ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായ ജോജി സിനിമയെ വിമർശിച്ച് കവി സച്ചിദാനന്ദൻ. ഷേക്സ്പിയര്‍ ശവക്കുഴിയില്‍ കിടന്ന് പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ലെന്നും പ്രാകൃതമായ ആവിഷ്കാരമായി സിനിമ ചരുങ്ങിയെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ സച്ചിദാനന്ദൻ വ്യക്തമാക്കി. സിനിമയുടെ വിശദാംശങ്ങളില്‍ അല്ല കോൺസെപ്റ്റിൽ തന്നെയാണ് പ്രശ്നമെന്ന് സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.
സച്ചിദാനന്ദൻ എഴുതിയ കുറിപ്പ്
ഷേക്സ്പിയര്‍ ശവക്കുഴിയില്‍ കിടന്ന് പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന്‍ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ് മുതലാളിയുടെ മടിയനായ മകന്റെ ധനാര്‍ത്തിയുടെ പ്രാകൃതമായ ആവിഷ്കാരമായി ചുരുങ്ങി.( ആ പ്രേത ദര്‍ശനം തരക്കേടില്ല.) ഏതു ധനികഗൃഹത്തിലും നടക്കാവുന്ന , അനേകം സിനിമ കളില്‍ കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘര്‍ഷത്തിന്റെയും പ്ലെയിങ് ഔട്ട് മാത്രം. പ്രശ്നം വിശദാംശങ്ങളില്‍ അല്ല, കോൺസെപ്റ്റിൽ തന്നെയാണ്, അതിനാല്‍ അഭിനേതാക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല.
അതേസമയം പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദിലീഷ് പോത്തന്റെ മാസ്റ്റർ പീസ് ചിത്രമെന്നാണ് ജോജി കണ്ട പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടത്. തിരക്കഥയും, കാസ്റ്റിംഗും, ക്യാമറയും, പശ്ചാത്തല സംഗീതവും, സംവിധാനവും അങ്ങനെ സിനിമയുടെ പ്രധാനപ്പെട്ട ഘടകങ്ങളെ ഇഴകീറി പരിശോധിക്കുമ്പോൾ ബ്രില്ലിയൻറ് സിനിമ എന്ന വിശേഷണമാണ് ഭൂരിപക്ഷം പ്രേക്ഷകരും ജോജിക്ക് നൽകുന്നത്.