പുലിവാൽ കല്യാണം എന്ന സിനിമയുടെ പേരിൽ തനിക്ക് കിട്ടിയ ക്രെഡിറ്റിന്റെ പകുതിയും താൻ കൊടുക്കുന്നത് കൊച്ചിൻ ഹനീഫയ്ക്കാണെന്ന് നടൻ സലിം കുമാർ. സാധാരണ മറ്റ് നടൻമാർ അതുപോലെ ഒരു കോമ്പിനേഷനുവേണ്ടി നിന്ന് തരില്ല. താൻ എന്തെങ്കിലും പറഞ്ഞ് തുടങ്ങിയാൽ ഹനീഫ് ചിരിക്കും. അതുകൊണ്ട് പുലിവാൽ കല്യാണത്തിന്റെ ഷൂട്ടിങ്ങിനിടയിൽ സംവിധായകൻ ഷാഫിക്ക് ബുദ്ധിമുട്ടുണ്ടായി. മറ്റൊരു അഭിനേതാവാണ് ആ കഥാപാത്രം ചെയ്തിരുന്നതെങ്കിൽ ഈ രീതിയിൽ എത്തില്ലായിരുന്നുവെന്ന് അമൃത ടിവിയുടെ 'ഓർമ്മയിൽ എന്നും' പരിപാടിയിൽ കൊച്ചിൻ ഹനീഫയെ അനുസ്മരിച്ചുകൊണ്ട് സലിം കുമാർ പറഞ്ഞു.
ജയസൂര്യ, കാവ്യ മാധവൻ, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഫിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് പുലിവാൽ കല്യാണം. ചിത്രത്തിൽ ടാക്സി ഡ്രൈവർ ധർമേന്ദ്ര എന്ന കഥാപാത്രത്തെയാണ് കൊച്ചിൻ ഹനീഫ അവതരിപ്പിച്ചത്. മണവാളൻ എന്ന കഥാപാത്രമായി സലിം കുമാർ എത്തിയ ചിത്രത്തിലെ കോമഡി രംഗങ്ങൾ നേരത്തെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ട്രോളുകളിലും മീമുകളിലുമായി ചിത്രത്തിലെ തമാശകൾ ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്.
സലിം കുമാർ പറഞ്ഞത്:
സിനിമയിൽ ഏറ്റവും കൂടുതൽ ഞാൻ സൗഹൃദം സൂക്ഷിച്ച വ്യക്തിയാണ് ഹനീഫിക്ക. പക്ഷെ എവിടെ വെച്ചാണ് ആ സൗഹൃദം വന്നത് എന്ന് എനിക്കറിയയില്ല. ഒരുപാടു സിനിമകളിൽ ഞങ്ങൾ ജോഡി പോലെ തന്നെ അഭിനയിച്ചിട്ടുണ്ട്. 'പുലിവാൽ കല്യാണം' എന്ന സിനിമയിൽ എനിക്ക് പേരുണ്ടായതിന്റ പകുതി ക്രെഡിറ്റും ഹനീഫിക്കയ്ക്കാണ്. സാധാരണ മറ്റ് നടന്മാർ ആണെങ്കിൽ അതുപോലെ ഞാൻ ലീഡ് ചെയ്യുന്ന ഒരു കോമ്പിനേഷന് ആ രീതിയിൽ നിന്ന് തരില്ല. സിനിമയുടെ ഒരു ഭാഗം കഴിയുമ്പോൾ തൊഴിലാളിയെപോലെ നിക്കുന്ന കഥാപാത്രമാണ് ധർമേന്ദ്ര. ചിലർക്കൊക്കെ അത് മതി ഫീലാവാൻ. എത്രയോ തവണ അങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഞാൻ എന്തെങ്കിലും പറഞ്ഞു തുടങ്ങുമ്പോൾ തന്നെ ഹനീഫിക്ക ചിരി തുടങ്ങും. അതുകൊണ്ട് ഷൂട്ട് ചെയ്യുമ്പോൾ ഷാഫിക്ക് പ്രശ്നമായിരുന്നു. തമാശകൾക്ക് ചിരിച്ചും പ്രോത്സാഹിപ്പിച്ചും ഒപ്പം നിന്ന ഹനീഫിക്കയ്ക്ക് തന്നെയാണ് പുലിവാൽ കല്യാണത്തിന്റെ ക്രെഡിറ്റിന്റെ പകുതിയും ഞാൻ കൊടുക്കുക. മറ്റൊരു അഭിനേതാവാണ് ആ സ്ഥാനത്തെങ്കിൽ ഈ രീതിയിൽ ആകില്ലായിരുന്നു.