അന്ന് മിണ്ടാതിരുന്നു, നിവിന്‍ പോളിക്കെതിരെ ആരോപണം വന്നപ്പോള്‍ വാര്‍ത്താക്കുറിപ്പിറക്കി; സാന്ദ്ര തോമസിന്റെ ആരോപണം

അന്ന് മിണ്ടാതിരുന്നു, നിവിന്‍ പോളിക്കെതിരെ ആരോപണം വന്നപ്പോള്‍ വാര്‍ത്താക്കുറിപ്പിറക്കി; സാന്ദ്ര തോമസിന്റെ ആരോപണം
Published on

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ മൗനം പാലിച്ച നിർമ്മാതാക്കളുടെ സംഘടന, നിവിൻപോളിക്കെതിരെ ആരോപണം വന്നപ്പോൾ മണിക്കൂറുകൾക്കകം പത്രക്കുറിപ്പിറക്കി എന്ന ആരോപണവുമായി വനിതാ നിർമാതാക്കൾ. സാന്ദ്ര തോമസും ഷീല കുര്യനും അടങ്ങുന്ന വനിതാ നിർമാതാക്കൾ സംഘടനാ നേതൃത്വത്തിന് അയച്ച കത്തിലാണ് ഗുരുതരമായ ആരോപണമുള്ളത്. ചിലരുടെ താൽപര്യങ്ങൾക്കു വേണ്ടി മാത്രമാണ് അസോസിയേഷൻ പ്രവർത്തിക്കുന്നത് എന്നതിന്റെ തെളിവാണ് പത്രക്കുറിപ്പെന്നും കത്തിൽ പറയുന്നു. അമ്മ- മഴവിൽ മനോരമ താരനിശയിൽ പങ്കെടുക്കുന്നതിൽ നിന്ന് നിരവധി നിർമ്മാതാക്കളെ വിലക്കി എന്നതടടക്കമുള്ള ​ഗുരുതര ആരോപണങ്ങളാണ് സാന്ദ്ര തോമസ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നിർമ്മാതാവ് ആന്റോ ജോസഫ്, സെക്രട്ടറി ബി രാകേഷ് എന്നിവർക്കാണ് വനിതാ നിർമ്മാതാക്കൾ കത്തയച്ചത്. സംഘടനാ നേതൃത്വത്തിലുള്ളവർ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അമ്മയുടെ ഉപസംഘടന ആക്കുകയാണോ എന്നും സാന്ദ്ര തോമസ് കത്തിൽ ചോദിച്ചു. അടിയന്തരമായി ജനറൽ വിളിച്ചു ചേർത്ത് തങ്ങളുടെ അഭിപ്രായങ്ങളും ചർച്ച ചെയ്യണമെന്ന് വനിതാ നിർമ്മാതാക്കൾ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

വനിതാ അംഗങ്ങൾ അയച്ച കത്തിന്റെ പൂർണ്ണരൂപം:

ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മലയാള സിനിമ ലോകം സംഭവ ബഹുലമായ സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന ഈ വേളയില്‍ ഞങ്ങളുടെ നിരന്തരമായ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 6/9/2024 ന് ഉച്ചക്ക് 2 മണിക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സ്ത്രീ നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികളും അതിന്റെ പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി സ്ത്രീ നിര്‍മ്മാതാക്കളുടെ ഒരു യോഗം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ ഓഫീസില്‍ വെച്ച് നടക്കുകയുണ്ടായി, തികച്ചും പ്രഹസനം മാത്രമായിരുന്നു ആ യോഗം. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞങ്ങളൊരു ചര്‍ച്ച നടത്തി എന്ന ഒരു മിനുട്ട് ഉണ്ടാക്കുക എന്നതിലപ്പുറം പ്രസ്തുത യോഗത്തിന് ഒരു പ്രസക്തിയും ഉണ്ടായിരുന്നില്ല. പ്രസിഡന്റ് ഈ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല, സെക്രട്ടറി യോഗത്തിന്റെ മിനുട്ടില്‍ ഒപ്പിട്ടതിനു ശേഷം ഇറങ്ങി പോവുകയും ചെയ്തു. സ്വന്തം പേരില്‍ രണ്ട് സിനിമകള്‍ censor ചെയ്യപ്പെട്ട വ്യക്തികള്‍ക്ക് മാത്രമേ പ്രൊഡ്യൂസഴ്‌സ് അസോസിയേഷനില്‍ അംഗത്വം ലഭിക്കൂ എന്നിരിക്കെ സ്വന്തം പേരില്‍ ഒരു പടം പോലും സെന്‍സര്‍ ചെയ്യാത്ത ഒരു പടത്തിന്റെ കോ പ്രൊഡ്യൂസര്‍ മാത്രമായിട്ടുള്ള ഒരു വ്യക്തിയും ആ യോഗത്തില്‍ സന്നിഹിതയായിരുന്നു. മെമ്പര്‍ അല്ലാത്ത ഒരു വ്യക്തി എങ്ങനെയാണ് ഈ യോഗത്തില്‍ പങ്കെടുത്തത് എന്ന് അസോസിയേഷന്‍ വിശദീകരിക്കണം. ഇനി അവര്‍ മെമ്പര്‍ ആണെങ്കില്‍ എങ്ങനെയാണ് അവര്‍ക്ക് മെമ്പര്‍ഷിപ് കിട്ടിയത് എന്നും അസോസിയേഷന്‍ വിശദീകരിക്കേണ്ടതാണ്.

പ്രസ്തുത യോഗത്തില്‍ പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ ഒരു കത്ത് വായിക്കുകയുണ്ടായി, ആ കത്തിലെ ഉള്ളടക്കത്തെ കുറിച്ച് വിയോജിപ്പ് അറിയിച്ചപ്പോള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ശ്രീ അനില്‍ തോമസ് ഞങ്ങളോട് പറഞ്ഞത് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു കഴിഞ്ഞു എന്നാണ്. അങ്ങനെ ഒരു കത്ത് തയാറാക്കുമ്പോള്‍ ജനറല്‍ ബോഡി കൂടിയിട്ടില്ലെങ്കില്‍ പോലും എക്‌സിക്യൂടീവിലെങ്കിലും ചര്‍ച്ച ചെയ്ത് വേണമായിരുന്നു അത്തരമൊരു കത്ത് തയ്യാറാക്കാന്‍. എന്നാല്‍ ഞങ്ങള്‍ മനസ്സിലാക്കിയിടത്തോളം ഇങ്ങനെയൊരു കത്തിനെക്കുറിച്ചു ഒരു വിവരവും എക്‌സിക്യൂട്ടീവിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും ഉണ്ടായിരുന്നില്ല എന്നാണ്. അതില്‍ നിന്ന് നമുക്ക് മനസിലാക്കാന്‍ കഴിയുന്നത് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ചില നിക്ഷിപ്ത താല്പര്യക്കാരുടെ ഇംഗിതങ്ങള്‍ മാത്രമാണ് എന്നുള്ളതാണ്. അസോസിയേഷന്റെ ഇത്തരം സമീപനങ്ങള്‍ സ്ത്രീ നിര്‍മ്മാതാക്കളെ പ്രത്യേകിച്ചും സിനിമ മേഖലയിലെ മറ്റ് സ്ത്രീകളെയും കളിയാക്കുന്നതിനു തുല്യമാണ്. ഇത്തരം പ്രഹസനങ്ങളില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന എന്ന നിലയില്‍ മാറി നില്‍ക്കുകയും ഗൗരവത്തോടെ വിഷയങ്ങളില്‍ സമീപിക്കുകയും വേണം.

അതിന് മറ്റൊരു ഉദാഹരണം കൂടി പറയാന്‍ ആഗ്രഹിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം മൗനത്തിലായിരുന്ന പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ നിവിന്‍ പോളിക്കെതിരെ ആക്ഷേപം ഉണ്ടായപ്പോള്‍ മണിക്കൂറുകള്‍ക്കകം അസോസിയേഷന്‍ പത്രക്കുറിപ്പ് ഇറക്കി. ഇതില്‍ നിന്ന് തന്നെ വളരെ വ്യക്തമാണ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത് ചിലരുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി മാത്രമാണ് എന്ന്.

ഈയിടെ അസോസിയേഷന്റെ ഫണ്ട് സമാഹരണത്തിനു വേണ്ടി പ്രൊഡ്യൂസഴ്‌സ് അസോസിയേഷനും A.M.M.A എന്ന സംഘടനയും മഴവില്‍ മനോരമയുമായി സഹകരിച്ചു ഒരു സ്റ്റേജ് ഷോ നടത്തുകയുണ്ടായല്ലോ ഈ പരിപാടിയിലേക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പ്പടെ 95% നിര്‍മ്മാതാക്കളെയും ക്ഷണിച്ചിരുന്നില്ല. പുറമെ പല അംഗങ്ങളും പറയുന്നത് പങ്കെടുത്തവരെ ഒഴിച്ച് ബാക്കിയുള്ളവരെ പങ്കെടുപ്പിക്കുന്നതില്‍ അമ്മയുടെ ഭാഗത്തു നിന്നും വിലക്കുണ്ടായിരുന്നു എന്നാണ്. അങ്ങനെ ഒരു വിലക്ക് A.M.M.A നിര്‍ദ്ദേശിക്കാന്‍ 'അമ്മ എന്ന സംഘടനയുടെ ഉപ സംഘടനയാണോ പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍?

അസോസിയേഷന്റെ ഈ നടപടിയിലൂടെ ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നത് ബാഹ്യ ശക്തികളാണ് പ്രൊഡ്യൂസഴ്‌സ് അസോസിയേഷനെ നിയന്ത്രിക്കുന്നത് എന്നാണ്. ഈ ഒരു സാഹചര്യത്തിന് മാറ്റം വന്നേ കഴിയു അതിന് ഒരു ജനറല്‍ ബോഡി വിളിച്ചു ചര്‍ച്ച ചെയ്ത് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും തന്നെ ഇല്ല. ഇപ്പോഴുള്ള കമ്മിറ്റി കുറച്ചു വ്യക്തികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത് അതിന് ഒരു മാറ്റം വന്നേ പറ്റൂ. അതുകൊണ്ട് അടിയന്തിരമായി ഒരു ജനറല്‍ ബോഡി വിളിച്ചു വിഷയങ്ങള്‍ സവിസ്തരം ചര്‍ച്ച ചെയ്ത് എല്ലാവരുടെയും അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ട് ഒരു പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു പുതിയ സാഹചര്യത്തെയും പുതിയ കാലത്തെയും അഭിമുഖീകരിക്കണം എന്ന് ഞങ്ങള്‍ വിനീതമായി ആവശ്യപ്പെടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in