ശബരിമല വിഷയത്തിലുള്ള സിപിഎം നിലപാട് മാറ്റത്തെ വിമർശിച്ച് നടൻ ജോയ് മാത്യു. സിപിഎമ്മിന്റെ നിലപാട് മാറ്റത്തക്കുറിച്ച് സന്ദേശം എന്ന സിനിമയിലെ ശ്രീനിവാസനും ശങ്കരാടിയും തമ്മിലുള്ള സംഭാഷണത്തിന്റെ ട്രോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് ജോയ് മാത്യു സിപിഎം നിലപാടിനെ വിമർശിച്ചത് . വൈരുദ്ധ്യാത്മക ഭൗതിക വാദം നമ്മൾ ഉപേക്ഷിക്കുന്നു എന്ന് ശങ്കരാടി ശ്രീനിവാസനോട് പറയുമ്പോൾ ലളിതമായി പറയാമോ എന്ന് ശ്രീനിവാസൻ തിരിച്ചു ചോദിക്കുന്നുണ്ട്. അപ്പോൾ സ്വാമി ശരണം എന്നാണ് ശങ്കരാടിയുടെ മറുപടി. ബെസ്റ്റ് ട്രോൾ ഓഫ് ദി ഡേ എന്നായിരുന്നു ജോയ് മാത്യു നൽകിയ തലക്കെട്ട്.
ശബരിമല വിഷയത്തിൽ ജനവികാരം കണക്കിലെടുക്കണമെന്നാണ് സിപിഐഎം നിലപാടെന്ന് സിപിഐഎം പോളിറ് ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള വ്യക്തമാക്കിയിരുന്നു. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന് പ്രസക്തി നഷ്ടമായെന്ന് നേരത്തെ സിപിഎം കേന്ദ്ര കമ്മറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്ററും പറഞ്ഞിരുന്നു.
ഈ മണ്ഡലകാലത്ത് വെർച്വൽ ക്യൂ ബുക്കിങ് നടത്തിയത്, അമ്പത് വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ദർശനത്തിന് അനുമതി നൽകാതെയായിരുന്നു. യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കു പിന്നാലെ ശബരിമലയില്‍ 50 വയസിന് താഴെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് അനുകൂല നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. അതിനുശേഷം ഇതാദ്യമായാണ് 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ദര്‍ശനം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.