‘നിനക്ക് നായകനാകാന്‍ സമയമായി, തിരക്കഥ റെഡി’; അജു വര്‍ഗീസിന്റെ നായകവേഷത്തെക്കുറിച്ച് രഞ്ജിത് ശങ്കര്‍
അജു വര്‍ഗീസിനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കമല’. തില്ലര്‍ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം 36 മണിക്കൂറില്‍ നടക്കുന്ന ഒരു കഥയാണ് പറയുന്നത്.ആദ്യ ചിത്രങ്ങളായ പാസഞ്ചറിനും അര്‍ജുനന്‍ സാക്ഷിക്കും ശേഷം ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് രഞ്ജിത് ശങ്കര്‍ ഒരു ത്രില്ലര്‍ ചിത്രമൊരുക്കുന്നത്.
ചിത്രം അജുവിന് വേണ്ടി എഴുതിയ ഒന്നല്ല എന്ന് രഞ്ജിത് ശങ്കര്‍ പറഞ്ഞു. തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞ് കുറെ പേരെ കേന്ദ്ര കഥാപാത്രമായി ആലോചിച്ചു, പക്ഷേ ആരെയും നേരിട്ട് സമീപിക്കുന്നതിന് മുന്‍പ് തന്നെ വര്‍ക്ക് ആവില്ലെന്ന് തോന്നി, പിന്നെ പെട്ടെന്ന് ഒരു ദിവസം യാദൃശ്ചികമായി അജുവിനെ കുറിച്ച് ഓര്‍മ വരുകയായിരുന്നുവെന്നും അദ്ദേഹം ദ ക്യൂവിനോട് പറഞ്ഞു.
നമ്മുടെ ഏറ്റവും അടുത്ത ആളെ നമ്മള്‍ ആലോചിക്കില്ല എന്നു പറയുന്നത് പോലെയാണ് അജുവിന്റെ കാര്യം, എന്റെ ഭൂരിഭാഗം സിനിമകളിലും അഭിനയിച്ചിട്ടുള്ള ആളാണ്, നല്ല സുഹൃത്താണ് അജുവിന്റെ കഴിവും കുറവും എനിക്കറിയാം, എന്റെ അജുവിനും അറിയാം. പക്ഷേ ആദ്യം ആലോചിച്ചില്ല എന്നു മാത്രം. നിനക്ക് ഹീറോ ആകാന്‍ സമയമായി, സ്‌ക്രിപ്റ്റ് റെഡി ആയിട്ടുണ്ട് എന്ന ഒരു മെസേജിലൂടെയാണ് അജുവിനോട് കാര്യം പറഞ്ഞത്. അപ്പോള്‍ തന്നെ അജു വിളിച്ചു കാര്യങ്ങള്‍ എല്ലാം സംസാരിച്ചു.
രഞ്ജിത് ശങ്കര്‍
ചിത്രത്തിലെ കഥാപാത്രം ചിലപ്പോള്‍ ഒരു ഹീറോ ഇമേജുള്ള ഒരാള്‍ ചെയ്താല്‍ വര്‍ക്കാവില്ലെന്ന് രഞ്ജിത് ശങ്കര്‍ പറഞ്ഞു. ആരും ശരിയാകാതെ മാറ്റി വയ്ക്കുന്ന സ്ഥിതിയിലെത്തിയിരുന്നു, പക്ഷേ ഈ സിനിമ ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ ചെയ്യാന്‍ പറ്റില്ലെന്ന് തോന്നിയിരുന്നു. അജുവിനെ ആലോചിച്ചതോടെ എല്ലാം ശരിയായി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ചു കാലമായി സ്ഥിരമായി സ്ഥിരമായിട്ട് ഒരു ആക്ടറിനെ വച്ച് ഒരു കഥ ആലോചിക്കുന്ന ഒരു രീതിയാണ് തനിക്ക് ഉണ്ടായിരുന്നതെന്നും രഞ്ജിത് ശങ്കര്‍ പറഞ്ഞു, സിനിമയില്‍ വരുന്നതിന് മുന്‍പ് ആരാണ് അഭിനയ്ക്കുന്നതെന്നൊക്കെ നോക്കാതെ ഒരുപാട് എഴുതിയിരുന്നു. പ്രേതം ടു കഴിഞ്ഞപ്പോള്‍ അത്തരമൊരു രീതിയിലേക്ക് തിരിച്ചു പോകാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ വന്നിട്ട് 10 വര്‍ഷമായി, എന്നെ സംബന്ധിച്ച് അത് വലിയൊരു കാലയളവാണ്, ഒരു സിനിമ ചെയ്യുമെന്ന് വിചാരിച്ചിരുന്നതാണ്. ഇത്രയും കാലം ഒരിക്കലും പ്രതീക്ഷിക്കാതിരുന്നതാണ്. വീണ്ടും പഴയ രീതിയിലേക്ക് പോയി കുറച്ച് സ്‌ക്രിപ്റ്റ് എഴുതാന്‍ ശ്രമിച്ചു. താരങ്ങളെയും ആരും അഭിനയിക്കുമെന്നൊക്കെ നോക്കാതെ ആയിരുന്നു അതെല്ലാം, അതില്‍ മൂന്നെണ്ണം ഇഷ്ടപ്പെട്ടു, അത് മൂന്നും ചെയ്യുന്നുണ്ട്, അതില്‍ ആദ്യത്തെ സ്‌ക്രിപ്റ്റാണ് ഇത്,
രഞ്ജിത് ശങ്കര്‍
ഓഗസ്റ്റ് അവസാനത്തോടെ ചിത്രത്തിന്റ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത് . മറ്റ് താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഈ മാസം തന്നെ പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പ്രേതം 2 ആണ് രഞ്ജിത് ശങ്കര്‍ ഏറ്റവും ഒടുവിലായി സംവിധാനം ചെയ്തത്. ജയസൂര്യ അജു വര്‍ഗീസ് സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.