മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്സിലേക്ക് തിരിച്ചെത്താനൊരുങ്ങി നടൻ റോബർട് ഡൗണി ജൂനിയർ. എന്നാൽ ഇത്തവണ അയൺ മാൻ ആയല്ല പകരം ഡോക്ടർ ഡൂം ആയാണ് ഡൗണി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക. അവഞ്ചേഴ്‌സ്: ഡൂംസ്‍ഡേ എന്നാണ് ചിത്രത്തിന്റെ പേര്. 2026 മേയിലായിരിക്കും ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. സാന്‍ഡിയാഗോയിൽ നടന്ന കോമിക്‌കോൺ പരിപാടിയിലാണ് മാർവൽ സ്റ്റുഡിയോ ഡയറക്ടർ കെവിന്‍ ഫീജും റോബർട്ടും ഇക്കാര്യം സ്ഥിരീകരിച്ചത്.
ഫന്റാസ്റ്റിക്ക് ഫോറിലെ പ്രതിനായകവേഷമായ ഡോക്ടർ ഡൂമായാണ് റോബർട്ട് ഡൗണി എത്തുന്നത്. 2027ല്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന അവഞ്ചേഴ്‌സ്: സീക്രട്ട് വാർസ് എന്ന ചിത്രത്തിലും ഡോക്ടർ ഡൂമായി റോബർട്ട് ഡൗണി എത്തും. ഈ രണ്ട് ചിത്രങ്ങളും റൂസൊ സഹോദരന്മാരാണ് സംവിധാനം ചെയ്യുന്നത്.
‘ഞങ്ങൾ ഡോക്ടർ ഡൂമിനെ സ്‌ക്രീനിലേക്ക് കൊണ്ടുവരാൻ പോകുകയാണ്. ഇത് മാർവൽ കോമിക്സിലെ ഏറ്റവും സങ്കീർണമായ കഥാപാത്രങ്ങളിൽ ഒന്നാണ്, ഏറ്റവും രസകരമായ കഥാപാത്രവും. അതിന് ലോകത്തിലെ ഏറ്റവും മികച്ച നടനെ ഞങ്ങൾക്ക് ആവശ്യമാണ്.’’ ഹോളിവുഡ് റിപ്പോർട്ടർക്കു നല്‍കിയ അഭിമുഖത്തിൽ ആന്റണി റൂസോ പറഞ്ഞു. മാർവൽ കോമിക്സ് പ്രസിദ്ധീകരിച്ച അമേരിക്കൻ കോമിക് പുസ്തകങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരു സൂപ്പർ വില്ലനാനാണ് ഡോക്ടർ ഡൂം. ഫന്റാസ്റ്റിക് ഫോര്‍ റൈസ് ഓഫ് ദ് സിൽവൽ സർഫര്‍ എന്ന സിനിമയിലും ഈ കഥാപാത്രം പ്രത്യക്ഷപ്പെട്ടിരന്നു. ജൂലിയൻ മക്മാന്‍ ആണ് അന്ന് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.
2008 മെയ് 2-നായിരുന്നു മാർവെൽ സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ചിത്രമായ 'അയണ്‍മാന്‍' റിലീസ് ചെയ്തത്. ജോണ്‍ ഫേവ്‌റ്യു സംവിധാനം ചെയ്ത ചിത്രം സ്റ്റാന്‍ലിയുടെ ഐക്കണിക്ക് സൂപ്പര്‍ ഹീറോ ക്യാരക്ടറിന് റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ മുഖം നല്‍കി. അതിന് ശേഷം മാര്‍വല്‍ സിനിമാറ്റിക് യുണിവേഴ്‌സിലെ മൂന്ന് ഫേസുകളിലായി അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം വരെ അയണ്‍മാന്‍ പ്രേക്ഷകരുടെ പ്രിയകഥാപാത്രവുമായി. 2019 അവഞ്ചേഴ്‌സ് എൻഡ് ഗെയിമോടെയായിരുന്നു ടോണി സ്റ്റാർക്ക് എന്ന കഥാപാത്രം അവസാനിച്ചത്. കഥാപാത്രം ചിത്രത്തില്‍ മരിക്കുകയായിരുന്നു. അവഞ്ചേഴ്‌സില്‍ ഇതുവരെ സൂപ്പർ ഹീറോയായി എത്തിയ റോബർട്ട് ഡൗണി ജൂനിയർ ആദ്യമായി പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന് പ്രത്യേകതയും അവഞ്ചേഴ്‌സ്: ഡൂംസ്‍ഡേയ്ക്കുണ്ട്. സ്റ്റാൻ ലീയും ജാക്ക് കിർബിയും ചേർന്ന് തയാറാക്കിയ കഥാപാത്രമാണ് ഡോക്ടർ ഡൂം.