്നെ.

മർഫി ദേവസി സംവിധാനം ചെയ്ത നല്ല നിലാവുള്ള രാത്രിയാണ് സാന്ദ്ര തോമസ് നിർമ്മാണ രം​ഗത്തേക്ക് തിരിച്ചെത്തുന്ന സിനിമ. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം. ചെമ്പൻ വിനോദ്, ബാബുരാജ്, ബിനു പപ്പു, ജിനു ജോസഫ് എന്നിവരാണ് പ്രധാന താരങ്ങൾ. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വന്തം പ്രൊഡക്ഷൻ ബാനറിലൂടെ സാന്ദ്രാ തോമസ് തിരിച്ചെത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in