സോഷ്യൽ മീഡിയ കാരണം ഒരുപാട് സമയം നഷ്ടമായെന്നും അതുകൊണ്ടാണ് അത് ഒഴിവാക്കിയതെന്നും നടൻ സെയ്ഫ് അലി ഖാൻ. ഭാര്യ കരീന കപൂർ ഇൻസ്റ്റാഗ്രാം ആസ്വദിക്കുന്ന ആളാണ്. ജീവിതം ആസ്വദിക്കാനാണ് തനിക്ക് ആഗ്രഹം. ബുക്ക് വായിക്കുന്നത് പോലെ പ്രയോജനം ഉണ്ടാകുന്ന കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സാമൂഹ്യ മാധ്യമങ്ങൾ നഷ്ടം തന്നെയാണ്. അതിലൂടെ വന്നേക്കാവുന്ന നെഗറ്റീവ് ചിന്തകളുമായി അധികനേരം ചിലവഴിക്കാനാകില്ല. സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ആളെന്ന് മറ്റുള്ളവർ പറയുമ്പോൾ എനിക്ക് നല്ലതായിട്ടാണ് തോന്നിയിട്ടുള്ളത് എന്നും ഇന്ത്യാ ടുഡേ കോൺക്ലേവിൽ സെയ്ഫ് അലി ഖാൻ പറഞ്ഞു.
സെയ്ഫ് അലി ഖാൻ പറഞ്ഞത്:
ഇൻസ്റ്റാഗ്രാം ക്വീനാണ് വീട്ടിൽ എന്റെ ഭാര്യ. ഭക്ഷണം, യാത്ര എന്നിവ പോലെ കൗതുകകരമായ ഒരുപാട് കാര്യങ്ങൾ അവർ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഫോട്ടോ എടുക്കുന്നത് തന്നെ ആ നിമിഷത്തെ നശിപ്പിക്കുമെന്നാണ് കരുതുന്നത്. ജീവിതം ആസ്വദിക്കാനാണ് എനിക്ക് ആഗ്രഹം. ഒരു ഫോട്ടോ എടുക്കാം എന്ന് ഭാര്യ പറയുമ്പോൾ ഞാനും കുട്ടികളും ഒക്കെ വേണ്ട എന്ന് പറയും. ഒരു കാര്യം ഷൂട്ട് ചെയ്യുന്നതിനൊപ്പം അത് അനുഭവിക്കാനാകുമോ എന്നുള്ളതാണ് ചോദ്യം. ഒരു ഫോട്ടോഗ്രാഫറോട് ചോദിച്ചാൽ രണ്ടും ഒരുമിച്ച് നടത്തുക ബുദ്ധിമുട്ടാണെന്ന് പറയും. ഞാൻ ചിലപ്പോൾ സോഷ്യൽ മീഡിയ ഭാവിയിൽ ഉപയോഗിക്കുമായിരിക്കും. അതിനെക്കുറിച്ച് ആർക്കും പറയാനാകില്ല.
സോഷ്യൽ മീഡിയയെ എതിർക്കുന്ന രീതിയിലല്ല ഞാനിത് പറയുന്നത്. വ്യക്തിപരമായി സമയം കുറെ ഉപയോഗിക്കേണ്ടി വരുന്ന ഇടമായാണ് സോഷ്യൽ മീഡിയയെ തോന്നുന്നത്. ഒരു സമയത്ത് ഞാൻ ഇൻസ്റ്റാഗ്രാം ഉപയോഗിച്ചിട്ടുണ്ട്. ഒരുപാട് സമയം നശിപ്പിച്ചുകളഞ്ഞു എന്ന തോന്നലുണ്ടായപ്പോൾ ആപ്പ് ഒഴിവാക്കുകയായിരുന്നു. ബുക്ക് വായിക്കുന്നത് പോലെ സമയത്തിന് പ്രയോജനം ഉണ്ടാകുന്ന കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടമാണ് തോന്നിയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ സമയം തീരുന്നേയില്ല. അത് നിങ്ങളെ വിഴുങ്ങി കളയും. അതെനിക്ക് ഇഷ്ടമല്ല. എന്നെപ്പോലെയുള്ള ഒരാൾക്ക് അത് അപകടകരമാണ്. സോഷ്യൽ മീഡിയ വഴി വന്നേക്കാവുന്ന നെഗറ്റീവ് ചിന്തകളുമായി അധികനേരം ചിലവഴിക്കാൻ ആകില്ല. എനിക്ക് പറ്റിയ കാര്യമല്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ആളെന്ന് മറ്റുള്ളവർ പറയുമ്പോൾ നല്ലതായിട്ടാണ് തോന്നിയിട്ടുള്ളത്.