പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയ ചിത്രം 2023 ലെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. 95 കോടിയോളം രൂപയാണ് റിപ്പോർട്ട് പ്രകാരം സലാറിന്റെ ഡൊമസ്റ്റിക്ക് ബോക്സ് ഓഫീസ് ഓപ്പണിംഗ് കളക്ഷൻ എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. രൺബീർ കപൂർ ചിത്രമായ ആനിമൽ, ഷാരൂഖ് ചിത്രങ്ങളായ ജവാൻ, പഠാൻ എന്നീ ചിത്രങ്ങളുടെ റെക്കോർഡിനെയാണ് സലാർ ഇതോട് കൂടി മറി കടന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ഡേ കളക്ഷൻ നേടിയ ചിത്രം മുമ്പ് ആറ്റ്ലീയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായെത്തിയ ജവാനായിരുന്നു. ഒരു മുഴുനീള ആക്ഷൻ ചിത്രമായ സലാർ കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂരാണ് നിർമിച്ചത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
ശ്രുതി ഹാസന്‍, ഈശ്വരി റാവു, ഗരുഡ റാം, ടിനു ആനന്ദ്, ജഗപതി ബാബു, ശ്രേയ റെഡ്ഡി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. പ്രശാന്ത് നീലിന്റേത് തന്നെയാണ് സിനിമയുടെ കഥയും,തിരക്കഥയും. സൗഹൃദമാണ് സലാറിന്റെ കോർ ഇമോഷനെന്നും ഏറ്റവും വലിയ ശത്രുക്കളായി മാറുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാറെന്നും മുമ്പ് സംവിധായകൻ പ്രശാന്ത് നീൽ വെളിപ്പെടുത്തിയിരുന്നു. താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും അധികം വയലന്‍സുള്ള കഥാപാത്രമാണ് സലാറിലേതെന്ന് പ്രഭാസും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.