സന്ധ്യയുടെ റീ പോസ്റ്റ് മോര്‍ട്ടം ഉറപ്പുവരുത്തണം, പൊതു പ്രസ്താവനയുമായി സനൽ കുമാർ ശശിധരൻ

സന്ധ്യയുടെ റീ പോസ്റ്റ് മോര്‍ട്ടം ഉറപ്പുവരുത്തണം, പൊതു പ്രസ്താവനയുമായി സനൽ കുമാർ ശശിധരൻ
Published on

ബന്ധുവായ സന്ധ്യയുടെ മരണത്തില്‍ സമഗ്ര അന്വേഷണമാവശ്യപ്പെട്ടുള്ള സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍റെ പരാതിയിൽ പിന്തുണയുമായി സാംസ്കാരിക പ്രവർത്തകരും. മുഖ്യമന്ത്രിക്ക് നൽകാനായി 90 പേർ ചേർന്ന് ഒപ്പുവെച്ച പ്രസ്താവനയാണ് സനൽ കുമാർ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. കേരളത്തില്‍ അവയവ കച്ചവട മാഫിയ ഉണ്ടെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ സന്ധ്യയുടെ ശരീരം വിദഗ്ധസംഘത്തെക്കൊണ്ട് റീ പോസ്റ്റ് മോര്‍ട്ടം നടത്തേണ്ടത് പൊതുസമൂഹത്തിന്‍റെ കൂടി ആവശ്യമാണെന്ന് പരാതിയിൽ പറയുന്നു‌. റീ പോസ്റ്റ് മോര്‍ട്ടം വേണ്ട എന്ന് സമ്മര്‍ദ്ദമുണ്ടായാല്‍ പോലും സത്യം പുറത്തുവരുന്നതിനായി ഡോക്ടര്‍മാരുടെ ഒരു വിദഗ്ദ്ധസമിതിയുടെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം മാത്രമേ ശവശരീരം ദഹിപ്പിക്കാവൂ എന്ന് ഉറപ്പു വരുത്തണമെന്നാണ് കേരളാ സര്‍ക്കാരിനോടും പൊലീസ് അധികാരികളോടും എഴുത്തിലൂടെ ആവശ്യപ്പെടുന്നത്.

പ്രസ്താവനയുടെ പൂർണരൂപം:

സാംസ്കാരിക പ്രവർത്തകരുടെ പൊതു പ്രസ്താവന

വിഷയം: സന്ധ്യയുടെ ശരീരം പോസ്റ്റ് മോര്‍ട്ടം നടത്തണമെന്നതിനെ സംബന്ധിച്ച്.

സ്വീകര്‍ത്താവ്: കേരള സംസ്ഥാന മുഖ്യമന്ത്രി

പെരുമ്പഴുതൂര്‍ സരസ്വതിവിലാസം ബംഗ്ലാവില്‍ 40 വയസുള്ള സന്ധ്യയുടെ ദുരൂഹ മരണത്തെ സംബന്ധിച്ചും കേരളത്തില്‍ ഉണ്ട് എന്ന് പറയുന്ന അവയവ മാഫിയക്ക് അതുമായുള്ള ബന്ധത്തെ സംബന്ധിച്ചും അന്വേഷണം ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരളാ ഹൈക്കൊടതി മുമ്പാകെ ഫയല്‍ ചെയ്തിട്ടുള്ള WP(C)25315/20 നമ്പര്‍ റിട്ട് പ്രകാരം ഒരു എക്സ്പെര്‍ട്ട് ടീമിനെ നിയോഗിച്ച് റീ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ തീരുമാനമെടുക്കുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്‌ ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഒരു അവയവ കച്ചവട മാഫിയ ഉണ്ടെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും അതേക്കുറിച്ച് അന്വേഷണം നടന്നുവരുന്നതും ആകുന്നു.

2018 ല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന മകളുടെ മാത്രം അറിവോടെ സ്കൂള്‍ വിദ്യാഭ്യാസം ഇല്ലാത്ത സന്ധ്യ എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ വെച്ച് തന്‍റെ കരള്‍ ദാനം ചെയ്തിരുന്നു എന്നതിന്‌ തെളിവുണ്ട്. സന്ധ്യ അതിന്‌‌ പണം കൈപറ്റിയിരുന്നു എന്നും ആരോപണമുണ്ട്. അവയവദാനം എന്ന മഹത്തായ കര്‍മത്തെ അവയവ കച്ചവടം എന്ന ഹീനകൃത്യമായി അട്ടിമറിക്കാതിരിക്കാനായി അവയവദാനം നടത്തുന്ന ആളുടെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിശദമായ അന്വേഷണം നടത്തി പൊലീസ് റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. തദവസരത്തില്‍ അത്തരം ഒരു അന്വേഷണം നടന്നിരുന്നെങ്കില്‍ അടുത്ത ബന്ധുക്കള്‍ അത്തരം ഒരു കാര്യത്തെക്കുറിച്ച് അറിയുമായിരുന്നു. ആയതിനാല്‍ അത്തരം ഒരു അന്വേഷണം പൂഴ്ത്തി വെച്ചുകൊണ്ടാണോ സന്ധ്യയുടെ അവയവ കൈമാറ്റം ഉണ്ടായത് എന്ന് അന്വേഷിക്കേണ്ടതും റെക്കോര്‍ഡ്സ് പ്രകാരം കരള്‍ തന്നെയാണോ കിഡ്നി പോലുള്ള മറ്റേതെങ്കിലും അവയവം നീക്കം ചെയ്തിട്ടുണ്ടോ എന്നും അറിയേണ്ടതും കേരള സമൂഹത്തിന്‍റെ പൊതു ആവശ്യമാണ്‌. എന്നാല്‍ സന്ധ്യയുടെ മരണം കോവിഡ് മരണമാണെന്ന് രേഖപ്പെടുത്തി കൃത്യമായ പോസ്റ്റ് മോര്‍ട്ടം കൂടാതെ ദഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി മുമ്പാകെയുള്ള റിട്ട് പെറ്റിഷനില്‍ ആരോപണം ഉണ്ട്.

സന്ധ്യയുടെ റീ പോസ്റ്റ് മോര്‍ട്ടം ഉറപ്പുവരുത്തണം, പൊതു പ്രസ്താവനയുമായി സനൽ കുമാർ ശശിധരൻ
'പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ സംസ്‌കരിക്കാന്‍ നീക്കം' ; ബന്ധു സന്ധ്യയുടെ മരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി സനല്‍കുമാര്‍ ശശിധരന്‍

ഈ സാഹചര്യത്തില്‍ കോടതി വിധിയനുസരിച്ച് ഒരു ഡോക്ടര്‍മാരുടെ ഒരു വിദഗ്ധസംഘത്തെക്കൊണ്ട് റീ പോസ്റ്റ് മോര്‍ട്ടം നടത്തേണ്ടത് പൊതുസമൂഹത്തിന്‍റെ കൂടി ആവശ്യമാണ്‌. ആയതിനാല്‍ റീ പോസ്റ്റ് മോര്‍ട്ടം വേണ്ട എന്ന് ബന്ധുക്കളുടെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായാല്‍ പോലും സത്യം പുറത്തുവരുന്നതിനായി ഡോക്ടര്‍മാരുടെ ഒരു വിദഗ്ദ്ധസമിതിയുടെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം മാത്രമേ ശവശരീരം ദഹിപ്പിക്കാവൂ എന്ന് ഉറപ്പു വരുത്തണമെന്ന് കേരളാ സര്‍ക്കാരിനോടും പൊലീസ് അധികാരികളോടും ആവശ്യപ്പെടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in