'ഒരാളെ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ എന്നെ ഉൾപ്പെടുത്തരുത്'; സുരേഷ് ഗോപിക്കെതിരെ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് സലിം കുമാർ

'ഒരാളെ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ എന്നെ ഉൾപ്പെടുത്തരുത്'; സുരേഷ് ഗോപിക്കെതിരെ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് സലിം കുമാർ
Published on

നടൻ സുരേഷ് ​ഗോപിയ്ക്ക് എതിരെ തന്റേതെന്ന തരത്തിൽ സമൂഹ​ മാധ്യമങ്ങിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് നടൻ സലിം കുമാർ. തനിക്ക് പ്രസ്തുത പോസ്റ്റുമായി യാതൊരു തരത്തിലുമുള്ള ബന്ധവുമില്ലെന്നും വ്യക്തഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ തന്നെ ഉൾപ്പെടുത്തരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നുവെന്നും സലീം കുമാർ മനോരമ ഓൺലെെനിനോട് പറഞ്ഞു. തൃശൂരിലെ സുരേഷ് ​ഗോപിയുടെ ജയത്തിനെതിരെ സലിം കുമാറിന്റെ പ്രതികരണം എന്ന തരത്തിലാണ് പോസ്റ്റ് പ്രചരിച്ചത്. സലിം കുമാറിന്റെ പേരിൽ വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചവർക്കെതിരെ വടക്കേക്കര പോലീസ് കേസിടുത്തിട്ടുണ്ട്. കേസ് എടുത്തു എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റും സലിം കുമാർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

സലിം കുമാർ പറഞ്ഞത്:

എനിക്ക് സഹോദര തുല്യനായ സുരേഷ് ഗോപിയെ അപകീർത്തി പെടുത്തുന്ന രീതിയിലുള്ള ഒരു പോസ്റ്റ്‌ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ല. മീമുകൾക്കും മറ്റുമായി എന്റെ ചിത്രങ്ങൾ ട്രോളന്മാർ ഉപയോഗിക്കാറുണ്ട്. അതിൽ വളരെ സന്തോഷവും ഉണ്ട്. എന്നാൽ ഇത്തരത്തിൽ മറ്റൊരാളെ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ എന്നെ ഉൾപ്പെടുത്തരുതെന്ന് താഴ്മയായി അഭ്യർഥിക്കുന്നു.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം സ്വന്തമാക്കിയ സുരേഷ് ഗോപിയ്ക്ക് അഭിനന്ദനങ്ങളറിയിച്ചിട്ടുണ്ടായിരുന്നു മുമ്പ് സലിം കുമാർ. രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷമുണ്ടെന്ന് സലിം കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

വരാഹം എന്ന ചിത്രമാണ് അടുത്തതായി സുരേഷ് ​ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സനൽ വി ദേവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പത്തിയേഴാമത്തെ ചിത്രമാണിത്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌ പടിയൂർ എന്റർടൈൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ്‌ പടിയൂർ എന്നിവർ ചേർന്ന് ആണ് ചിത്രം നിർമിക്കുന്നത്. സുരാജ്‌ വെഞ്ഞാറമൂട്, ഗൗതം വാസുദേവ് ​​മേനോൻ, നവ്യാ നായർ, പ്രാചി തെഹ്‌ലാൻ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.

ഇന്ദ്രൻസ്, സാദിഖ്, ശ്രീജിത്ത്‌ രവി, ജയൻ ചേർത്തല, സന്തോഷ്‌ കീഴാറ്റൂർ, സരയു മോഹൻ, ഷാജു ശ്രീധരർ, മാസ്റ്റർ ശ്രീപത് യാൻ, സ്റ്റെല്ല സന്തോഷ്‌, അനിത നായർ, മഞ്ജുഷ, ജ്യോതി പ്രകാശ്, കേശവ് സുഭാഷ് ഗോപി, കൗഷിക് എം വി, മാസ്റ്റർ നന്ദഗോപൻ, മാസ്റ്റർ ക്രിസ്റ്റോഫർ ആഞ്ചേലോ, മാസ്റ്റർ ശ്രീരാഗ്, ബേബി ശിവാനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' എന്ന ചിത്രത്തിന് ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവഹിക്കുന്നു. മനു സി കുമാർ ആണ് സിനിമയുടെ തിരക്കഥയും സംഭാഷണമെഴുതുന്നത്. കഥ ഒരുക്കുന്നത് ജിത്തു കെ ജയൻ, മനു സി കുമാർ ചേർന്നാണ്.

Related Stories

No stories found.
logo
The Cue
www.thecue.in