ലേലത്തിലെ ഉജ്വലമായ രംഗത്തിന് പിന്നിലെ കഥ പങ്കുവെച്ച് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍. അഞ്ചോ ആറോ പേജിലാണ് ആ രംഗം എഴുതിയിരുന്നത്. സീന്‍ എഴുതി നടന്‍ എം ജി സോമന് ഡയലോഗ് പഠിക്കാന്‍ കൊടുത്തപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ടു. ഇത്രയധികം ഡയലോഗുകള്‍ എങ്ങനെ പഠിക്കുമെന്ന് അദ്ദേഹം തന്നോട് ചോദിച്ചു. വഴക്കിട്ടെങ്കിലും പിന്നീട് അദ്ദേഹം ഡയലോഗ് പഠിച്ച് പറഞ്ഞു. റീടേക്കുകള്‍ വേണ്ടി വരാത്ത നടനായിരുന്നു സോമന്‍ എന്നും കഥാപാത്രത്തെ ഉള്‍ക്കൊണ്ടാണ് അദ്ദേഹം അഭിനയിക്കുന്നതെന്നും അമൃത ടിവിയുടെ 'ഓര്‍മ്മയില്‍ എന്നും' പരിപാടിയില്‍ രഞ്ജി പണിക്കര്‍ പറഞ്ഞു. എം ജി സോമന്‍ എന്ന അതുല്യ നടന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം ജി സോമന്‍ അഭിനയിച്ച അവസാന സിനിമ കൂടിയാണ് ലേലം.
രഞ്ജി പണിക്കര്‍ പറഞ്ഞത്:
സിനിമയില്‍ കാണുമ്പോള്‍ ഡയലോഗുകള്‍ക്ക് കാഠിന്യം തോന്നുമെങ്കിലും അതിനേക്കാള്‍ കട്ടിയാണ് എന്റെ തിരക്കഥയുടെ ഒരു ഭാഗം എന്ന് പറയുന്നത്. ലേലം സിനിമയില്‍ ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല എന്ന ഡയലോഗുള്ള സീന്‍ ഒരുപാട് എഴുതിയിട്ടുണ്ടായിരുന്നു. അന്‍പത് അറുപതു പേജുകളിലാണ് ആ ഭാഗം ഞാന്‍ എഴുതിയത്. ആ കഥാപാത്രത്തെ അവതരിപ്പിച്ച സോമന്‍ ചേട്ടന് രാവിലെ നാലഞ്ച് പേജുകള്‍ ഞാന്‍ എഴുതി കൊടുത്തിരുന്നു. എഴുത്ത് അവസാനമായി പൂര്‍ത്തിയാക്കുന്നത് ഷൂട്ടിങ്ങിന്റെ സമയത്താണ്. രാവിലെ മൂന്ന് നാല് പേജുള്ള സ്‌ക്രിപ്റ്റ് സോമേട്ടനെ കാണിച്ചപ്പോള്‍ അദ്ദേഹത്തിന് കുഴപ്പം ഒന്നുമില്ലായിരുന്നു. പിന്നീട് സമയം കഴിയും തോറും ഞാന്‍ വീണ്ടും അതിനൊപ്പം പേജുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ സോമേട്ടന് ദേഷ്യം വന്നു. 'എത്ര നേരമായി ഇത് പറഞ്ഞുകൊണ്ടിരിക്കുന്നു' എന്ന് പറഞ്ഞ് അദ്ദേഹം ദേഷ്യപ്പെട്ടു. 'ഇതിനുമാത്രം ഡയലോഗ് എങ്ങനെ പറയുമെന്ന്' ചോദിച്ച് സോമേട്ടന്‍ വഴക്കിട്ടു.
സോമേട്ടന്‍ അങ്ങനെയാണ്, രാവിലെ തന്നെ വഴക്കുണ്ടാക്കാന്‍ കാരണം നോക്കി ഇരിക്കും. സ്‌നേഹം ഉള്ളവരോടാണെങ്കില്‍ ഗംഭീരമായി വഴക്കുണ്ടാക്കും. എഴുതിയ ഡയലോഗുകള്‍ പറഞ്ഞേ പറ്റൂ എന്ന് ഞാന്‍ സോമേട്ടനോട് പറഞ്ഞു. ഇപ്പോള്‍ തന്നാല്‍ ഇതെങ്ങനെ കാണാതെ പഠിക്കാന്‍ കഴിയും എന്ന് അദ്ദേഹം ചോദിച്ചു. ഇതെല്ലാം പറയാന്‍ വേണ്ടിയാണ് എം ജി സോമനെ പോലെ ഒരു നടനെ കൊണ്ടുവന്നതെന്ന് ഞാന്‍ മറുപടിയും പറഞ്ഞു. അങ്ങനെയാണ് ആ ഡയലോഗ് അദ്ദേഹം പറഞ്ഞത്.
റീടേക്കുകള്‍ ഒന്നും വേണ്ടി വരാത്ത നടനായിരുന്നു സോമേട്ടന്‍. ഒന്നാമത്, നാടകത്തിന്റെ പരിശീലനം സിദ്ധിച്ച നടനാണ് അദ്ദേഹം. സ്റ്റേജില്‍ നിന്ന് വന്ന ഒരാള്‍ എന്ന നിലയില്‍ ഡയലോഗ് കാണാതെ പഠിച്ചു പറയുക അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടായിരുന്നില്ല. എത്ര ഡയലോഗ് കൊടുത്താലും ചീത്ത വിളിച്ചതിന് ശേഷം സോമേട്ടന്‍ അത് പഠിക്കുമായിരുന്നു. അത്രയധികം ഉള്‍ക്കൊണ്ടാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ആ സമയത്ത് ശാരീരികമായി അവശതകള്‍ ഉണ്ടായിരുന്നു എന്നത് ഒഴിച്ചാല്‍ അദ്ദേഹത്തിന് മറ്റ് തടസ്സങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.