'സിനിമാ സംഘടനകള്‍ നിലപാട് വ്യക്തമാക്കിയില്ലങ്കില്‍ പൊതുസമൂഹം കല്ലെറിയും, റിപ്പോര്‍ട്ടില്‍ മൗനം ആർക്കുവേണ്ടി? സാന്ദ്ര തോമസ്

'സിനിമാ സംഘടനകള്‍ നിലപാട് വ്യക്തമാക്കിയില്ലങ്കില്‍ പൊതുസമൂഹം കല്ലെറിയും, റിപ്പോര്‍ട്ടില്‍ മൗനം ആർക്കുവേണ്ടി? സാന്ദ്ര തോമസ്
Published on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് ശേഷം സിനിമാ സംഘടനകള്‍ പ്രതികരണമൊന്നും നടത്താത്തതില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ആര്‍ക്കുവേണ്ടിയാണ് മൗനം പാലിക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സാന്ദ്ര ചോദിക്കുന്നു. റിപ്പോര്‍ട്ടില്‍ പറയുന്ന 15 അംഗ പവര്‍ഗ്രൂപ്പിന്റെ പ്രാതിനിധ്യം എല്ലാ സംഘടനകളിലും ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലോകസിനിമക്ക് ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നില്‍ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണെന്നും ഈ അവസ്ഥ വന്നുചേര്‍ന്നതില്‍ എല്ലാ സിനിമാ സംഘടനകള്‍ക്കും പങ്കുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ പൊതുസമൂഹം കല്ലെറിയും. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം പരിഹാര നടപടികള്‍ ഈ സംഘടനകള്‍ എടുക്കുന്നുവെന്ന് പൊതുവേദിയില്‍ വ്യക്തമാക്കണമെന്നും സാന്ദ്ര തോമസ് ആവശ്യപ്പെട്ടു. അടി കപ്യാരെ കൂട്ടമണി, ആട്, ആമേന്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് സാന്ദ്ര തോമസ്.

സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

സിനിമാ സംഘടനകള്‍ നിലപാട് വ്യക്തമാക്കണം. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടി? അതിനര്‍ത്ഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്ന 15 അംഗ പവര്‍ഗ്രൂപ്പിന്റെ പ്രാതിനിധ്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു പവര്‍ ഗ്രൂപ്പിനെ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് കോംപറ്റിറ്റിവ് കമ്മീഷന്‍ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ പ്രസക്തമാണ്. ഒരു റിപ്പോര്‍ട്ട് പഠിക്കാന്‍ ഒരാഴ്ച എടുക്കേണ്ട കാര്യമില്ലെന്ന് ഞാനും നിങ്ങളും അടക്കം എല്ലാവര്‍ക്കും അറിയാം. ലോകസിനിമക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നില്‍ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ വന്നു ചേര്‍ന്നതില്‍ എല്ലാ സിനിമ സംഘടനകള്‍ക്കും പങ്കുണ്ട്. ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ പൊതുസമൂഹം നമ്മെ കല്ലെറിയും. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം പരിഹാര നടപടികള്‍ ഈ സംഘടനകള്‍ എടുക്കുന്നുവെന്ന് പൊതുവേദിയില്‍ വന്ന് വ്യക്തമാക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in