ബോ​ഗയ്ൻവില്ലയിലെ ജ്യോതിർമയി എങ്ങനെ നെപ്പോട്ടിസമാകും? ആരുടെയെങ്കിലും ഭാര്യയാകും മുമ്പ് അവർ ആരായിരുന്നുവെന്ന് മറക്കരുത്?; റിമയുടെ മറുപടി

ബോ​ഗയ്ൻവില്ലയിലെ ജ്യോതിർമയി എങ്ങനെ നെപ്പോട്ടിസമാകും? ആരുടെയെങ്കിലും ഭാര്യയാകും മുമ്പ് അവർ ആരായിരുന്നുവെന്ന് മറക്കരുത്?; റിമയുടെ മറുപടി
Published on

ബോ​ഗയ്ൻവില്ലയിലെ നടി ജ്യോതിർമയിയുടെ കാസ്റ്റിം​ഗ് നെപ്പോട്ടിസം ആണെന്ന് പരിഹസിച്ച വ്യക്തിക്ക് മറുപടിയുമായി നടി റിമ കല്ലിങ്കൽ. അമൽ നീരദ് സംവിധാനം ചെയ്യുന്ന ബോ​ഗയ്ൻവില്ല എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചു വരവു നടത്താൻ ഒരുങ്ങുകയാണ് നടി ജ്യോതിർമയി. ചിത്രത്തിന്റേതായി മുമ്പ് പുറത്തു വന്ന ​സ്തുതി എന്ന ​ഗാനം വലിയ ചർച്ചായായിരുന്നു. ​ഗാനത്തിലെ ജ്യോതിർമയിയുടെ സ്റ്റൈലും സ്വാ​ഗും ആറ്റിറ്റ്യൂഡുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സ്തുതി എന്ന ​ഗാനത്തിന്റെ പോസ്റ്റർ പങ്കുവച്ചു കൊണ്ട് റിമ കല്ലിങ്കൽ ജ്യോതിർമയിക്ക് അഭിനന്ദനവുമായി എത്തിയത്. പോസ്റ്റിന് താഴെ ജ്യോതിർമയിയെ പരിഹസിച്ച് കമന്റ് ചെയ്ത വ്യക്തിക്ക് റിമ കലിങ്കൽ മറുപടി നൽകിയിട്ടുണ്ട്.

ആഹാ... ആരാണ് ഇപ്പോൾ നെപ്പോട്ടിസത്തെ പിന്തുണയ്ക്കുന്നത്! എപ്പോഴത്തെയും പോലെ കാപട്യവും ഇരട്ടത്താപ്പും എന്നാണ് ശ്രീധർ ഹരി എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കമന്റിട്ടത്. ഇതിന് താഴെ ജ്യോതിർ‌മയിയെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തത് എങ്ങനെ നെപ്പോട്ടിസമാകും എന്ന ചോദിച്ചു കൊണ്ട് റിമയും കമന്റ് ചെയ്തോടെ വാദപ്രതിവാദം ആരംഭിച്ചു. റിമയുടെ ചോദ്യത്തിന് ബോ​ഗയ്ൻവില്ലയിടെ സംവിധയകന്റെ ഭാര്യയാണ് ജ്യോതിർമയി എന്നും, നെപ്പോട്ടിസത്തിന്റെ നിർവചനം എന്താണെന്ന് പരിശോധിച്ചു നോക്കാനും ഒപ്പം നീലവെളിച്ചം എന്ന ചിത്രത്തിന്റെ സംവിധായകനും അതിലെ നായികയും ആരാണെന്ന് പരിശോധിക്കൂവെന്നും കമന്റിട്ട വ്യക്തി മറുപടി നൽകി. ഇതോടെ നിരവധിപ്പേർ റിമയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് ബോക്സിൽ അഭിപ്രായം പ്രകടിപ്പിച്ചു. മറ്റൊരാളുടെ ഭാര്യയാകുന്നതിന് മുമ്പ് ജ്യോതിർമയി ആരായിരുന്നുവെന്ന് പരിശോധിക്കാൻ റിമയും ആവശ്യപ്പെട്ടു.

ബന്ധങ്ങളോ കുടുംബബന്ധങ്ങളോ ഇല്ലാതെയാണ് ജ്യോതിർമയി സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. അവരുടെ കഴിവ് കൊണ്ടും പരിശ്രമം കൊണ്ടുമാണ് അവർ ഒരു കരിയർ പടുത്തുയർത്തിയത്. അവർ ഒരു സംവിധായകനെ വിവാഹം കഴിച്ചു എന്നത് അവർ ഉണ്ടാക്കിയെടുത്ത കരിയറിനെയോ വിജയങ്ങളെയോ അത് റദ്ദ് ചെയ്യുന്നില്ല. കാരണം, അവർ സ്വന്തമായി അതു തെളിയിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്കു ശേഷം സ്വന്തം പങ്കാളിയുടെ പിന്തുണയോടെ ഇൻഡസ്ട്രിയിലേക്ക് തിരിച്ചെത്തുന്നത് നെപ്പോട്ടിസമല്ല. സ്വയം തെളിയിക്കാതെ ബന്ധങ്ങളെ പ്രയോജനപ്പെടുത്തുന്നതാണ് നെപ്പോട്ടിസം. ജ്യോതിർമയിയുടെ കാര്യത്തിൽ അവർ ഇൻഡസ്ട്രിയിൽ ബന്ധങ്ങളുണ്ടാക്കുന്നതിനു മുൻപ് സ്വന്തം ഇടം കണ്ടെത്തിയ വ്യക്തിയാണ്. അവരുടെ തിരിച്ചുവരവ് അവരുടെ പങ്കാളി സുഗമമാക്കുന്നുണ്ടെങ്കിൽ അതിനെ പിന്തുണയായി വേണം കണക്കാക്കാൻ ! കുടുംബബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള പക്ഷപാതമല്ല അത്. അതിനാൽ, നെപ്പോട്ടിസത്തിന്റെ നിർവചനത്തോട് ഇത് യോജിക്കുന്നില്ല. റിമയെ പിന്തുണച്ചു കൊണ്ട് ഒരു വ്യക്തി കമന്റ് ബോക്സിൽ മറുപടി നൽകി.

തുടർന്ന് നീലവെളിച്ചം എന്ന ചിത്രത്തിലെ റിമയുടെ കാസ്റ്റിം​ഗ് നെപ്പോട്ടിസമാണെന്നും ഭർത്താക്കന്മാരെ ഇമോഷണലി മാനിപ്പുലേറ്റ് ചെയ്താണോ ഇത്തരം കഥാപാത്രങ്ങൾ നേടിയെടുക്കുന്നത് തുടങ്ങി കമന്റ് ബോക്സിലെ ചർച്ചകൾ നീണ്ടു. നീലവെളിച്ചം എന്ന ചിത്രം പുറത്തു വന്നതിന് പിന്നാലെ ആഷിക് അബുവിന്റെ പങ്കാളിയായതുകൊണ്ടാണ് റിമയ്ക്ക് നായിക കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതെന്ന തരത്തിൽ നിരവധി ട്രോളുകൾ ഉയർന്നു വന്നിരുന്നു. നിർമാതാവും നടിയുമായ ഷീലു എബ്രാഹാമിനെയും റിമയെയും താരതമ്യം ചെയ്തു കൊണ്ടുള്ള പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമൽ നീദര് ചിത്രത്തിലൂടെയുള്ള ജ്യോതിർമയിയുടെ തിരിച്ചു വരവും സോഷ്യൽ മീഡിയ ചോദ്യം ചെയ്യുന്നത്.

ജ്യോതിർമയിക്കൊപ്പം കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ബോ​ഗയ്ൻവില്ല. ചിത്രം ഈ മാസം 17 ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in