'ഇത് ചരിത്രനിമിഷം, ഇനിയാണ് ഞങ്ങളുടെ ജോലി ആരംഭിക്കുന്നത്': ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിൽ രേവതിയുടെ പ്രതികരണം

'ഇത് ചരിത്രനിമിഷം, ഇനിയാണ് ഞങ്ങളുടെ ജോലി ആരംഭിക്കുന്നത്': ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിൽ രേവതിയുടെ പ്രതികരണം

Published on

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടത് ചരിത്ര നിമിഷമാണെന്ന് നടിയും സംവിധായകയുമായ രേവതി. 5 വർഷത്തെ കോടതി സ്റ്റേ ഉൾപ്പെടെയുള്ള തടസ്സങ്ങൾക്ക് ശേഷമാണ് 233 പേജുകളുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. തങ്ങളുടെ ജോലി ഇനിയാണ് ആരംഭിക്കുന്നതെന്നും കമ്മിറ്റി റിപ്പോർട്ട് വായിച്ച് മനസ്സിലാക്കി അത് നടപ്പിലാക്കാൻ ശ്രമിക്കുമെന്നും ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ രേവതി പറഞ്ഞു. ഈ റിപ്പോർട്ടിന്റെ അർഥം മനസ്സിലാക്കിയ എല്ലാവരോടും നന്ദിയുണ്ടെന്നും നടി കൂട്ടിച്ചേർത്തു. റിമ കല്ലിങ്കൽ, അഞ്ജലി മേനോൻ, ഗീതു മോഹൻദാസ്, ആശ ആച്ചി ജോസഫ്, സജിത മഠത്തിൽ, ദീദി ദാമോദരൻ, ബീന പോൾ എന്നിവരോടൊപ്പമുള്ള ഗൂഗിൾമീറ്റ് ചിത്രത്തിനൊപ്പമാണ് രേവതി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വൈകാരിക ചർച്ചകൾക്കും പോരാട്ടങ്ങൾക്കും ശേഷമുള്ള സത്യസന്ധമായ സന്തോഷം എന്നാണ് ഈ ചിത്രത്തെക്കുറിച്ച് കുറിപ്പിൽ പറയുന്നത്. WCC യെ വിശ്വസിച്ച് കൂടെ നിന്ന എല്ലാവരോടുമുള്ള സ്നേഹം അറിയിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

രേവതിയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ് ഇങ്ങനെ:

തീർച്ചയായും ഇതൊരു ചരിത്ര നിമിഷമാണ്. 5 വർഷ കാലയളവിന് ശേഷം, കോടതി സ്റ്റേ ഉൾപ്പെടെയുള്ള നിരവധി തടസ്സങ്ങളും WCC യുടെ അഭിഭാഷകരോടുള്ള ചർച്ചകളും കഴിഞ്ഞ് 233 പേജുകളുള്ള ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിരിക്കുകയാണ്. ഞങ്ങളുടെ ജോലി ഇനിയാണ് ആരംഭിക്കുന്നത്. റിപ്പോർട്ടിലെ വസ്തുതകളെ മനസ്സിലാക്കി അവ നടപ്പിലാക്കുന്നതിന് വേണ്ടി പ്രവർത്തിക്കും. ഈ റിപ്പോർട്ടിന്റെ അർഥം മനസ്സിലാക്കിയ എല്ലാവരോടും ഒരു wcc അംഗം എന്ന നിലയിൽ നന്ദിയുണ്ട്. സമൂഹത്തിൽ ഞങ്ങൾക്ക് ഐഡന്റിറ്റി നൽകിയ സിനിമാവ്യവസായത്തിലെ സുരക്ഷിതത്വത്തിനും ഉന്നതിക്കും വേണ്ടിയുള്ള പരിശ്രമം ഇനിയും തുടരണം എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. വർഷങ്ങൾ നീണ്ടു നിന്ന വൈകാരിക ചർച്ചകൾക്കും പോരാട്ടങ്ങൾക്കും ശേഷമുള്ള സന്തോഷമാണ് ഈ കുറിപ്പിനോടൊപ്പം കൂട്ടിച്ചേർത്തിട്ടുള്ള ചിത്രങ്ങളിലുള്ളത്. ഞങ്ങളെല്ലാവരും ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരു നിമിഷം ആയിരിക്കും ഇത്. ഏറെ ഉത്കണ്ഠയോടെ ഉറ്റുനോക്കിയ ഒരു ക്ലാസിക് നിമിഷം. ഞങ്ങളെയും wcc യെയും വിശ്വസിച്ച് കൂടെ നിന്ന എല്ലാവരോടും ഹൃദയത്തിൽ നിന്നുള്ള സ്നേഹം അറിയിക്കുന്നു.

logo
The Cue
www.thecue.in