ബലാത്സംഗക്കേസിൽ അറസ്റ്റിലായ നൃത്തസംവിധായകൻ ഷെയ്ക് ജാനി ബാഷ എന്ന ജാനി മാസ്റ്റർക്ക് ദേശീയ പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കാൻ ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. ഹൈദരാബാദിലെ രംഗറെഡ്ഡി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒക്‌ടോബർ 6 മുതൽ 10 വരെയാണ് ജാനി മാസ്റ്റർക്ക് ജാമ്യം അനുവദിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ പത്തിന് പത്ത് മണിക്ക് തിരിച്ച് ഹാജരാകണമെന്നും രണ്ട് ലക്ഷം രൂപ വീതമുള്ള രണ്ട് ആൾ ജാമ്യങ്ങൾ ഹാജരാക്കണമെന്നും ജാനി മാസ്റ്ററോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം ജാമ്യത്തിലിരിക്കേ മാധ്യമങ്ങൾക്ക് അഭിമുഖം നൽകരുതെന്നും മറ്റൊരു ഇടക്കാല ജാമ്യാപേക്ഷ സമർപ്പിക്കരുതെന്നും കോടതിയിൽ നിന്ന് നിർദേശമുണ്ട്.
പ്രായപൂർത്തിയാവാത്ത തന്റെ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സെപ്തംബർ 19 നാണ് ജാനി മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തത്. സെക്ഷൻ 376 (2) (ലൈംഗിക അതിക്രമത്തിനുള്ള ശിക്ഷ), 506 ( ഭീഷണിപ്പെടുത്തൽ) കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323 ( സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനുള്ള ശിക്ഷ ), പോക്‌സോ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. 2019 മുതൽ പെൺകുട്ടി ഇയാളുടെ സഹായിയായി പ്രവർത്തിച്ചു വരികയായിരുന്നു. എന്നാൽ ഔട്ട്‌ഡോർ ഷൂട്ടിങ്ങിനിടെ ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നും ഒന്നിലേറെ തവണ ഇത് തുടർന്നുവെന്നുമാണ് റായ്ദുർഗം പോലീസിന് പെൺകുട്ടി മൊഴി നൽകിയത്. ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിലെ ഷൂട്ടിങ്ങിനിടെ ജാനി തന്നെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞു. നർസിംഗിലെ തൻ്റെ വസതിയിൽ വെച്ച് തന്നെ പലതവണ ഉപദ്രവിച്ചതായും മൊഴിയിലുണ്ട്.
ധനുഷ്, നിത്യ മേനോൻ, രാഷി ഖന്ന, തുടങ്ങിയവർ അഭിനയിച്ച തമിഴ് ചിത്രമായ തിരുച്ചിത്രാമ്പലത്തിലെ 'മേഘം കറുക്കാതാ' എന്ന ഗാനത്തിൻ്റെ നൃത്തസംവിധനത്തിനാണ് ജാനി മാസ്റ്റർ ഇത്തവണത്തെ ദേശീയ അവാർഡ് നേടിയത്. ബോളിവുഡിലേയും തെന്നിന്ത്യയിലേയും മുൻനിര കൊറിയോഗ്രാഫർമാരിൽ ഒരാളാണ് ജാനി മാസ്റ്റർ. നേരത്തെയും ജാനി മാസ്റ്ററിന് എതിരെ പോലീസിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ വർഷം ജൂണിൽ ജാനി മാസ്റ്റർ തന്നെ ഉപദ്രവിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതായി നർത്തകനായ സതീഷ് പോലീസിൽ പരാതിപ്പെട്ടിരുന്നു. പിന്നാലെ ആരോപണം നിഷേധിച്ച് ജാനി മാസ്റ്റർ തന്നെ രംഗത്തെത്തിയിരുന്നു. അതേസമയം 2019 ൽ ഹൈദരാബാദിലെ ഒരു പ്രാദേശിക കോടതി ജാനി മാസ്റ്ററിനെ ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2015 നടന്ന ഒരു കോളേജിലെ അടിപിടി കേസുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
സല്‍മാന്‍ ഖാന്‍ നായകനായ കിസീ കാ ഭായ് കിസീ കീ ജാന്‍, ജെയ്ലറിലെ 'കാവാല', മാരി 2 വിലെ 'റൗഡി ബേബി', സ്ത്രീ 2 ലെ 'ആയ് നായ്' തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നൃത്തസംവിധായകനാണ് ജാനി മാസ്റ്റർ. വിജയ്, രാം ചരണ്‍, ധനുഷ് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളില്‍ മിക്കവര്‍ക്കുമൊപ്പം ഇയാൾ പ്രവര്‍ത്തിച്ചിട്ടുണ്ട്.