ആമസോണ്‍ സീരീസായ ‘ഫാമിലി മാന്‍ 2’ റിലീസ് ചെയ്തതിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്റിങ്ങായി വീണ്ടും സമന്താ അക്കിനേനി. സീരീസിൽ സമന്തായുടെ പ്രകടനത്തെ പ്രശംസിച്ചാണ് ട്വിറ്ററിൽ പോസ്റ്റുകൾ വരുന്നത് . എന്നാൽ സീരീസ് റിലീസ് ചെയ്യുന്നതിന് മുൻപ് സമന്തായുടെ കഥാപാത്രത്തെ വിമർശിച്ചുക്കൊണ്ട് ഷെയിംഓൺയുസമന്താ എന്ന ക്യാമ്പയിൻ ആയിരുന്നു ട്വിറ്ററിൽ ട്രെൻഡിങ് ആയിരുന്നത്.
രാജി എന്ന തമിഴ് സ്ത്രീയുടെ കഥാപാത്രത്തെയാണ് സിനിമയിൽ സമന്താ അവതരിപ്പിക്കുന്നത്. 'എന്റെ ജന്മനാടിന് വേണ്ടി എന്റെ ജീവൻ നൽകും, എന്റെ ജന്മ നാടിനു വേണ്ടി പോരാടാനുള്ള ആയുധമാണ് ഞാൻ' എന്നുള്ള സമന്തായുടെ സംഭാഷണങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ച് കൊണ്ടാണ് ആരാധകർ താരത്തെ അഭിനന്ദിക്കുന്നത് . സീരീസ് കാണുന്നതിന് മുൻപ് വിമർശിക്കുവാൻ നടക്കുന്നവർ എവിടെ പോയി എന്ന പരിഹാസവും കമന്റുകളിൽ വരുന്നുണ്ട്. വളരെ ശക്തമായ ഈ കഥാപാത്രത്തെ സമാന്തയ്ക്കു മാത്രമേ കൈകാര്യം ചെയ്യുവാൻ സാധിക്കുകയുള്ളുവെന്നും അഭിപ്രായമുണ്ട്.
ഫാമലി മാന്‍ ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ തമിഴരെ തീവ്രവാദികളായിട്ടാണ് അവതരിപ്പിക്കുന്നതെന്നും സീരിസ് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് എം.ഡി.എം.കെ എം.പി വൈകോ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി സീരീസിന്റെ അണിയറപ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. സീരീസിന്റെ ട്രെയ്‌ലറിന്റെ ചില ഭാഗങ്ങള്‍ മാത്രം കണ്ടാണ് പലരും വാദങ്ങൾ ഉയർത്തുന്നത്. അവരെല്ലാം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. എഴുത്തുകാരും അഭിനേതാക്കളും ഉള്‍പ്പടെയുള്ള ഭൂരിഭാഗം പേരും സീരീസിൽ തമിഴ് വംശജരാണ്. തമിഴ് സംസ്‌കാരത്തേയും ചരിത്രത്തേയും അങ്ങേയറ്റം ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍. എല്ലാവരും സീരീസ് കണ്ടതിന് ശേഷം തീരുമാനമെടുക്കൂ എന്നാണ് സംവിധായകന്റെ വിശദീകരണം.സീരീസ് സംവിധാനം ചെയ്ത രാജ് ആന്റ് ഡി.കെയാണ് മറുപടിയുമായി രംഗത്തെത്തിയത്.