വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം GOAT ന്റെ പ്രതിഫല കണക്കുകൾ പുറത്തുവന്നു. ചിത്രത്തിലെ നായകനായ വിജയ് തന്നെയാണ് ഏറ്റവും കൂടുതൽ തുക പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണ ചെലവ് 375 കോടി രൂപയായിരുന്നു. വിജയുടെ പ്രതിഫലം ഏകദേശം 200 കോടി ആയിരുന്നുവെന്ന് നിർമ്മാതാവ് തന്നെയാണ് ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്. പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹൻ, അജ്മൽ അമീർ, യോഗി ബാബു, വിടിവി ഗണേഷ്, തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഇവർ ചിത്രത്തിനുവേണ്ടി വാങ്ങിയ തുകയുടെ കണക്കും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
പ്രഭുദേവ ചിത്രത്തിന് വേണ്ടി 2 കോടി രൂപയാണ് പ്രതിഫലം വാങ്ങി എന്നാണ് റിപ്പോർട്ട്. പ്രശാന്ത് 75 ലക്ഷവും ജയറാം 50 ലക്ഷവും പ്രതിഫലം വാങ്ങിയിട്ടുണ്ട്. നടി സ്നേഹ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി 30 ലക്ഷം രൂപ പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ സംവിധായകൻ വെങ്കട്ട് പ്രഭു 10 കോടി രൂപ പ്രതിഫലം വാങ്ങിച്ചുവെന്നും വാർത്തയുണ്ട് . കഴിഞ്ഞ ദിവസം തിയറ്ററിലെത്തിയ ചിത്രം ആദ്യ ദിനം തന്നെ 55 കോടി രൂപ കളക്ട് ചെയ്ത് മികച്ച പ്രകടനമാണ് തിയറ്ററിൽ കാഴ്ച വെച്ചുണ്ടിരിക്കുന്നത്.
GOAT ന്റെ പ്രീ സെയിൽ കണക്കുകളും ചിത്രത്തിന് നൽകിയിരുന്നത് വലിയ പ്രതീക്ഷയാണ്. ചിത്രത്തിന്റെ മൊത്തം പ്രീ സെയില്‍ വരുമാനമായി കണക്കാക്കുന്നത് 10.52കോടിക്കും മുകളിലാണ്. ഈ വര്‍ഷം ഒരു തമിഴ് സിനിമക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രീ സെയില്‍ കണക്കാണിത്. ഇന്ത്യന്‍ 2ന്റെ നിലവിലെ റെക്കോര്‍ഡുകളെല്ലാം മറി കടന്നായിരുന്നു ഗോട്ടിന്റെ കുതിപ്പ്. നേരത്തെ അജിത്തിനെ നായകനാക്കി 'മങ്കാത്ത' എന്ന ഹിറ്റ് ചിത്രത്തിലൂടെ കഴിവ് തെളിയിച്ച സംവിധായകനാണ് വെങ്കട്ട് പ്രഭു. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. ആക്ഷൻ മൂഡിലെത്തുന്ന ചിത്രത്തിൽ മീനാക്ഷി ചൗധരിയാണ് നായിക. ചിത്രത്തിൽ അച്ഛനും മകനുമായാണ് വിജയ് എത്തുന്നത്. എ.ജി.എസ് എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ അര്‍ച്ചന കല്‍പ്പാത്തി, കല്‍പ്പാത്തി എസ് അഘോരം, കല്‍പ്പാത്തി എസ് ഗണേഷ് , കല്‍പ്പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എ.ജി.എസ് എന്റർടൈൻമെന്റ് നിര്‍മിക്കുന്ന ഇരുപത്തിയഞ്ചാമത് ചിത്രം കൂടിയാണ് 'ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം'.