'മമ്മൂട്ടി ലെജന്ററി നടന്‍, അദ്ദേഹത്തോടൊപ്പം മത്സരിക്കാനുള്ള യോഗ്യതയുണ്ടോ എന്ന് പോലും അറിയില്ല': ദേശീയ പുരസ്‌കാരത്തിൽ ഋഷഭ് ഷെട്ടി

'മമ്മൂട്ടി ലെജന്ററി നടന്‍, അദ്ദേഹത്തോടൊപ്പം മത്സരിക്കാനുള്ള യോഗ്യതയുണ്ടോ എന്ന് പോലും അറിയില്ല': ദേശീയ പുരസ്‌കാരത്തിൽ  ഋഷഭ് ഷെട്ടി
Published on

മമ്മൂട്ടി ഒരു ലെജന്ററി നടനാണെന്ന് സംവിധായകനും നടനുമായ റിഷഭ് ഷെട്ടി. മികച്ച നടനുള്ള ദേശീയ പുരസ്‌കാര നേട്ടത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടന്‍. അദ്ദേഹത്തോടൊപ്പം മത്സരിക്കാനുള്ള യോഗ്യത തനിക്കുണ്ടോ എന്നറിയില്ല. സോഷ്യല്‍ മീഡിയയിലൂടെയാണ് അവാര്‍ഡിന് പരിഗണിക്കുന്നുണ്ടെന്ന് താന്‍ അറിഞ്ഞത്. അദ്ദേഹത്തിന്റെയൊക്കെ പേര് മത്സരത്തില്‍ ഉണ്ടായിരുന്നെങ്കില്‍ തനിക്ക് അവാര്‍ഡ് ലഭിച്ചത് തന്റെ ഭാഗ്യമാണെന്ന് ഋഷഭ് ഷെട്ടി പറഞ്ഞു. കാന്താര എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നടന് ദേശീയ പുരസ്‌കാരം ലഭിച്ചത്. ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചതും ഋഷഭ് ഷെട്ടി തന്നെയാണ്. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ചിത്രം കരസ്ഥമാക്കി. മികച്ച നടനുള്ള മത്സരത്തില്‍ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമ്മൂട്ടിയുടെ പേരും ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും മമ്മൂട്ടിയുടെ ചിത്രങ്ങളൊന്നും പുരസ്‌കാരത്തിനായി സമര്‍പ്പിക്കപ്പെട്ടിരുന്നില്ല.

ഋഷഭ് ഷെട്ടി പറഞ്ഞത്:

സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തെയും അവാര്‍ഡിന് പരിഗണിക്കുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞത്. വലിയ ഒരു ലെജന്ററി ആക്ടര്‍ ആണ് മമ്മൂട്ടി . അദ്ദേഹത്തോടൊപ്പം മത്സരിക്കാനുള്ള യോഗ്യത എനിക്കുണ്ടോ എന്നറിയില്ല. പ്രത്യേകമായി ഒരു സിനിമ മാത്രം പരിഗണിച്ചാണ് എനിക്ക് ഇപ്പോള്‍ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെയൊക്കെ പേര് മത്സരത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്ക് അവാര്‍ഡ് ലഭിച്ചത് എന്റെ ഭാഗ്യമാണ്.

ഇത്തവണത്തെ ദേശീയ പുരസ്‌കാരത്തില്‍ മികച്ച പ്രകടനമാണ് മലയാള സിനിമ കാഴ്ച വെച്ചത്. മികച്ച ചിത്രം, തിരക്കഥ, എഡിറ്റിങ്, ബാലതാരം തുടങ്ങി പത്തോളം അവാര്‍ഡുകളാണ് ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് ലഭിച്ചത്. 'ആട്ടം' എന്ന മലയാള ചിത്രം 3 അവാര്‍ഡുകള്‍ സ്വന്തമാക്കി. മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും എഡിറ്റിങ്ങിനുമുള്ള പുരസ്‌കാരമാണ് സിനിമയ്ക്ക് ലഭിച്ചത്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് അവാര്‍ഡ് സ്വന്തമാക്കിയ ചിത്രം കൂടിയാണ് 'ആട്ടം'. സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രം. ചിത്രത്തിലെ ഗാനത്തിന് ബോംബെ ജയശ്രീ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മലയാളി കൂടിയായ നിത്യ മേനന്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. തിരുച്ചിത്രാമ്പലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നടിയ്ക്ക് പുരസ്‌കാരം ലഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in