കൊവിഡ് വ്യാപനം കുറഞ്ഞാല്‍ 'ആര്‍ആര്‍ആര്‍' മാര്‍ച്ചില്‍ എത്തും; അല്ലെങ്കില്‍ ഏപ്രിലില്‍ റിലീസെന്ന് അണിയറ പ്രവര്‍ത്തകര്‍

കൊവിഡ് വ്യാപനം കുറഞ്ഞാല്‍ 'ആര്‍ആര്‍ആര്‍' മാര്‍ച്ചില്‍ എത്തും; അല്ലെങ്കില്‍ ഏപ്രിലില്‍ റിലീസെന്ന് അണിയറ പ്രവര്‍ത്തകര്‍
Published on

എസ്. എസ് രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ആര്‍.ആര്‍.ആറിന്റെ റിലീസ് കൊവിഡ് വ്യാപനത്താല്‍ മാറ്റി വെച്ചിരുന്നു. കൊവിഡ്-ഒമിക്രോണ്‍ സാഹചര്യത്തില്‍ രാജ്യത്ത് തിയേറ്ററുകള്‍ അടച്ചതിനാലായിരുന്നു ഈ തീരുമാനം. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. രോഗ വ്യാപനത്തില്‍ കുറവ് സംഭവിച്ചാല്‍ ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യും. അല്ലെങ്കില്‍ ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

'കൊവിഡ് വ്യാപനം കുറഞ്ഞ് രാജ്യത്തെ തിയേറ്ററുകള്‍ തുറക്കുകയും മുഴുവന്‍ കപ്പാസിറ്റില്‍ പ്രദര്‍ശനാനുമതി ലഭിക്കുകയും ചെയ്താല്‍ ആര്‍ആര്‍ആര്‍ മാര്‍ച്ച് 18ന് തിയേറ്ററിലെത്തും. അല്ലെങ്കില്‍ ഏപ്രില്‍ 28ന് റിലീസ് ചെയ്യും.' - ആര്‍ ആര്‍ ആര്‍ ടീം

ബാഹുബലിക്ക് ശേഷമുള്ള രാജമൗലിയുടെ ആദ്യ ചിത്രം കൂടിയാണ് ആര്‍.ആര്‍.ആര്‍. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

ചിത്രത്തിന്റെ എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തില്‍ കുമാറും നിര്‍വഹിക്കുന്നു. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സംഗീതം: എം.എം. കീരവാണിയാണ് നിര്‍വഹിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in