ക്ലിന്റ് ഈസ്റ്റ്വുഡ് എന്ന പേര് ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്കിടയില്‍ ഒരു ബ്രാന്‍ഡാണ്. ആറര പതിറ്റാണ്ടോളം നീണ്ടുനില്‍ക്കുന്ന അദ്ദേഹത്തിന്റെ കരിയര്‍ പൂര്‍ണമായും സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. എന്നാല്‍ വാര്‍ണര്‍ ബ്രദേഴ്സിന് വേണ്ടിയൊരുക്കുന്ന പുതിയ ചിത്രത്തോടെ ക്ലിന്റ് ഈസ്റ്റ്വുഡ് തന്റെ കരിയര്‍ അവസാനിപ്പിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഡിസ്‌കസിംഗ് ഫിലിംസിന്റെ റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹം സംവിധാനം ചെയ്യുന്ന നാല്‍പ്പതാമത് ചിത്രമായ ജ്യൂറര്‍ ടു കരിയറിലെ അവസാനചിത്രമായിരിക്കും. ഇക്കാര്യത്തില്‍ പക്ഷേ ക്ലിന്റ് ഈസ്റ്റ് വുഡിന്റെ ഭാഗത്ത് നിന്നോ വാര്‍ണര്‍ ബ്രദേഴ്സിന്റെ ഭാഗത്തു നിന്നോ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
2008-ല്‍ പുറത്തിറങ്ങിയ ഗ്രാന്‍ ടൊറിനോ മുതല്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വാര്‍ണര്‍ ബ്രദേഴ്‌സിനായി മാത്രമാണ് ക്ലിന്റ് ഈസ്റ്റ്വുഡ് സിനിമകള്‍ ഒരുക്കിയിട്ടുള്ളത്. ഇതില്‍ ഇന്‍വിക്റ്റസ്, അമേരിക്കന്‍ സ്‌നൈപ്പര്‍, സള്ളി, റിച്ചാര്‍ഡ് ജുവല്‍ തുടങ്ങിയ സിനിമകള്‍ ഓസ്‌കാര്‍ നാമനിര്‍ദേശം നേടുകയും ചെയ്തു.
രണ്ട് തവണ മികച്ച നടനും സംവിധായകനുമായി നാമനിര്‍ദേശം ചെയ്യപ്പെട്ട രണ്ടുപേരില്‍ ഒരാളാണ് ഈസ്റ്റ്വുഡ്. നാല് തവണ ഓസ്‌കാര്‍ നേടിയ അദ്ദേഹത്തിന് മെയ്യില്‍ 93 വയസ്സ് തികയും. നാല് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍, മൂന്ന് സീസര്‍ അവാര്‍ഡുകള്‍, എഎഫ്‌ഐ ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് എന്നിവ ഈസ്റ്റ്വുഡിന്റെ അംഗീകാരങ്ങളില്‍ ഉള്‍പ്പെടുന്നു. 2021 സെപ്തംബറിലാണ് എച്ച്.ബി.ഒ മാക്‌സും വാര്‍ണര്‍ ബ്രദേഴ്സും ചേര്‍ന്ന് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ക്രൈ മാച്ചോ റിലീസ് ചെയ്തത്.