യൂട്യൂബ് ചാനലുകള്‍ക്കെതിരെ മാനനഷ്ട കേസുമായി സമാന്ത

യൂട്യൂബ് ചാനലുകള്‍ക്കെതിരെ മാനനഷ്ട കേസുമായി സമാന്ത

Published on

യൂട്യൂബ് ചാനലുകള്‍ക്കെതിരെ മാനനഷ്ട കേസ് രജിസ്റ്റര്‍ ചെയ്ത തെന്നിന്ത്യന്‍ താരം സമാന്ത പ്രഭു. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയല്‍ വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനാണ് സമാന്ത കേസ് കൊടുത്തിരിക്കുന്നത്. സുമന്‍ ടിവി, തെലുങ്ക് പോപ്പുലര്‍ ടിവി, ചില യൂട്യൂബ് ചാനലകുള്‍ എന്നിവയ്‌ക്കെതിരെയാണ് സമാന്തയുടെ മാനനഷ്ട കേസ്.

ഇതിന് പുറമെ വെങ്കിട്ട് റാവു എന്ന അഭിഭാഷകനെതിരെയും സമാന്ത കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമാന്തയുടെ വിവാഹ ജീവിതത്തെ കുറിച്ച് മോശമായി സംസാരിക്കുകയും താരത്തിന് പ്രണയ ബന്ധമുണ്ടായിരുന്നു എന്ന് പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെയാണ് കേസ്. അടുത്തിടെയാണ് സമാന്തയും നടന്‍ നാഗചൈതന്യയും വിവാഹ ബന്ധം വേര്‍പിരിഞ്ഞത്. ഇതിന് പിന്നാലെ സമാന്തക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് നടന്നത്.

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സമാന്ത തന്റെ പ്രതികരണം അറിയിച്ചിരുന്നു. 'എന്റെ വ്യക്തിപരമായ കാര്യത്തില്‍ നിങ്ങള്‍ ഇത്രയധികം വികാരഭരിതരാവുകയും എന്നോട് സ്‌നേഹവും സഹാനുഭൂതയും പ്രകടപ്പിക്കുകയും ചെയ്യുന്നതില്‍ നന്ദിയുണ്ട്. അതോടൊപ്പം തന്നെ നിങ്ങള്‍ ഉയര്‍ന്ന് വരുന്ന കള്ളക്കഥകളില്‍ നിന്ന് എന്നെ പ്രതിരോധിക്കുകയും ചെയ്യുന്നു. എനിക്ക് പ്രണയബന്ധങ്ങളുണ്ടായിരുന്നെന്നും കുട്ടികളെ വേണ്ടായിരുന്നെന്നും അവസരവാദിയാണെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ ഞാന്‍ ഗര്‍ഭച്ഛിത്രം നടത്തിയെന്നും അവര്‍ പറയുന്നു.

വിവാഹബന്ധം വേര്‍പിരിഞ്ഞത് തന്നെ വലിയ മാനസിക സമ്മര്‍ദ്ദവും വിഷമവും ഉണ്ടാക്കുന്ന കാര്യമാണ്. ആ മുറിവുണങ്ങാനുള്ള സമയം പോലും എനിക്ക് തരുന്നില്ല. അതിന് പുറമെ എന്നെ ക്രൂരമായി ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുന്നു. ഇതിനും മറ്റൊന്നിനും എന്നെ തകര്‍ക്കാനാവില്ല.' -എന്നാണ് സമാന്ത കുറിച്ചത്.

logo
The Cue
www.thecue.in