ദേശിയ അന്തർദേശിയ പുരസ്കാരങ്ങൾ നേടിയ സംവിധായകൻ സജിൻ ബാബു സംവിധാനം ചെയ്ത 'ബിരിയാണി' ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസിന്റെ കോഴിക്കോടുള്ള ആർ പി മാളിൽ പ്രദർശിപ്പിക്കുവാൻ അനുവദിക്കുന്നില്ലെന്ന് സംവിധായകൻ. സിനിമയിൽ സെക്ഷ്വൽ സീനുകൾ കൂടുതലായതാണ് തീയറ്ററുമായി ബന്ധപ്പെട്ടപ്പോൾ മാനേജർ പറഞ്ഞതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ സജിൻ ബാബു വ്യക്തമാക്കി. രാജ്യത്തെ സെൻസർ ബോർഡ് A സർട്ടിഫിക്കറ്റോടുകൂടി ക്ലിയർ ചെയ്ത സിനിമ പ്രദർശിപ്പിക്കില്ലെങ്കിൽ ആദ്യമേ വ്യക്തമാക്കേണ്ടതാണെന്നും സജിൻ ബാബു പറഞ്ഞു.
സജിൻ ബാബുവിന്റെ ഫേസ്ബുക് പോസ്റ്റ്
ദേശീയ,സംസ്ഥാന,അന്തർദേശിയ അംഗീകാരങ്ങൾ നേടിയ, രാജ്യത്തെ സെൻസർ ബോർഡ് A സർട്ടിഫിക്കറ്റോടുകൂടി ക്ലിയർ ചെയ്ത ഞങ്ങളുടെ ചിത്രം "ബിരിയാണി'' കോഴിക്കോട് മോഹൻലാൽ സാറിൻ്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് RP മാളിൽ രണ്ട് പ്രദർശനങ്ങൾ ചാർട്ട് ചെയ്യുകയും, പോസ്റ്റർ ഒട്ടിക്കുകയും, കാശ് അടക്കുകയും ചെയ്തതിന് ശേഷം സിനിമ പ്രദർശിപ്പിക്കില്ല എന്ന് അറിയിച്ചിരിക്കുകയാണ്. കാരണം അന്വേഷിച്ചപ്പോൾ മാനേജർ പറയുന്നത് സദാചാര പ്രശ്നമാണ് (സെക്ഷ്വൽ സീനുകൾ കൂടുതലാണത്രെ). ഇതുതന്നെയാണോ യഥാർത്ഥ കാരണം, അതോ കുരു പൊട്ടിയ മറ്റാരുടേയെങ്കിലും ഇടപെടലാണോ ഇങ്ങനെയുള്ള ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത് എന്ന് മനസ്സിലാകുന്നില്ല. തിയറ്ററുകൾ A സെർട്ടിഫിക്കറ്റ് കിട്ടിയ പടങ്ങൾ പ്രദർശിപ്പിക്കില്ല എങ്കിൽ അത് ആദ്യമേ വ്യക്തമാക്കേണ്ടതാണ്. അല്ലാതെ സദാചാരപോലീസ് കളിക്കുകയല്ല വേണ്ടത്. ഈ ജനാധിപത്യ രാജ്യത്ത് സൂപ്പർ സെൻസർ ബോർഡ് ആകാൻ തിയറ്ററുകൾക്ക് എന്താണ് അധികാരം..? ഇത് ഒരുതരത്തിൽ സാംസ്കാരിക ഫാസിസം തന്നെയാണ്.
സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ബിരിയാണി' നിരവധി അംഗീകാരങ്ങൾ ലഭിച്ചിരുന്നു . യുഎഎൻ ഫിലിം ഹൗസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കനി കുസൃതി, ഷൈലജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് യുവ മുസ്ലിം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ബിരിയാണി എന്ന സിനിമ ചർച്ച ചെയ്യുന്നത്. തിരുവനന്തപുരത്ത് കടൽത്തീരത്തിനടുത്താണ് രണ്ട് സ്ത്രീകളും താമസിക്കുന്നത്. അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില ഗുരുതരമായ സംഭവങ്ങളും തുടർന്നുള്ള അവരുടെ യാത്രയുടെയും അവരുടെ പോരാട്ടങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്. പ്രധാന കഥാപാത്രമായ കദീജയെ കനി കുസൃതിയും സുഹറ ബീവിയായി ശൈലജയും അഭിനയിച്ചിരിക്കുന്നു.