'കലി എനിക്ക് ഇഷ്ടപ്പെട്ട സിനിമ, അണ്ടറേറ്റഡ് ആണെന്ന് തോന്നിയിട്ടില്ല'; സായ് പല്ലവി

'കലി എനിക്ക് ഇഷ്ടപ്പെട്ട സിനിമ, അണ്ടറേറ്റഡ് ആണെന്ന് തോന്നിയിട്ടില്ല'; സായ് പല്ലവി
Published on

'കലി' തനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ് എന്ന് നടി സായ് പല്ലവി. സമീർ താഹിറിന്റെ സംവിധാനത്തിൽ സായ് പല്ലവിയും ദുൽഖർ സൽമാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു റൊമാൻ്റിക് ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു 'കലി'. നിസ്സാര പ്രശ്നങ്ങൾക്ക് പോലും ദേഷ്യം വരുന്ന നായകന്റെ ജീവിതത്തിലുണ്ടാക്കുന്ന പൊല്ലാപ്പുകളെ ആസ്പദമാക്കി എത്തിയ ചിത്രമാണിത്. 'കലി' ഒരു അണ്ടർറേറ്റഡ് സിനിമയാണ് എന്ന് താൻ കരുതുന്നില്ലെന്നും 'ഫിദ'യും 'പ്രേമ'വും പോലെ അത് വലിയൊരു തരത്തിൽ പ്രേക്ഷകരിലേക്ക് എത്താതിരുന്നത് എന്തുകൊണ്ടാണെന്ന് മുമ്പ് ചിന്തിച്ചിരുന്നുവെന്നും സായ് പല്ലവി പറയുന്നു. 'അമരൻ' എന്ന ചിത്രവുമായി ബന്ധപ്പെട്ട് ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് സായ് പല്ലവി ഇതിനെക്കുറിച്ച് പറഞ്ഞത്.

സായ് പല്ലവി പറഞ്ഞത്:

'കലി' ഒരു അണ്ടറേറ്റഡ് സിനിമയാണെന്ന് പറയാൻ സാധിക്കില്ല. ചില സമയത്ത് പ്രേക്ഷകർ വളരെ വ്യത്യസ്തരായിരിക്കുമല്ലോ.. അവർ ചില സിനിമകളെ ചില സമയത്താണ് അം​ഗീകരിക്കുക. എല്ലാ സിനിമകൾക്കും അതാത് സമയത്ത് ആ അം​ഗീകാരം ലഭിക്കും. ഫിദയും പ്രേമവും എല്ലാം പ്രണയത്തെ കുറച്ചു കൂടി ഡിഫൈൻഡായി എഴുതിയിരിക്കുന്നത് കൊണ്ടാണ് അതൊരു മാസ് ഓഡിയൻസിന് വർക്ക് ആയത്. മലയാള സിനിമയിൽ അവർ അത്തരത്തിലുള്ള വലിയ പ്രഷർ എടുക്കാറില്ല, ഉദാഹരണത്തിന് ആവേശം പോലെയുള്ള സിനിമകൾ ചെയ്യുമ്പോൾ അത് തിയറ്ററിൽ എങ്ങനെ വർക്കാവും എന്ന് ആലോചിച്ചായിരിക്കും അവർ അത് ചെയ്തിരിക്കുക. കലി എന്ന സിനിമ ഞങ്ങൾ ചെയ്യുമ്പോൾ അതൊരാളുടെ ജീവിതത്തിന്റെ ഏടാണ് എന്ന തരത്തിലാണ് അത് ചെയ്തത്. എനിക്ക് അതാണ് ആ സിനിമയുടെ സെറ്റിൽ നിരീക്ഷിക്കാൻ സാധിച്ച കാര്യം. അത് അണ്ടറേറ്റഡ് ആണെന്ന് പറയുമ്പോൾ‌, എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ് അത്. അത് എന്തുകൊണ്ടൊരു മാസ് ഓഡിയൻസിലേക്ക് എത്തിയിട്ടില്ലെന്നൊരു ചിന്തയുണ്ടായിട്ടുണ്ട്. പക്ഷേ എല്ലാ സിനിമകളും പ്രേമം പോലെ വർക്ക് ആകുമെന്ന് കരുതാൻ സാധിക്കില്ലല്ലോ?

ശിവകാർത്തികേയൻ നായകനായി എത്തുന്ന 'അമരനാ'ണ് സായ് പല്ലവിയുടേതായി ഇനി തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. ഒക്ടോബർ 31 ന് ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിൽ ഇന്ദു റെബേക്ക വർഗീസ് എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. മേജർ മുകുന്ദ് വരദരാജൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നിർമാതാവ് കൂടിയായ കമൽഹാസൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ജിവി പ്രകാശ് കുമാർ ആണ് അമരന്റെ സംഗീത സംവിധാനം.

Related Stories

No stories found.
logo
The Cue
www.thecue.in